"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 21, ബുധനാഴ്‌ച

കളര്‍ ഓഫ് ഡാര്‍ക്ക്‌നെസ്; സംവിധായകനായ പ്രവാസി ദലിതന്റെ സിനിമയും ബലിക്കല്ലില്‍...!?


ആസ്‌ത്രേലിയയില്‍ പ്രവാസജീവിതം നയിക്കുന്ന ഗിരീഷ്‌കുമാര്‍ മക്വാനയുടെ ആദ്യസിനിമയായ 'കളര്‍ ഓഫ് ഡാര്‍ക്ക്‌നെസ്' ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ്. ഇന്ത്യ - ആസ്ര്‌തേലിയ സംയുക്തസംരംഭമായ ഈ ബഹുഭാഷാ സിനിമ, 2010 ല്‍ മെല്‍ബ ണില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ വംശീയാക്രമ ണങ്ങളിലേക്ക് പ്രേക്ഷകശ്രദ്ധ ക്ഷണിക്കുന്നു. അതോടൊപ്പം ചേര്‍ന്ന് ഇന്ത്യയില്‍ ദലിതര്‍ക്കു നേരെ നടക്കുന്ന അതിക്രമണങ്ങളില്‍ ഒരു താരതമ്യ നിരീക്ഷണം നടത്തുന്നതിനും കളര്‍ ഓഫ് ഡാര്‍ക്ക്‌നെസ് വഴിയൊരുക്കുന്നു. ഇരുരാജ്യങ്ങളിലേയും പൗരന്മാര്‍ക്കിടയില്‍ വംശീയതക്കെതിരായ പൊതുവികാരം ഉണര്‍ത്തുന്നതിനായാണ് തന്റെ ഈ സംരംഭം ഉന്നം വെക്കുന്നതെന്ന് ജി കെ മക്വാന അറിയിപ്പ് നല്കുന്നു.

1917 മെയ് 19 ന് ആസ്‌ത്രേലിയയില്‍ സിനിമയുടെ ആദ്യപ്രദര്‍ശനം നടന്നു. മെയ് 25 നായിരുന്നു ഇന്ത്യയിലെ പ്രദര്‍ശനം നിശ്ചയിച്ചി രുന്നത്. സിനിമയിലെ ഗുജറാത്തി ഭാഷയിലുള്ള സംഭാഷണത്തിന് ഇംഗ്ലീഷില്‍ കൊടുത്തിട്ടുള്ള സബ്‌ടൈറ്റിലുകളുമായി അര്‍ത്ഥവ്യ ത്യാസമുണ്ടെന്നാണ് പ്രദര്‍ശനനിഷേധത്തിന് കാരണമായി അധികാരികള്‍ ചീണ്ടിക്കാട്ടുന്നത്. ജി കെ മക്വാന തന്നെയാണ് സിനിമയുടെ സംഭാഷണം രചിച്ചിട്ടുള്ളതും.

