"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 26, തിങ്കളാഴ്‌ച

ജയ്പാല്‍ സിംഗ് മുണ്ട; കായികമികവിലെ സുവര്‍ണതാരം, ആദിവാസി അവകാശപ്പോരാട്ടത്തിലെ നെടുനായകന്‍...!!!!!


1928 ലെ ആംസ്റ്റര്‍ ഡാം ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകന്‍ ജയ്പാല്‍ സിംഗ് മുണ്ട എന്ന ആദിവാസിയായിരുന്നു. 1938 ല്‍ ആദിവാസി മഹാസഭ രൂപീകരിച്ച് ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹ ത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഭരണഘടനയിലെ നിര്‍ണായക സംഭാവനകളാണ്.

ഝാര്‍ക്കണ്ഡിലെ ഇന്നത്തെ റാഞ്ചി ജില്ലയായി പുനസംഘടിപ്പി ക്കപ്പെട്ട ഖുന്തി സബ്ഡിവിഷനിലെ തപ്കാര ഗ്രാമത്തില്‍ 1093 ജനുവരി 3 ന് ജയ്പാല്‍ സിംഗ് ജനിച്ചു. ജയ്പാലിന്റെ കുടുംബം 'മുണ്ട' എന്ന ആദിവാസി ഗോത്രത്തില്‍ ഉള്‍പ്പെടുന്നു. തപ്കാര ഗ്രാമത്തില്‍ അധിവസിച്ചിരുന്ന ഭൂരിഭാഗം ജനതയും മുണ്ട ഗോത്രത്തില്‍പ്പെ ട്ടവരായിരുന്നു. ക്രിസ്ത്യന്‍ മിഷനറിയുടെ പ്രവര്‍ത്തനഫലമായി മുണ്ട സമുദായം ക്രിസ്തുമതം സ്വീകരിച്ചു. ഗ്രാമത്തില്‍ പ്രവര്‍ത്തി ച്ചിരുന്ന പള്ളിവക സ്‌കൂളില്‍ നിന്നും ജയ്പാല്‍ പ്രാഥമിക വിദ്യാഭ്യാ സം നേടി. അതോടൊപ്പം കാലികളെ മേയ്ക്കുന്ന ജോലിയും ചെയ്തുവന്നു. 1910 മുതല്‍, ചര്‍ച്ച് ആഫ് ഇംഗ്ലണ്ടിന്റെ നേതൃത്വത്തി ലുള്ള എസ്പിജി മിഷന്‍ റാഞ്ചിയില്‍ സ്ഥാപിച്ച സെ. പോള്‍സ് കോളേജില്‍ ചേര്‍ന്ന് പഠിച്ചു. ചെറുപ്രായത്തിലേ ജയ്പാലില്‍ പ്രകടമായ പഠനമികവും ഹോക്കി കളിയലെ അസാധാരണ ശേഷികളും സര്‍വോപരി നേതൃത്വഗുണവും കോളേജധികാരികള്‍ തിരിച്ചറിഞ്ഞു. ഉപരിപഠനത്തിനായി ജയ്പാലിനെ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡിലേക്ക് പറഞ്ഞയക്കപ്പെടാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ഓക്‌സ്‌ഫോര്‍ഡിലെ സെ. ജോണ്‍സ് കോളേജില്‍ ചേര്‍ന്ന് പഠിച്ച് ജയ്പാല്‍ സിംഗ് എക്കണോമിക്‌സില്‍ ബിരുദം നേടി. തുടര്‍ന്ന് ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ പ്രവേശിച്ചുവെങ്കിലും അധികനാള്‍ അവിടെ തുടര്‍ന്നില്ല. 1934 ല്‍ ഘാനയിലെത്തി ഗോള്‍ഡ് കോസ്റ്റിലെ പ്രിന്‍സ് ഓഫ് വെയില്‍സ് കോളേജില്‍ അധ്യാപകനായി ചേര്‍ന്നു. 1937 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി, റായ്പൂരിലെ രാജ്കുമാര്‍ കോളേജില്‍ പ്രിന്‍സിപ്പാളായി. 1938 ല്‍ ബിക്കാനര്‍ പ്രിന്‍സിലി സ്റ്റേറ്റില്‍ വിദേശകാര്യ സെക്രട്ടറി യായി നിയമിതനായി. കോണ്‍ഗ്രസ് രാഷ്ട്രീയത്തോടായിരുന്നു ജയ്പാലിന്‍ താത്പര്യം. ഡോ. രാജേന്ദ്രപ്രസാദിന്റെ പ്രേരണയാല്‍ കോണ്‍ഗ്രസില്‍ ഔപചാരിക അംഗമായി ചേര്‍ന്നു.

