"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 11, ഞായറാഴ്‌ച

ബന്ധുത്വം സ്ഥാപിക്കുന്നതിന് മതംമാറ്റം ആവശ്യമായത് എന്തുകൊണ്ട്? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 349, 350)

സമുദായവും സമൂഹവും തമ്മിലും ബന്ധുത്വവും പൗരത്വവും തമ്മിലും വ്യത്യാസമുണ്ടെന്ന കാര്യം മറക്കാതിരുന്നാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരം സ്വയം വെളിവാകും. 

സമൂഹത്തില്‍ പൗരത്വം ആര്‍ജിക്കുന്ന മാര്‍ഗങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമാണ് സമുദായത്തില്‍ ബന്ധുത്വം ആര്‍ജിക്കുന്ന മാര്‍ഗങ്ങള്‍. സ്വാഭാവികമാക്കല്‍ എന്നുപറയുന്നതിലൂടെയാണ് പൗരത്വം നേടിയെടുക്കുന്നത്. പൗരത്വത്തിനുള്ള മുന്‍ഉപാധി ഭരണകൂടത്തോടുള്ള രാഷ്ട്രീയമായ കൂറ് അംഗീകരിക്കലാണ്. ബന്ധുത്വം ആര്‍ജിക്കുന്നതിനുള്ള മുന്‍ഉപാധികള്‍ തികച്ചും വ്യത്യസ്തങ്ങളാണ്. മനുഷ്യപരിണാമത്തെലെ ഒരു ഘട്ടത്തില്‍, രക്തൈക്യമായിരുന്നു ബന്ധുജനത്തിലേക്ക് കൈക്കൊള്ളുന്നതിനുള്ള മുന്‍ഉപാധി. കാരണം ബന്ധുജനമെന്നത് ഒരു പിതാമഹനില്‍നിന്ന് വന്നവരെന്നും അവരുടെ ഞരമ്പുകളില്‍ ഒരേ രക്തമാണ് ഓടുന്നതെന്നും സങ്കല്പിക്കപ്പെടുന്ന ആളുകളുടെ കൂട്ടായ്മയായിരുന്നു. ഓരോ ഗ്രൂപ്പും യഥാര്‍ത്ഥത്തില്‍ ഏക പിതാമഹനില്‍നിന്ന് വന്നവരായിരിക്കണമെന്നത് കാര്യമാക്കിയിരുന്നില്ല. വാസ്തവത്തില്‍ ഒരു ഗ്രൂപ്പ് അന്യനായ ഒരാളെ, അയാള്‍ ഒരേ പിതാമഹനില്‍ നിന്ന് വന്നവനല്ലെങ്കില്‍ക്കൂടി, തങ്ങളുടെ ബന്ധുജനത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഗ്രൂപ്പിലെ ഏതെങ്കിലും ഒരാളുമായി അന്യനായ ഒരാള്‍ മിശ്രവിവാഹം ചെയ്തിട്ടുണ്ടെങ്കില്‍, ഏഴ് തലമുറകള്‍ക്ക് ശേഷം അയാള്‍ ബന്ധുജനത്തില്‍ ഒരാളായി കണക്കാക്കപ്പെടുമെന്നൊരു നിയമം നിലവിലുണ്ടായിരുന്നു. ഇതൊരു സങ്കല്പമാണെങ്കില്‍ക്കൂടി ബന്ധുജനത്തിലേക്കു പ്രവേശനം ലഭിക്കുന്നതിന് രക്തൈക്യം ഒരു മുന്‍ ഉപാധിയായിരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.