"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 9, വെള്ളിയാഴ്‌ച

മതംമാറ്റംകൊണ്ട് അസ്പൃശ്യര്‍ സാമ്പത്തിക നേട്ടമല്ല ഉദ്ദേശിക്കുന്നത്...!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 345)

തങ്ങളുടെ മതം മാറിയതുകൊണ്ട് ഭൗതികമായി അസ്പൃശ്യര്‍ക്ക് എന്തു നേട്ടമാണുണ്ടാവുക? എന്നാല്‍ ഈ ചോദ്യം അത്രക്ക് ഉഗ്രമൊന്നുമല്ല. അതിന് ഉത്തരം നല്കാന്‍ എളുപ്പമാണ്. സാമ്പത്തിക നേട്ടത്തിനുവേണ്ടിയുള്ള ഒരവസരമായിട്ട് മതപരിവര്‍ത്തനത്തെ പ്രയോജനപ്പെടുത്തുകയല്ല അസ്പൃശ്യരുടെ ഉദ്ദേശം. മതപരിവര്‍ത്തനംകൊണ്ട് അസ്പൃശ്യര്‍ സമ്പത്തുണ്ടാക്കുന്നില്ല എന്നത് സത്യമാണ്. എന്നിരുന്നാലും അതൊരു നഷ്ടമല്ല. എന്തുകൊണ്ടെന്നാല്‍, അവര്‍ ഹിന്ദുക്കളായി തുടരുന്നിടത്തോളം കാലം പാവപ്പെട്ടവരായിരിക്കാന്‍ വിധിക്കപ്പെട്ടവരാണ്. രാഷ്ട്രീയമായി അവര്‍ക്ക് നഷ്ടമുണ്ടാകുന്നുണ്ട്. അവര്‍ക്ക് നല്കിയിട്ടുള്ള രാഷ്ട്രീയമായ അവകാശങ്ങള്‍ നഷ്ടപ്പെടും. ഇത് യഥാര്‍ത്ഥത്തില്‍ ഒരു നഷ്ടമല്ല. മതപരിവര്‍ത്തനത്തിലൂടെ അവര്‍ ചെന്നെത്തുന്ന സമുദായത്തിന് നീക്കിവെച്ചിട്ടുള്ള രാഷ്ട്രീയാവകാശങ്ങളുടെ ഗുണഫലങ്ങള്‍ക്ക് അവരും അര്‍ഹരായിരിക്കും. രാഷ്ട്രീയമായി ലാഭമോ നഷ്ടമോ ഉണ്ടാകുന്നില്ല. എന്നാല്‍ സാമൂഹികമായി അവര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. മതംമാറ്റംകൊണ്ട് അസ്പൃശ്യര്‍, ജീവിതമൂല്യങ്ങള്‍ സാര്‍വത്രികമാക്ക പ്പെട്ടതും സമത്വവത്കരിക്കപ്പെട്ടതുമായ ഒരു സമുദായത്തിലെ അംഗങ്ങളായി മാറുകയാണ്. ഹിന്ദുക്കളുടെ കൂട്ടത്തില്‍ നില്ക്കുമ്പോള്‍ അത്തരം ഒരനുഗ്രഹം അസ്പൃശ്യര്‍ക്ക് ചിന്തിക്കാനേ കഴിയുകയില്ല.