1938 ല്‍ 'ആദിവാസി മഹാസഭ' രൂപീകരിച്ച് അതിന്റെ അധ്യക്ഷ സ്ഥാനത്ത് പ്രവര്‍ത്തിച്ചുവന്നു. സ്വാതന്ത്ര്യാനന്തരം, ആദിവാസി ഇതര ജനങ്ങളേയും ഉള്‍പ്പെടുത്തി 'ഝാര്‍ക്കണ്ഡ് പാര്‍ട്ടി' എന്ന പേരില്‍ സംഘടന പുനസംഘടിപ്പിച്ചു. കോണ്‍സ്റ്റിയുവന്റ് അസംബ്ലിയില്‍ അംഗമായിരുന്ന കാലത്ത് ആദിവാസികളുടെ അവകാശങ്ങല്‍ ഉന്നയിച്ച് ജയ്പാല്‍ സിംഗ് നടത്തിയ പ്രസംഗങ്ങള്‍ ശ്രദ്ധേയമായി. ഭരണഘടന നിര്‍മാണ സമിതിയില്‍ ജയ്പാലിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ നിര്‍ണായകങ്ങളായിരുന്നു. അതോടെ ജനങ്ങള്‍ ജയ്പാല്‍ സിംഗിനെ 'മരാങ് ഗോംകെ' (മഹാനായ നേതാവ്) എന്ന പേരുവിളിച്ച് ബഹുമാനിക്കാന്‍ തുടങ്ങി. ഈ മരാംങ് ഗോംകെ തുടങ്ങിവെച്ച വിപ്ലവപ്രവര്‍ത്തനങ്ങളുടെ വിജയഫലമാണ് ആദിവാസികള്‍ക്ക് ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനമെന്ന നിലയില്‍ ഝാര്‍ക്കണ്ഡ് രൂപീകരിക്കാനിടയായത്. ആ കര്‍തൃത്വത്തിന്റെ പേരില്‍ മാത്രമല്ല, ജയ്പാല്‍ സിംഗ് എന്ന നാമധേയം ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത് എന്നതിന് അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് ഉദാഹരണം.

ഓക്‌സ്‌ഫോര്‍ഡിലായിരുന്നപ്പോള്‍ ജയ്പാല്‍ യൂണിവേഴ്‌സിറ്റി ഹോക്കി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രതിരോധനിരയി ലായിരുന്നു ജയ്പാലിന്റെ സ്ഥാനം. കളിക്കളത്തിലെ ഓട്ടവേഗവും മുന്നേറ്റവും പന്തുകൈമാറ്റവും ഗോള്‍ചെയ്യുന്നതിലുള്ള പൂര്‍ണതയും ആരേയും അതിശയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. അങ്ങനെ ജയ്പാല്‍ സിംഗ് 'ഓക്‌സ്‌ഫോര്‍ഡ് ബ്ലൂ' എന്ന് ബഹുമാനിതനാകുന്ന ആദ്യത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി എന്ന സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഇംഗ്ലണ്ടില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെയാണ്, 1928 ല്‍ ആംസ്റ്റര്‍ഡാം ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകത്വം വഹിക്കാന്‍ നിയോഗമുണ്ടായത്. ജയ്പാലിന്റെ നായകത്വത്തില്‍ ടീം 17 ലീഗ് മത്സരങ്ങള്‍ കളിച്ചു. ഇതില്‍ 16 എണ്ണവും വിജയിച്ചു. ഫൈനല്‍ മത്സരത്തില്‍ ഹോളണ്ടിനെ 3-0 ത്തിന് തോല്പ്പിച്ച് ഇന്ത്യന്‍ ടീം സ്വര്‍ണകിരീടം ചൂടി.

ഇന്ത്യയില്‍ തിരിച്ചെത്തിയ ജയ്പാല്‍ കല്‍ക്കട്ടയിലെ മോഹന്‍ ബെഗാന്‍ ക്ലബ്ബില്‍ ചേര്‍ന്നു. 1929 ല്‍ ജയ്പാല്‍ സിംഗിന്റെ നേതൃത്വ ത്തിലാണ് മോഹന്‍ ബെഗാന്‍ ക്ലബ്ബിന് ഹോക്കി ടീം രൂപീകരിച്ചത്. ഏറെനാള്‍ അവിടെ ടൂര്‍ണമെന്റ് വിജയങ്ങള്‍ നേടിയ ശേഷം സജീവ ഹോക്കിയില്‍ നിന്നും വിരമിച്ച ജയ്പാല്‍ ബെംഗാള്‍ ഹോക്കി അസ്സോസിയേഷന്‍ സെക്രട്ടറി സ്ഥാനത്ത് സേവനം തുടര്‍ന്നു. ഇന്ത്യന്‍ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ മെമ്പറുമായി.

1970 മാര്‍ച്ച് 20 ന് ഡെല്‍ഹിയില്‍വെച്ച് ജയ്പാല്‍സിംഗ് മുണ്ട അന്തരിച്ചു. ആ സമയത്ത് റാഞ്ചി സിറ്റിയില്‍ ജില്ലാ ഭരണകൂടം ഒരു സ്റ്റേഡിയ ത്തിന് തറക്കല്ല് ഇട്ടിട്ടുണ്ടായിരുന്നു. 'ബിര്‍സ സേവാ ദള്‍' എന്ന സംഘടനയുടെ നിര്‍ദ്ദേശവും ജനങ്ങളുടെ താത്പര്യവുമനുസരിച്ച് അധികാരികള്‍ സ്റ്റേഡിയത്തിന് 'ജയ്പാല്‍ സിംഗ് സ്റ്റേഡിയം' എന്ന് നാമകരണം ചെയ്തു. അടുത്ത കാലത്ത് റാഞ്ചിയില്‍ നിര്‍മിച്ച ഗ്രാന്റ് ഗെയിം കോംപ്ലക്‌സിനും ഗെയിം വില്ലേജിനും ഝാര്‍ക്കണ്ഡ് ഗവണ്‍മെന്റ് 'ജയ്പാല്‍ സിംഗ് മുണ്ട ഗെയിം കോംപ്ലക്‌സ്' എന്ന് നാമകരണം ചെയ്തു.