"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 11, ചൊവ്വാഴ്ച

അരവിന്ദ് കൃഷ്ണന്‍: ക്യാമറയില്‍ കൈപിടിച്ച് ഒരു കരകയറ്റം!


അരവിന്ദ് കൃഷ്ണന്‍ 

ഒന്നുമില്ലായ്മകളില്‍ നിന്നുള്ള വിജയനിര്‍മിതികളാണ് ദലിത് ജീവിതങ്ങള്‍. എല്ലാത്തരം പ്രതിബന്ധങ്ങള്‍ക്കുമെതിരെ ഒറ്റക്കുനിന്ന് പൊരുതിയാണ് പലരും ഈ നേട്ടം കൈവരിക്കുന്നത്. ലോകോത്തര ശേഷികളുടെ കൃത്യമായ വിനിയോഗമാണ് ആ പോരാട്ടങ്ങള്‍ക്ക് കരുത്തു പകരുന്ന ഘടകം. എന്നാല്‍ ജാതിനിര്‍മിത ഇന്ത്യന്‍ സാമൂഹ്യ സാഹചര്യം ഈ ശേഷികളെ വിലയിരുത്തുന്നത് 'കഴിവുകെട്ടവര്‍' എന്ന ജനവിരുദ്ധപക്ഷത്ത് ചേര്‍ത്തുനിര്‍ത്തിയാണ്. അത്തരം വിശേഷണങ്ങളുടെ അപ്രതിരോധ്യതയെ പ്രതിഭയുടെ ശക്തികൊണ്ട് തകര്‍ത്തു തരിപ്പണമാക്കിയ യുവഫോട്ടഗ്രാഫര്‍ അരവിന്ദ് കൃഷ്ണ അക്കാരണംകൊണ്ടുതന്നെ ശ്രദ്ധേയനാകുകയാണ്. ഏതൊരു ഫോട്ടോഗ്രാഫറുടേയും സ്വപ്‌നമായ 'സെയ്‌സ് ലെന്‍സ് (കൈകൊണ്ടുനിര്‍മിച്ച zeiss lense)' സ്വന്തമാക്കിക്കൊണ്ട് അരവിന്ദ് കൃഷ്ണന്‍ തന്റെ വിജയക്കുതിപ്പ് തുടരുകയാണ്.
എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്ത് പട്ടിമറ്റത്ത് തേരുമലവീട്ടില്‍ എം കെ കൃഷ്ണന്റേയും അമ്മിണിയുടേയും മൂന്നുമക്കളില്‍ മൂത്ത മകനായി 1980 മെയ് 28 നാണ് അരവിന്ദ് ജനിച്ചത്. അച്ഛന്‍ എം കെ കൃഷ്ണന്‍ പോസ്റ്റ്മാനായിരുന്നു. ഗായകനും കഥാപ്രസംഗകനും വില്പാട്ട് എന്നിവയിലും പ്രാവീണ്യമുള്ള കലാകാരനുമായിരുന്നു എം കെ കൃഷ്ണന്‍. പ്രാദേശിക സമിതി കള്‍ക്കു വേണ്ടി ഒട്ടറെ നാടകങ്ങളും രചിച്ചു. ഇതു കൂട്ടാതെ  സംഗീതം, ഹര്‍മോണിയം എന്നിവയില്‍ കുട്ടികള്‍ക്ക് പരിശീല നവും കൊടുത്തിരുന്നു. 'ചേട്ടന്‍ ചെങ്ങര' എന്ന നാമത്തിലാണ് എം കെ കൃഷ്ണന്‍ അക്കാലത്ത് അറിയപ്പെട്ടിരുന്നത്. അതോടൊപ്പംതന്നെ സാംബവ മഹാസഭയുടെ സ്ഥാപക ശാഖാസെക്രട്ടറിയായി പ്രവര്‍ത്തിച്ചുതുടങ്ങിയ എം കെ കൃഷ്ണന്‍ സംസ്ഥാന പ്രസിഡന്റു വരെയായി ഉയര്‍ന്നുകൊണ്ട് സമുദായ പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എം കെ കൃഷ്ണന്‍ ദലിത് സ്വത്വരാ ഷ്ട്രീയ ചിന്താഗതി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് പ്രസ്ഥാനത്തില്‍ നിന്നും തഴയപ്പെടുകയായിരുന്നു. അപ്പോള്‍ 'പട്ടിമറ്റം കൃഷ്ണന്‍' എന്നാണ് അറിയപ്പെട്ടിരുന്നത്.

