"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 10, ശനിയാഴ്‌ച

അംഗസംഖ്യക്കുവേണ്ടിയുള്ള സമരത്തില്‍ മുസ്ലീങ്ങള്‍ അസ്പൃശ്യരെ സഹായിക്കാതിരുന്നതെന്തുകൊണ്ട്? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 142, 143)

സ്പൃശ്യരും അസ്പൃശ്യരും തമ്മിലുള്ള ഈ സംഘട്ടനത്തില്‍, മുഹമ്മദീയരില്‍ നിന്ന് അസ്പൃശ്യര്‍ക്ക് യാതൊരുവിധ പിന്തുണയും ലഭിക്കുകയുണ്ടായില്ല. പഞ്ചാബില്‍ അസ്പൃശ്യരായി കണക്കാക്കപ്പെടുന്ന നിരവധി സമുദായങ്ങളുണ്ടെന്ന പഞ്ചാബ് പ്രവിശ്യാ ഫ്രാഞ്ചൈസ് കമ്മിറ്റിയിലെ അസ്പൃശ്യ പ്രതിനിധിയുടെ അവകാശവാദത്തെ, കമ്മിറ്റിയിലെ ഒരു മുസ്ലീം പ്രതിനിധി മാത്രം പിന്തുണച്ചുള്ളൂ എന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്. മറ്റു മുസ്ലീം പ്രതിനിധികള്‍ ഇതിനോട് യോജിച്ചില്ല. ബംഗാള്‍ പ്രൊവീന്‍ഷ്യല്‍ ഫ്രാഞ്ചൈസ് കമ്മിറ്റിയിലെ ഹിന്ദു - മുസ്ലീം അംഗങ്ങള്‍ ഇതേക്കുറിച്ച് യാതൊരഭിപ്രായവും പ്രകടിപ്പിക്കേണ്ടതില്ലെന്ന് ധാരണയിലെത്തി. മുഹമ്മദീയരും ഇതേക്കുറിച്ച് മൗനം ദീക്ഷിച്ചത് വിചിത്രമാണ്. അസ്പൃശ്യരെ ഒരു പ്രത്യേക രാഷ്ട്രീയ സമുദായമായി കണക്കാക്കുക എന്നത് മുസ്ലീങ്ങളുടെ താത്പര്യമായിരുന്നു. അവരുടെ ഗുണത്തിനുവേണ്ടിയാണ് സ്പൃശ്യരേയും 



അസ്പൃശ്യരേയും തമ്മില്‍ വേര്‍തിരിച്ചത്. അംഗസംഖ്യക്കുവേണ്ടിയുള്ള ഈ സമരത്തില്‍ എന്തുകൊണ്ട് അവര്‍ അസ്പൃശ്യരെ സഹായിച്ചില്ല. മുസ്ലീങ്ങള്‍ ഇത്തരം ഒരു മനോഭാവം കാണിക്കാന്‍ രണ്ടുകാരണങ്ങളുണ്ട്. മുസ്ലീങ്ങള്‍ തങ്ങളുടെ ജനസംഖ്യാനുപാതത്തിലും കൂടുതല്‍ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് ഒരു ശൈലിയായി മാറിയ 'വെയിറ്റേജേ' എന്നാണ് ഇത് അറിയപ്പെടുന്നത്. തങ്ങള്‍ ആവശ്യപ്പെട്ട വെയിറ്റേജ് അനുവദിക്കപ്പെടുകയാണെങ്കില്‍ അതുമൂലമുണ്ടാക്കുന്ന നഷ്ടം ഹിന്ദുക്കള്‍ക്കായിരിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഈ നഷ്ടം ഹിന്ദുക്കളില്‍ ഏതുവിഭാഗം സഹിക്കണം എന്നതായിരുന്നു പ്രശ്‌നം. തങ്ങള്‍ക്ക് നഷ്ടമുണ്ടാകാത്ത വിധത്തില്‍ വെയിറ്റേജ് അനുവദിക്കുകയാണെങ്കില്‍ സ്പൃശ്യഹിന്ദുക്കള്‍ക്ക് അത് പ്രശ്‌നമാകുകയില്ല. ഇതെങ്ങനെ പരിഹരിക്കാമെന്നതായിരുന്നു പ്രശ്‌നം. അസ്പൃശ്യരുടെ പങ്കില്‍ നിന്ന് അത് കുറക്കുകയായിരുന്നു ഒരേയൊരു മാര്‍ഗം. പങ്ക് കുറക്കണമെങ്കില്‍ ജനസംഖ്യ കുറച്ചുകാണിക്കണം. അംഗസംഖ്യക്കുവേണ്ടിയുള്ള സമരത്തില്‍ അസ്പൃശ്യരെ മുസ്ലീങ്ങല്‍ സഹായിക്കാതിരുന്നതിന് ഒരു കാരണം ഇതായിരുന്നു. മുസ്ലീങ്ങള്‍ അസ്പൃശ്യരെ സഹായിക്കാതിരുന്നതിന്റെ രണ്ടാമത്തെ കാരണം ഹിന്ദുക്കള്‍ മുസ്ലീങ്ങളെ തുറന്നുകാണിക്കുമെന്ന ഭയമായിരുന്നു. മനുഷ്യന്റെ വര്‍ണത്തിനും വംശത്തിനും അതീതമായി വിവിധ ജനവിഭാഗങ്ങളെ ഒരുമിപ്പിച്ച് സൗഭ്രാത്രത്തോടെ വീക്ഷിക്കുന്ന മതമാണ് ഇസ്ലാം മതമെങ്കിലും, ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കിടയിലുള്ള ജാതിചിന്ത ഉന്മൂലനം ചെയ്യുന്നതില്‍ ഇസ്ലാംമതം വിജയിച്ചില്ല. ഹിന്ദുക്കള്‍ക്കിടയിലുള്ള രൂക്ഷമായ ജാതിചിന്ത മുസ്ലീങ്ങള്‍ക്കില്ല. എങ്കിലും അവര്‍ക്കിടയില്‍ ജാതിചിന്ത നിലനില്ക്കുന്നു എന്നത് ഒരു വസ്തുതയാണ്. മുസ്ലീങ്ങളിലെ ഈ ജാതിചിന്ത സാമൂഹികമായ ഉച്ചനീചത്വത്തിന് വഴിവെക്കുന്നു. ഇന്ത്യയിലെ മുസ്ലീം സമുദായത്തിന്റെ ഒരു സവിശേഷത സാമൂഹികമായ ഈ തരംതിരിവാണെന്ന് ഇതുസംബന്ധിച്ച് പഠനം നടത്താന്‍ കഴിഞ്ഞവര്‍ എല്ലാം സമ്മതിക്കുന്നു.