"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 6, ചൊവ്വാഴ്ച

വിദ്യാഭ്യാസവും യുക്തിബോധവും അനീതിയെ ചെറുക്കുമെന്ന റാഷനലിസ്റ്റുകളുടെ ചിന്താഗതി പൂര്‍ണമായും ശരിയല്ല.! അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 325, 326)

ബൗദ്ധികശക്തി വര്‍ധിപ്പിക്കുകവഴി അനീതി ഉന്മൂലനം ചെയ്യാന്‍ കഴിയുമെന്ന് യുക്തിബോധത്തിന്റെ ദൗത്യം ഉയര്‍ത്തിപ്പിടിക്കുന്ന റാഷണലിസ്റ്റുകള്‍ വിശ്വസിക്കുന്നു. മധ്യകാലയുഗത്തില്‍ അനീതിയും അന്ധവിശ്വസവും പരസ്പരം ബന്ധപ്പെട്ടു കിടന്നിരുന്നു. അന്ധവിശ്വാസം ഉന്മൂലനം ചെയ്യുകയാണെങ്കില്‍, അനീതി ഇല്ലാതാകുമെന്ന് സ്വാഭാവികമായും യുക്തിവാദികള്‍ വിശ്വസിച്ചു. അനന്തരഫലങ്ങള്‍ ഈ വിശ്വാസത്തെ പ്രബലപ്പെടുത്തുകയും ചെയ്തു. സാര്‍വത്രികമായ വിദ്യാഭ്യാസവും അച്ചടിയുടേയും വര്‍ത്തമാനപ്പത്രങ്ങളുടെ വികാസവും ആദര്‍ശാത്മകമായ ഒരു സമൂഹ്യസൃഷ്ടിക്ക് കാരണമായിത്തീരുമെന്ന് വിദ്യാഭ്യാസപ്രവര്‍ത്തകരും ദാര്‍ശനികരും മനശാസ്ത്രജ്ഞന്മാരും സാമൂഹികശാസ്തരജ്ഞന്മാരും വിശ്വസിക്കുന്നു. അത്തരം സമൂഹത്തില്‍ ഓരോ വ്യക്തിയും പ്രബുദ്ധനായിരിക്കുമെന്നതുകൊണ്ട്, സാമൂഹിക അനീതിക്ക് സ്ഥാനമുണ്ടായിരിക്കുകയില്ല.

ഈ സിദ്ധാന്തത്തിന് ചരിത്രം നിരുപാധികമായ പിന്തുണ നല്കുന്നില്ല. പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്പില്‍ അനീതിക്ക് മൂലകാരണമെന്നുകരുതിയ പഴയപാരമ്പര്യങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലായ്മചെയ്‌തെങ്കിലും സാമൂഹികാസമത്വം അനിയന്ത്രിതമായി വളരുകയും നിലനിന്നുപോരുകയും ചെയ്തു. ഇന്ത്യയില്‍ ബ്രാഹ്മണസമുദായത്തിലെ അംഗങ്ങള്‍ മൊത്തത്തില്‍ വിദ്യാഭ്യാസം ലഭിച്ചവരാണ്. എന്നാല്‍ ഇവരില്‍ എത്രപേര്‍ അയിത്തവിശ്വാസത്തില്‍നിന്ന് മോചിതരായിട്ടുണ്ട്? അസ്പൃശ്യരുടെ അയിത്തത്തിനെതിരെയുള്ള ഈ സമരത്തില്‍ അവരോടൊപ്പം നില്ക്കാന്‍ അവരില്‍ എത്രപേര്‍ തയാറായിട്ടുണ്ട്? ചുരുക്കത്തില്‍, അസ്പൃശ്യരുടെ പ്രശ്‌നം തങ്ങളുടെകൂടി പ്രശ്‌നമാണെന്ന് പറയുവാന്‍ എത്രപേര്‍ തയാറുണ്ട്.?