"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 19, തിങ്കളാഴ്‌ച

അസ്പൃശ്യര്‍ ഗ്രാമത്തിന് പുറത്തായ സ്ഥിതിക്ക്, 'ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്' എന്ന പ്രസ്താവനയില്‍ എത്രമാത്രം സത്യസന്ധതയുണ്ട്? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 9. പേജ് 21, 23 )

ഹൈന്ദവസാമൂഹികക്രമത്തിന്റെ പ്രവര്‍ത്തനശാലയാണ് ഹൈന്ദവഗ്രാമം. ഹൈന്ദവസാമൂഹികസംവിധാനം അവിടെ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതു കാണാം. ഇന്ത്യന്‍ ഗ്രാമത്തെ ക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു ശരാശി ഹിന്ദു എപ്പോഴും നിര്‍വൃതിക്കൊള്ളാറുണ്ട്. സാമൂഹിക സംവിധാനത്തിന്റെ ആദര്‍ശരൂപമാണ് അതെന്നും, ലോകത്തൊരിടത്തും അതിന് സമാനമായി മറ്റൊന്നില്ലെന്നും അയാള്‍ വിശ്വസിക്കുന്നു. ഇന്ത്യക്ക് അഭിമാനിക്കാവുന്ന തരത്തില്‍, സാമൂഹികസംവിധാന സിദ്ധാന്തത്തിന് സവിശേഷമായ ഒരു സംഭാവനായാണ് ഇതെന്നും അയാള്‍ അവകാശപ്പെടുന്നു.

ഇന്ത്യന്‍ ഗ്രാമത്തെക്കുറിച്ചുള്ള ആദര്‍ശപരമായ ഈ വീക്ഷണം വിദേശീയരായ പലരും അംഗീകരിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. അതുകൊണ്ട്, ഇന്ത്യന്‍ ഗ്രാമസമൂഹത്തിന്റെ യഥാര്‍ത്ഥമായ ഒരു ചിത്രം നല്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു. 

ഇന്ത്യന്‍ ഗ്രാമമെന്നത് ഒരു കേവല സാമൂഹിക ഘടകമല്ല. വിവിധ ജാതികള്‍ അടങ്ങിയതാണത്. എന്നാല്‍, നമ്മുടെ ആവശ്യത്തിന് ഇത്രയും പറഞ്ഞാല്‍ മതിയാകും: 

1. ഗ്രാമത്തിലെ ജനസംഖ്യയെ രണ്ടായി വിഭജിച്ചിരിക്കുന്നു: 1) ജാതിഹിന്ദുക്കള്‍ 2) അസ്പൃശ്യര്‍.
2. ജാതിഹിന്ദുക്കളാണ് ഭൂരിഭാഗവും. അസ്പൃശ്യര്‍ ന്യൂനപക്ഷ സമുദായമാണ്.
3. ജാതിഹിന്ദുക്കള്‍ ഗ്രാമത്തിനകത്ത് കഴിയുന്നു; അസ്പൃശ്യര്‍ ഗ്രാമത്തിന് വെളിയില്‍ പ്രത്യേക വസതികളില്‍ കഴിയുന്നു.
4. ജാതിഹിന്ദുക്കള്‍ സാമ്പത്തികമായി ശക്തരും കരുത്തുള്ളവരുമാണ്. അസ്പൃശ്യരാകട്ടെ, പാവങ്ങളും മറ്റുള്ളവരെ ആശ്രയിച്ചുകഴിയുന്നവരും. 
5. ജാതിഹിന്ദുക്കള്‍ സാമൂഹികമായി ഭരണവര്‍ഗത്തിന്റെ സ്ഥാനമാണ് വഹിക്കുന്നത്. അസ്പൃശ്യര്‍ ഭരിക്കപ്പെടുന്നവരും പാരമ്പര്യമായ അടിമവര്‍ഗവുമാണ്.