"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

നാഗന്മാര്‍ തന്നെയാണ് ദ്രാവിഡര്‍...! അംബേഡ്കര്‍ പറഞ്ഞു....


( ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 60)

ദ്രാവിഡര്‍ ആരാണ്? അവര്‍ നാഗന്മാരില്‍നിന്ന് വ്യത്യസ്തരാണോ? അതല്ല, ഇതുരണ്ടും ഒരേവംശക്കാരായ ജനതയെ കുറിക്കുന്ന വ്യത്യസ്ത പേരുകളാണോ? ജനസാമാന്യത്തിന്റെ അഭിപ്രായം ദ്രാവിഡരെന്നും നാഗന്മാരെന്നും പറയുന്നത് രണ്ട് വ്യത്യസ്ത വംശങ്ങളുടെ പേരുകളാണെന്നത്രെ. ഈ പ്രസ്താവന അനേകമാളുകളെ ഞെട്ടിപ്പിക്കുമെന്നു തീര്‍ച്ചയാണ്. എന്നിരുന്നാലും ദ്രാവിഡരെന്നും നാഗന്മാരെന്നും പറയുന്നത്, ഔരേ ജനതയുടെ രണ്ട് വ്യത്യസ്ത പേരുകള്‍ മാത്രമാണെന്നത് വസ്തുതയാകുന്നു.

ദ്രാവിഡരെന്നും നാഗന്മാരെന്നും പറയുന്നത് ഒരേ ജനതയുടെ രണ്ട് വ്യത്യസ്ത പേരുകള്‍ മാത്രമാണെന്ന പ്രമേയം അംഗീകരിക്കാന്‍ വളരെ ചുരുക്കംപേര്‍ മാത്രമേ തയാറാവുകയുള്ളൂവെന്ന് നിഷേധിക്കാനാവില്ല; ദ്രാവിഡരും നാഗന്മാരും ദക്ഷിണേന്ത്യ മാത്രമല്ല അധിനിവേശിച്ചിരുന്നത്, പിന്നെയോ, അവര്‍ ഇന്ത്യ മുഴുവനും - ദക്ഷിണേന്ത്യയും അതുപോലെതന്നെ ഉത്തരേന്ത്യയും - അധിനിവേശിച്ചിരുന്നുവെന്നത് അംഗീകരിക്കാന്‍ അതിലും കുറച്ചുപേര്‍ മാത്രമേ തയാറാവുകയുള്ളൂ എന്നിരുന്നാലും ഇവ ചരിത്രസത്യങ്ങളാകുന്നു.