ഇന്ത്യന്‍ സാമൂഹ്യസാചര്യത്തിലെ മാത്രം സവിശേഷതയായ ജാതിവ്യവസ്ഥ, ലോകരാജ്യങ്ങളില്‍ വ്യാപിച്ചിട്ടുള്ള ഇന്ത്യന്‍ ജനതയുടെ പുരോഗതിയില്‍ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളിലാണ് സിനിമയുടെ ഊന്നലുകള്‍ എന്ന് മക്വാന വാര്‍ത്താലേഖകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയുണ്ടായി. വംശീയാക്രമണബാധിത പ്രദേശത്തേക്ക് പറഞ്ഞയക്കപ്പെടുന്ന ആസ്‌ത്രേലിയന്‍ - ഇന്ത്യക്കാ രനായ മരിയ ക്രിസ് (വിദ്യാ മക്കാന്‍) എന്ന ഒരു റിപ്പോര്‍ട്ടറുടെ വീക്ഷണകോണിലൂടെയാണ് കളര്‍ ഓഫ് ഡാര്‍ക്കെനെസ് മിഴിതുറക്കുന്നത്. ആക്രമണബാധിത പ്രദേശത്തെത്തുന്ന മരിയ ക്രിസ് അവിടെ വെച്ച് ഇന്ത്യക്കാരിയായ ഗിരിരാജിനെ (ഷാഹില്‍ സലൂജ) പരിചയപ്പെടുന്നു. ഇരുവരും ചേര്‍ന്ന് തങ്ങളുടെ ചുമതല നിര്‍വഹിക്കുന്നതിനിടെ പ്രണയബദ്ധരാകുന്നു. വംശീയതയും അതേത്തുടര്‍ന്നുള്ള അതിക്രമങ്ങള്‍ക്കും അറുതിവരുത്തുന്നതിന് പ്രണയത്തിനും സാഹോദര്യത്തിനും അപാരശേഷിയുണ്ടെന്നുള്ള വസ്തുതയാണ് ഈ സിനിമ കൈമാറുന്ന സന്ദേശങ്ങളില്‍ പ്രമുഖം. 'കളര്‍' എന്ന പദം പ്രണയത്തേയും 'ഡാര്‍ക്ക്‌നെസ്' വിദ്വേഷങ്ങളുടെ ഇരുണ്ടവശങ്ങളുടേയും സൂചകങ്ങളാണ്. നിറം, ഭാഷ, ദേശം, വംശം എന്നീ വൈജാത്യങ്ങള്‍ക്കതീതമായി ഇരുവ്യക്തികള്‍ക്കിടയില്‍ പ്രസരിക്കുന്ന ഭൗമിക ഊര്‍ജമാണ് പ്രണയം. ഇങ്ങനെ ഹൃദയങ്ങള്‍ തമ്മിലടുക്കുന്നതിന് ഏറ്റവും വലിയ പ്രതിബന്ധങ്ങള്‍ സൃഷ്ടി ക്കുന്നത് ജാതിവ്യവസ്ഥയാണ്. അതിനെ മറികടന്നുകൊണ്ട്, ഇരുവ്യക്തികള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്ന പ്രണയത്തെ അതിക്രൂരമായി തകര്‍ത്തുകളയുകയും ചെയ്യുന്നു ജാതിവ്യവസ്ഥ! 

ആരംഭദൃശ്യത്തില്‍, ട്രെയിനില്‍ യാത്രചെയ്യുന്ന ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി വംശവെറിയന്മാരാല്‍ ആക്രമിക്കപ്പുടുന്നു. അയാളെ രക്ഷിക്കാനെത്തുന്നത് ഗിരിരാജ് ആണ്. എന്നാല്‍ ഗിരിരാജാകട്ടെ അയിത്തജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥിനിയായിരുന്നു! എല്ലാവരിലും കുടികൊള്ളുന്ന സ്ഥായീഭാവം മാനവികതയാണ്. ഗിരിരാജില്‍ ആ വികാരം ഉണര്‍ന്നുപ്രവര്‍ത്തിച്ചതുമൂലമാണ് ആക്രമിക്കപ്പെട്ട അപരനെ രക്ഷിക്കാനുള്ള പ്രേരണ ചെലുത്താനിടയായത്. മാനവികവികാരം പ്രവര്‍ത്തനക്ഷമമാകാത്തിടത്ത് വംശീയത മേല്‍ക്കൈ നേടുന്നു. അതില്‍പ്പരം വിനാശകരമായ ഒരവസ്ഥ വന്നുചേരാനില്ലെന്ന് സിനമയുടെ തുടക്കത്തില്‍ത്തന്നെ ജി കെ മക്വാന മുന്നറിയിപ്പ് നല്കുന്നു. 