അരവിന്ദ് കുടുംബത്തിന്റെ കലാപാരമ്പര്യത്തില്‍ ഉള്‍പ്പെട്ടിരു ന്നുവെങ്കിലും അഭിരുചി വ്യത്യസ്തമായിരുന്നു. പടംവരയിലും പെയിന്റിംഗിലുമായിരുന്നു അരവിന്ദിന് താത്പര്യം. ആ ശാഖയില്‍പ്പെടുന്ന ഛായാഗ്രഹണകലയില്‍ അറിയപ്പെടുന്നൊ രാളായിമാറുക എന്നത് തന്റെ സ്വപ്‌നാഭിലാഷമായി അരവിന്ദ് കൂടെ കൊണ്ടു നടന്നിരുന്നു. ആ സ്വപ്‌നം സാക്ഷാത്കരിക്കു ന്നതിനുള്ള ചുവടുവെപ്പുകള്‍ക്കായി ശ്രമിച്ചപ്പോഴാണ് ഔപചാരി കമായി ഫോട്ടോഗ്രാഫി പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ നാട്ടിലില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കുന്നത്.

പ്രീ - ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ പ്രാദേശിക ഫോട്ടോ സ്റ്റുഡിയോകളില്‍ പരിശീലനത്തിന് ചേരാനാവുമോ എന്ന് തിരക്കിനോക്കി. അതിനും സാധ്യതകള്‍ തീരെ ഉണ്ടായിരുന്നില്ല. കാരണം ഫോട്ടോഗ്രാഫി പരിശീലനം അതില്‍ പ്രാവീണ്യമുള്ള വരുടെ കുടംബ സ്വത്ത് പോലെയായിരുന്നു. അച്ഛന്‍, മകന് അല്ലെങ്കില്‍ അടുത്ത ബന്ധുവിനല്ലാതെ ഈ ജ്ഞാനരൂപം കൈമാറു മായിരുന്നില്ല. എങ്കിലും അന്വേഷണങ്ങള്‍ക്കൊടുവില്‍, കോലഞ്ചേ രിയിലുള്ള ഒരു സ്റ്റുഡിയോയില്‍ പരിശീലനത്തിന് ചേരുവാനുള്ള അവസരം ലഭിച്ചു. പ്രതിമാസം 10 രൂപ വേതനവുമുണ്ടായിരുന്നു. പക്ഷെ, അവിടെ യാതൊന്നും പഠിപ്പിക്കുകയുണ്ടായില്ല! ചെറിയ ജോലികള്‍ ചെയ്തുകൊടുക്കുന്ന ഒരു 'റൂം ബോയ്'യുടെ സ്ഥാനം മാത്രമായിരുന്നു അത്. 8 മാസം അവിടെ ജോലി ചെയ്തശേഷം പൊടുന്നനെ, അവിടം വിട്ടുപോകാന്‍ ഉടമയില്‍ നിന്നും നിര്‍ദ്ദേശം വന്നു.

