"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 7, ബുധനാഴ്‌ച

എന്തുകൊണ്ടാണ് അസ്പൃശ്യര്‍ എപ്പോഴും മര്‍ദ്ദിക്കപ്പെടുന്നത്? അംബേഡ്കര്‍ പറഞ്ഞു...



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 165, 166)

ഹിന്ദുക്കളുമായിട്ടുള്ള പോരാട്ടത്തില്‍ അസപൃശ്യര്‍ വളരെ അടുത്തുനിന്ന് ചെറുക്കപ്പെടുകയാണ്. ജാതിഅരാജകത്വത്തിന്റെ നേര്‍ക്ക് അസ്പൃശ്യര്‍ എപ്പോഴും നിസ്സഹായരാണ്. എന്തുകൊണ്ടാണ് അസ്പൃശ്യര്‍ എപ്പോഴും മര്‍ദ്ദിക്കപ്പെടുന്നത്, എന്തുകൊണ്ടാണ് അവര്‍ ചെറുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്? വളരെ പ്രധാനപ്പെട്ട ചോദ്യമാണിത്. അതിന് ഉത്തരം ലഭിക്കേണ്ടതുണ്ട്.

ഹിന്ദുക്കളുമായുള്ള സമരത്തില്‍ അസ്പൃശ്യര്‍ ചെറുത്തുനില്ക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുന്നതിനുള്ള കാരണങ്ങള്‍ വളരെ വ്യക്തമാണ്. ആദ്യത്തെ കാരണം രണ്ടുവിഭാഗങ്ങളും അംഗസംഖ്യയുടെ കാര്യത്തില്‍ തുല്യരല്ല എന്നതാണ്. ജാതിഹിന്ദുക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഓരോ ഗ്രാമത്തിലും അസ്പൃശ്യര്‍ ഗണ്യമായ ജനവിഭാഗമല്ല. പലപ്പോഴും അവര്‍ ഏതാനും കുടുംബങ്ങളേ ഉണ്ടായിരിക്കുകയുള്ളൂ. കുടുംബങ്ങളിലുള്ളവര്‍ എണ്ണത്തില്‍ കുറവും. ഹിന്ദുക്കളുടെ അക്രമം ചെറുക്കാന്‍ ശേഷിയില്ലാത്ത ചെറുസംഘം. മൊത്തം 50 ദശലക്ഷം വരുന്ന അസ്പൃശ്യര്‍ ഗണനീയമായ ജനസംഖ്യയാണെന്ന് തോന്നാമെങ്കിലും, വാസ്തവത്തില്‍ അവര്‍ ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളില്‍ ചിന്നിച്ചിതറിക്കിടക്കുകയാണ്. അതായത്, ജാതിഹിന്ദുക്കളാണ് മഹാഭൂരിപക്ഷം, അസ്പൃശ്യര്‍ കേവലം ന്യൂനപക്ഷവും. തന്ത്രപരമായി പറയുകയാണെങ്കില്‍, ഉള്ള സൈന്യം വളരെ മോശമായി വിന്യസിക്കപ്പെട്ടിരിക്കുന്നു. ജാതിഹിന്ദുക്കള്‍ക്ക് എളുപ്പം കീഴ്‌പ്പെടുത്താന്‍ പാകത്തില്‍.