"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 18, ഞായറാഴ്‌ച

അടിമയെ പുലര്‍ത്താനുള്ള ബാധ്യത യജമാനനുണ്ട്; എന്നാല്‍ അസ്പൃശ്യനെ പുലര്‍ത്താനുള്ള ബാധ്യത സവര്‍ണനില്ല..!? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 18)

അടിമസമ്പ്രദായം നിലനില്ക്കുന്ന ഒരസ്വതന്ത്ര സാമൂഹിക ക്രമത്തില്‍, അടിമയെ പുലര്‍ത്താനുള്ള ബാധ്യത അവന്റെ യജമാനന്റേതാണ്. സ്വന്തം ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ സംബന്ധിച്ചുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് അടിമ മോചിതനാണ്. ഇവയെല്ലാം നല്‌കേണ്ടത് അവന്റെ യജമാനന്റെ ചുമതലയാണ്. യജമാനന് ഈ സംരക്ഷണച്ചുമതല ഭാരമല്ല. കാരണം, ഇതിന് വരുന്ന ചെലവിനേക്കാളേറെ വരുമാനം അടിമയില്‍നിന്നുണ്ടാകും. സ്വതന്ത്രരായ ഓരോരുത്തരുടേയും താമസത്തിന്റേയും ആഹാരത്തിന്റേയും സുരക്ഷിതത്വത്തിന്റേയും കാര്യം ഉറപ്പുവരുത്തുക എല്ലായ്‌പ്പോഴും സാധ്യമായില്ലെന്നു വന്നേക്കാം. തൊഴിലെടുക്കാലന്‍ തയാറുള്ളവന് എപ്പോഴും തൊഴില്‍ 



ലഭിച്ചെന്നും വരില്ല. ജോലിചെയ്തില്ലെങ്കില്‍ ആഹാരമില്ല എന്ന നിയമത്തില്‍ നിന്ന് ഒരു തൊഴിലാളിക്ക്, രക്ഷപ്പെടാനുമാവില്ല. എന്നാല്‍ പണിയില്ലെങ്കില്‍ ആഹാരവുമില്ല എന്ന നിയമം അടിമക്ക് ബാധകമല്ല. അവന് ആഹാരവും തൊഴിലും കണ്ടുപിടിക്കാനുള്ള ബാധ്യത അവന്റെ യജമാനന്റേതാണ്. യജമാനന്‍ തന്റെ അടിമക്ക് ജോലി കണ്ടുപിടിക്കുന്നതില്‍ പരാജയപ്പെട്ടു എന്നതിന്റെ പേരില്‍ അടിമയുടെ ഭക്ഷണത്തിനുള്ള അവകാശം നിഷേധിക്കാനാവില്ല. ബിസിനസിലെ ഏറ്റക്കുറച്ചിലുകളും ലാഭനഷ്ടങ്ങളും അനുസരിച്ച് സ്വതന്ത്ര തൊഴിലാളികളുടെ വരുമാനത്തില്‍ ഭാഗ്യവിപര്യയങ്ങള്‍ ഉണ്ടാകാം. പക്ഷെ അത് ഒരടിമയെ ബാധിക്കുന്നില്ല. അവന്റെ യജമാനനെ അത് ബാധിച്ചേക്കാം. അടിമ അവയില്‍നിന്ന് വിമുക്തനാണ്. യജമാനന് ലാഭമുണ്ടായാലും നഷ്ടമുണ്ടായാലും അടിമക്ക് ആഹാരം ലഭിക്കുന്നു, ഒരു പക്ഷെ, അവന്‍ കഴിച്ചിരുന്ന ആഹാരം തന്നെ.