തന്റെ പ്രോജക്ടിനെക്കുറിച്ച് ഇന്ത്യലുള്ള അച്ഛനോട് സംസാരി ച്ചപ്പോള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചത്, ഇന്ത്യയിലുള്ള ഒരാള്‍ക്കും വിദേശീയരുടെ വംശിയവെറിയെക്കുറിച്ച് എതിര്‍ത്തു സംസാരി ക്കാന്‍ അര്‍ഹതയില്ലെന്നാണ്! അത്രമാത്രം വിദ്വേഷവും വിധ്വംസ കപ്രവൃത്തികളുമാണ് ഇന്ത്യയിലെ ദലിതര്‍ നാട്ടുകാരായ സവര്‍ണഹിന്ദുക്കളില്‍ നിന്നും നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രതിലോമകരമായ വെറും കല്പനകള്‍ മാത്രമാണ് അയിത്തം. അത് വരുത്തിവെച്ചുകൊണ്ടിരിക്കുന്ന നിഷ്ഠൂരതകള്‍ നേരിട്ട് അനുഭവി ച്ചിട്ടുള്ളയാണാണ് ജി കെ മക്വാന. 'ഞങ്ങള്‍ നെയ്ത്തുജോലി ചെയ്യുന്നവരുടെ താണജാതിയില്‍ ജനിച്ചവരാണ്. ഇന്ത്യന്‍ സമൂഹം ഞങ്ങളെ 'അസ്പൃശ്യ'രായി കണക്കാക്കുന്നു.' എന്ന് മക്വാന സ്വത്വ പ്രഖ്യാപനം നടത്തുമ്പോള്‍, അസ്പൃശ്യതയെന്നാല്‍ എന്താണെന്ന് ഡോ. ബി ആര്‍ അംബേഡ്കര്‍ വിശദീകരണം നല്കുന്നു: 'ഹിന്ദുവായ ഒരാള്‍ക്ക് മറ്റൊരാളോട് തോന്നുന്ന ആന്തരിക നിരാകരണത്തിന്റെ ബാഹ്യപ്രകടനമാണ് അസ്പൃശ്യത!'

സംഗീതപാരമ്പര്യമുള്ള കുടുംബത്തിലെ പിറവിയും ഔപചാരി കവിദ്യാഭ്യാസത്തിലെ മികച്ച വിജയങ്ങളും കലാജീവിതയാത്രയില്‍ ജി കെ മക്വാനക്ക് കൂട്ടിനുണ്ട്. ഗുജറാത്തിലെ നാദിയാദില്‍ ജനിച്ച മക്വാന മൈക്രോബയോളജിയിലാണ് ഔപചാരിക പഠനം തുടങ്ങിയതെങ്കിലും സംഗീതാഭിരുചിയിലെ ആധിക്യം നിമിത്തം ആ രംഗത്തേക്ക് ചുവടുമാറുകയായിരുന്നു. ബറോഡയിലെ എം എസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സംഗീതത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ ശേഷമാണ് ആസ്‌തേലി യയിലേക്ക് കുടിയേറിയത്. സംഗീതജ്ഞനായ മക്വാനക്ക് ഇന്ത്യന്‍ സമൂഹത്തിന്റെ മാത്രമല്ല ആസ്‌ത്രേലിയന്‍ സമൂഹത്തനിടയിലും വന്‍ സ്വീകാര്യത ലഭിച്ചു. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതോപകര ണങ്ങള്‍ക്ക് ആസ്‌ത്രേലിയയില്‍ പ്രചരണം നേടിക്കൊടുത്ത വ്യക്തിയെന്ന നിലക്ക് മക്വാന ചരിത്രത്തിലും ഇടം നേടി. ആസ്‌ത്രേലിയയിലെത്തിയശേഷം, മെല്‍ബണിലെ ആര്‍എംഐറ്റി യുണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് മക്വാന ഫിലിം ആന്റ് ടിവി പ്രൊഡക്ഷന്‍ വിഷയത്തില്‍ ഡിപ്ലോമയും മാസ്‌റ്റേഴ് ഡിഗ്രിയും നേടി. 'മൈ മ്യൂസിക്കല്‍ ജേര്‍ണി - നിക്കോളാസ് ബഫ്' തുടങ്ങി നാലോളം ഡോക്യുമെന്ററി / ഷോര്‍ട്ട് ഫിലിമുകളില്‍ സംവിധാ യകനും പ്രൊഡ്യൂസറും ഒക്കെയായി പ്രകര്‍ത്തനമികവ് തെളിയി ച്ചശേഷമാണ് ആദ്യ സിനിമ 'കളര്‍ ഓഫ് ഡാര്‍ക്ക്‌നെസ്' എടുത്തത്.