"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

നാഗന്മാരെപ്പറ്റിയുള്ള സൂചനകള്‍... അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 56, 57)

ഋഗ്വേദത്തില്‍ നാഗന്മാരെപ്പറ്റിയുള്ള സൂചന, നാഗന്മാര്‍ വളരെ പുരാതനത്വമുള്ള ജനതയാണെന്ന് എടുത്തുകാട്ടുന്നു. നാഗന്മാര്‍ ഒരുതരത്തിലും ആദിവാസികളോ അപരിഷ്‌കൃതരോ ആയ ജനതയല്ലായിരുന്നുവെന്നതും ഓര്‍ത്തിരിക്കണം. നാഗജനതയും ഇന്ത്യയിലെ രാജകുടുംബങ്ങളും തമ്മില്‍ മിശ്രവിവാഹത്തിലൂടെ വളരെ ഗാഢബന്ധം പുലര്‍ത്തിയിരുന്നുവെന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. കാദംബരാജാവായ കൃഷ്ണവര്‍മന്റെ ദേവഗിരിരേഖ കാദംബകുലത്തിന്റെ തുടക്കത്തെ നാഗന്മാരുമായി ബന്ധിപ്പിക്കുന്നു. എ ഡി ഒമ്പതാം ശതകത്തിലെ റോയക്കോട്ട് ഗ്രാന്റ്, അശ്വത്ഥാമാവും ഒരു നാഗിയും തമ്മില്‍ നടന്ന വിവാഹത്തെപ്പറ്റിയും ആ വിവാഹത്തില്‍ ജനിച്ച സ്‌കന്ദശിഷ്യന്‍ പല്ലവവംശം സ്ഥാപിച്ചതിനെപ്പറ്റിയും പറയുന്നുണ്ട്. എ ഡി ഒമ്പതാം ശതകത്തിലെ മറ്റൊരു പല്ലവ രാജശാസനമനുസരിച്ച് വീരകുര്‍ചന്‍ ആ വംശത്തിന്റെ രാജാവായിരുന്നു; 



അദ്ദേഹവും ഒരു നാഗിയെ പരിണയിച്ചുവെന്നും അവരില്‍ നിന്ന് രാജത്വത്തിന്റെ പദവിമുദ്രകള്‍ കരസ്ഥമാക്കിയെന്നും അതേ ശിലാശാസനത്തില്‍ പറയുന്നു. വാകാടകരാജാവ് പ്രവരസേനന്റെ മകനായ ഗൗതമീപുത്രനും ഭരശിവരാജാവ് ഭവനാഗന്റെ പുത്രിയും തമ്മില്‍ വിവാഹിതരായെന്നത് ചരിത്രവസ്തുതയാണ്. ചന്ദ്രഗുപ്തന്‍ രണ്ടാമനും 'നാഗകുല'ത്തിലെ കുവേരനാഗ രാജകുമാരിയും തമ്മില്‍ വിവാഹിതരായെന്നതും അതുപോലെതന്നെ ചരിത്രവസ്തുതയാകുന്നു. ആദ്യകാലത്തെ ഒരു ചോളരാജാവായിരുന്ന കൊക്കില്ലി ഒരു നാഗരാജകുമാരിയെ വിവാഹം ചെയ്തിരുന്നതായി ഒരു തമിഴ് കവി തറപ്പിച്ചു പറയുന്നുണ്ട്. രാജേന്ദചോളനും അദ്ദേഹത്തിന്റെ ഉജ്വല സൗന്ദര്യംകൊണ്ട് നാഗവംശത്തിലെ ഒരു ശ്രേഷ്ഠപുത്രിയെ നേടിയെടുക്കുകയുണ്ടായി. പരാമരരാജാവായ സിന്ധുരാജനും (എ ഡി പത്താം ശതകത്തിന്റെ ആരംഭത്തിലാണ് ഇദ്ദേഹം രാജാവായിരുന്നതെന്ന് തോന്നുന്നു) നാഗരാജകുമാരിയായ ശശിപ്രഭയും തമ്മില്‍ നടന്ന വിവാഹത്തെപ്പറ്റി നവശശാങ്കചരിതത്തില്‍ വിവരിച്ചിട്ടുണ്ട്; ഈ പ്രസ്താവത്തിന് ചരിത്രപരമായ ഏതെങ്കിലും അടിസ്ഥാനമുണ്ടായിരിക്കണമെന്ന് നമുക്ക് മിക്കവാറും തീര്‍ച്ചയായിതോന്നുമാറ് വിശദാംശങ്ങളോടുകൂടിയും കാര്യമാത്രപ്രസക്തമായ രീതിയിലുമാണ് ഇത് വിവരിച്ചിരിക്കുന്നത്. വിഗ്രഹ രാജചാമാനനില്‍ നിന്നും മേലോട്ടുള്ള വംശാവലിയനുസരിച്ച് ആറാമത്തെ രാജാവായിരുന്ന (അങ്ങനെ നോക്കുമ്പോള്‍ ഒമ്പതാം ശതകത്തിന്റെ മധ്യത്തോടുകൂടി രാജാവായിരുന്ന) ഗുവകന്‍ ഒന്നാമന്‍ 'വീരനെന്ന നിലയില്‍ നാഗന്മാരുടേയും ഇതരരാജാക്കന്മാരുടേയും സദസ്സുകളില്‍ പ്രസിദ്ധന്‍' ആയിരുന്നുവെന്ന് എ ഡി 973 ലെ വി എസ് (1030) ഹര്‍ഷശിലാശാസനത്തില്‍ നിന്ന് നാം മനസ്സിലാക്കുന്നു. ഒറീസയിലെ ഭൗമന്‍ വംശത്തിലെ സനാതികാരന്‍ (ഇദ്ദേഹം ഭരണം നടത്തിയത് എ ഡി 921 ലാകാനാണ് സാധ്യത) നാഗകുടുംബത്തിലെ ത്രിഭുവന മഹാദേവിയെ പരിണയിച്ചതായി അദ്ദേഹത്തിന്റെ പുത്രന്റെ ഒരു ശിലാശാസനത്തില്‍ പറയുന്നു.