"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 12, തിങ്കളാഴ്‌ച

'അസ്പൃശ്യന്‍' എന്നത് മോശമായ ഒരു വാക്കാണ്...!!!! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 353)

'അസ്പൃശ്യന്‍' എന്നത് മോശമായ ഒരു വാക്കാണ്. അത് വെറുപ്പുളവാക്കുന്നു. ദുര്‍ഗന്ധം വമിപ്പിക്കുന്നു. അസ്പൃശ്യരോടുള്ള ഹിന്ദുക്കളുടെ സാമൂഹിക മനോഭാവം നിശ്ചയിക്കുന്നത് അസ്പൃശ്യര്‍ എന്ന ഈ പേരാണ്. അസ്പൃശ്യരോട് നിശ്ചിതമായ ഒരു മനോഭാവമുണ്ട്. അസ്പൃശ്യന്‍ എന്ന പേരില്‍ അന്തസ്ഥിതമായ നിന്ദയാല്‍ നിര്‍ണയിക്കപ്പെട്ടതാണ്. അസ്പൃശ്യന്‍ എത്രകണ്ട് പ്രശംസാര്‍ഹനാ യിരുന്നാലും അവന്റെ വ്യക്തിപരമായ മികവുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആരും മിനക്കെടാറില്ല. എല്ലാ അസ്പൃശ്യരും ഇക്കാര്യം മനസ്സിലാക്കുന്നുണ്ട്. അസ്പൃശ്യന്‍ എന്നതിനു പകരം മറ്റേതെങ്കിലും ഒരു പേര് കണ്ടുപിടിക്കാനുള്ള ശ്രമം അവര്‍ക്കിടയില്‍ നടക്കുന്നുണ്ട്. ചമാറുകള്‍ സ്വയം രവിദാസര്‍ അഥവാ ജാതവര്‍ എന്നു വിളിക്കുന്നു. ശില്‍പ്പകാരര്‍ എന്നാണ് ഡോമുകള്‍ സ്വയം വിളിക്കുന്നത്. പറയര്‍ ആദിദ്രാവിഡരെന്നും മഡിഗര്‍ അരുന്ധതിയാര്‍ എന്നും മഹിറുകള്‍ ചൊക്കമേളര്‍ അല്ലെങ്കില്‍ സോമവംശി എന്നും സ്വയം വിളിക്കുന്നു. ഭംഗികള്‍ക്ക് വാല്മീകികള്‍ എന്നു വിളിക്കാനാണിഷ്ടം. ഇവരെല്ലാംതന്നെ തങ്ങളുടെ പ്രദേശത്തിന് പുറത്താണെങ്കില്‍ സ്വയം ക്രിസ്ത്യാനികളെന്ന് വിളിക്കും.

തങ്ങള്‍ സ്വയം അസ്പൃശ്യര്‍ എന്നു വിളിച്ചാല്‍, ഹിന്ദുക്കള്‍ തങ്ങളോട് ഉടന്‍ തന്നെ സങ്കേതം വിട്ടുപോകാന്‍ ആവശ്യപ്പെടുമെന്നും, അവരുടെ കോപത്തിനും ജാതിക്കുറുമ്പിനും തങ്ങള്‍ വിധേയമാകുമെന്നും അസ്പൃശ്യര്‍ക്കറിയാം. അതുകൊണ്ടാണ് അവര്‍ മറ്റുപേരുകളില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്. ഈ പേരുകള്‍ സുരക്ഷിത നിറംമാറ്റല്‍ പ്രക്രിയയോട് സാദൃശ്യപ്പെടുത്താവുന്നതാണ്.