"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

സി എഫ് ഓല്‍ഡാം (C F Oldham) നാഗന്മാരെക്കുറിച്ച്....! അംബേഡ്കര്‍ പറഞ്ഞു....



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ് 61, 62)

'ദ്രാവിഡ ജനത പ്രാചീനകാലംമുതല്‍ക്കേ ചേരന്മാര്‍, ചോളന്മാര്‍, പാണ്ഡ്യന്മാര്‍ എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു. ചേര അഥവാ സേര (പ്രാചീന തമിഴില്‍ സരൈ) എന്നത് നാഗ എന്നതിന്റെ ദ്രാവിഡഭാഷയിലെ സമാനപദമാണ്. ചേരമണ്ഡലം അഥവാ നാഗദ്വീപം അഥവാ നാഗരാജ്യം. ഇത് തെക്കുള്ള ദ്രാവിഡരുടെ അസുര ഉത്പത്തിയിലേക്ക്, വ്യക്തമായും വിരല്‍ചൂണ്ടുന്നതായി തോന്നുന്നു. എന്നാല്‍ ഇതുകൂടാതെ, തങ്ങളെത്തന്നെ ചേരുകള്‍ അഥവാ സിയോരികള്‍ എന്നു വിളിക്കുന്ന ഒരു ജനത, ഗംഗാതടത്തില്‍ വ്യാപകമായിപ്പടര്‍ന്ന് ഇന്നും നിലനില്ക്കുന്നുണ്ട്. സര്‍പ്പദൈവങ്ങളില്‍ നിന്നാണ് തങ്ങളുടെ ഉള്‍പ്പത്തിയെന്ന് അവര്‍ അവകാശപ്പെടുന്നു. (ചേരുകള്‍ വളരെ പുരാതനമായ വംശമാണ്; ഗംഗാതലത്തില്‍ നാം കണ്ടുകഴിഞ്ഞതുപോലെ, ആ പ്രദേശം അതിപുരാതനകാലത്ത് നാഗഗോത്രങ്ങളുടെ അധിനിവേശത്തിലായിരുന്നല്ലോ) വലിയൊരു ഭാഗം ഒരിക്കല്‍ അവരുടെ കൈവശത്തിലായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. മഹമ്മദന്‍ ആക്രമണങ്ങളുടെ പ്രക്ഷുബ്ധകാല ത്ത് ചേരുകള്‍ അവരുടെ ഭൂമികളില്‍ നിന്ന് ക്രമേണ നിഷ്‌കാസിതരായെന്നാണ് തോന്നുന്നത്. ഇപ്പോള്‍ അവര്‍ ദരിദ്രരും, ഏറെക്കുറേ ഭൂരഹിതരുമാണ്. ദ്രാവിഡരായ ചേരന്മാരുടെ ബന്ധുക്ക ളാണ് ഈ ജനതയെന്നതില്‍ സംശയത്തിനാവകാശമില്ല.'

'ചേരുകള്‍ക്ക് അസാധാരണമായ പല ആചാരങ്ങളുണ്ട്; അവയിലൊന്ന്, അവരെ ലിച്ചാവികളുമായും നേപ്പാളിലെ നെവാര്‍കളുമായും ബന്ധിപ്പിക്കുന്നതായിത്തോന്നുന്നു. അഞ്ചോ ആറോ വീടുകള്‍ക്ക് ഒരു രാജാവിനെ തിരഞ്ഞെടുക്കുകയും, ഔപചാരികമായി അയാളെ തിലകം അഥവാ രാജകീയചിഹ്നം അണിയിച്ച് വാഴിക്കുകയും ചെയ്യുകയെന്നതാണിത്. തെക്ക് ദ്രാവിഡര്‍ക്കുള്ള പല ആചാരങ്ങളും ലിച്ചാവികള്‍ക്കും നെവാര്‍കള്‍ക്കും ഉണ്ടായിരുന്നു. ഓരോ കൂട്ടരും സര്‍പ്പത്തെ പൂജിച്ചിരുന്നു; നീലനാഗം കാശ്മീരിന് എന്താണോ, അതുതന്നെയാണ് കാര്‍ക്കോടകനാഗം നേപ്പാളിന്. ലിച്ചാവികളുടെ രാജധാനിയായിരുന്ന വൈശാലിയുടെ രക്ഷാദേവതയും ഒരു നാഗമായിരുന്നു. ലിച്ചാവികളുടേയും നെവാര്‍കളുടേയും വൈവാഹികബന്ധങ്ങള്‍ക്ക് തമിഴ്ജനതയുടെ വൈവാഹികബന്ധങ്ങളുമായി ഉറ്റസാദൃശ്യമുണ്ടായിരുന്നുവെന്ന് തന്നെയല്ല അവ പൊതുവായ ഉത്ഭവത്തെ എടുത്തുകാട്ടുകയും ചെയ്യുന്നു.'

'നെവാര്‍കളുടെ ഇടയില്‍ സ്വത്തവകാശം പിന്തുടര്‍ച്ചയായി ലഭിക്കുന്നത് പെണ്‍വഴിക്കായിരുന്നു; ഒരുകാലത്ത് പഞ്ചാബില്‍ അരത്തരുടേയും ബാഹികരുടേയും (താക്കകളുടേയും) ഇടയിലും ഇതായിരുന്നു പതിവ്. ഇക്കൂട്ടരുടെ സ്വന്തം പുത്രന്മാരല്ല, പിന്നെയോ, സഹോദരീപുത്രന്മാരായിരുന്നു അവകാശികള്‍. ഇത് ഇപ്പോഴും ഒരു ദ്രാവിഡാചാരമാണ്. ചുരുക്കിപ്പറഞ്ഞാല്‍ മിക്കവാറും എല്ലാക്കാര്യങ്ങളിലും തന്റെ ജനത നെവാര്‍കളുടെ ബന്ധുക്കളാണെന്ന് തോന്നുന്നുവെന്ന് സമീപകാലത്തെ ഒരു ദ്രാവിഡഗ്രന്ഥകാരനായ മിസ്റ്റര്‍ ബാലകൃഷ്ണന്‍നായര്‍ പറയുന്നു.'