ആ അവസരത്തില്‍ ശാരീരികമായി അച്ഛനും അവശനായി. കുടുംബത്തിന്റെ സാമ്പത്തിക നില പരുങ്ങലിലുമായി. എല്ലാ ദലിത് കലാകാരന്മാരേയും പോലെ അച്ഛനും ജോലിചെയ്തുണ്ടാക്കുന്ന വരുമാനം മുഴുവനും കലാരംഗത്ത് ചിലവഴിക്കുകയാണ് ചെയ്തിരുന്നത്. രാവിലെ പത്രവിതരണം നടത്തുന്ന ജോലിയും തുടര്‍ന്ന് റബ്ബര്‍ ടാപ്പിംഗ് ജോലിയും ചെയ്തശേഷമാണ് അരവിന്ദ് സ്റ്റുഡിയോയില്‍ പൊയ്‌ക്കൊണ്ടിരുന്നത്. അതുകഴിഞ്ഞ് വൈകുന്നേരങ്ങളില്‍ കാക്കനാട് പോയി SESS ല്‍ കാന്റീന്‍ ബോയ് ആയി രാത്രിജോലിയും ചെയ്തുവന്നു. അതോടൊപ്പം ആഴ്ചയറുതി കളില്‍ ഇഗ്നോ (IGNOU) യില്‍ ഡിഗ്രി പഠനത്തിനും ചേര്‍ന്നു. ആഴ്ചയില്‍ ഒരു ദിവസം കമ്പ്യൂട്ടര്‍ പഠനത്തിനായും വിനിയോഗിച്ചു. എല്ലാ ജോലികളില്‍ നിന്നുമായി പ്രതിമാസം 1800 രൂപ ലഭിച്ചിരുന്നു. രാവിലെ പത്രവിതരണവും റബ്ബര്‍ ടാപ്പിംഗും കാന്റീന്‍ ജോലിയും ഡിഗ്രിപഠനവും കമ്പ്യൂട്ടര്‍ പഠനവും തുടര്‍ന്നുകൊണ്ട്, രാപകല്‍ ഭേദമന്യേ ഒഴിവുദിന - വിശ്രമവേളകളില്ലാതെ കഠിനാമായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് സ്റ്റുഡിയോയിലെ 'ജോലി' നഷ്ടമായത്.

കാന്റീന്‍ ജോലിക്കും കമ്പ്യൂട്ടര്‍ പഠനത്തിനുമായി എറണാകുള ത്തേക്കുള്ള യാത്ര അരവിന്ദിന്റെ ജീവിതത്തിലെ വഴിത്തിരിവായി. പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ നിയാസ് മരിക്കാരുടെ സ്റ്റുഡിയോവില്‍ അസിസ്റ്റന്റാകാന്‍ അവസരം ലഭിച്ചു. 12 വര്‍ഷം അവിടെ പരിശീലനം തുടര്‍ന്നു. നിയാസിന്റെ സ്റ്റുഡിയോവില്‍ നിന്നും പകര്‍ന്നുകിട്ടിയ ശേഷിയാണ് അരവിന്ദിന്റെ ജീവിതത്തിലുടനീളം തുണയായത്. അതില്‍ ഏറ്റവും ഗുണകരമായത്, നിയാസിന്റെ ഫോട്ടോഗ്രാഫിക് ബുക്കുകള്‍ വായിക്കാന്‍ അവസരം ലഭിച്ചതാണ്. വിദേശങ്ങളില്‍ നിന്നും വന്നെത്തിയ പുസ്തകങ്ങളായിരുന്നു ആ ശേഖരത്തില്‍ ഏറെയും. ആയിടെ, ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വന്നെത്തിയ ആര്‍ക്കിയോളജിസ്റ്റുകളുടെ ഒരു സംഘത്തില്‍ നിന്നും ഒരു മാസത്തെ പരിശീലനം ലഭിക്കാനിടയായി. വിദേശത്ത് പോയി അഭ്യസിക്കുന്നതിന് തുല്യമായ ഒരു നേട്ടമായിരുന്നു അരവിന്ദിനെ സംബന്ധിച്ചിടത്തോളം അവരില്‍ നിന്നും ആര്‍ക്കി യോളജിയല്‍ ലഭിച്ച ആ അറിവുകള്‍. കയ്യെഴുത്തുപ്രതി കളും താളിയോലകളും ഡോക്യുമെന്റ് ചെയ്യുന്ന അവരുടെ പ്രോജക്ടില്‍ മൂന്നരവര്‍ഷം ജോലിചെയ്യാനുള്ള അവസരവും അരവിന്ദിന് ലഭിച്ചു. ഇപ്പോള്‍ പല ഇന്സ്റ്റിട്ട്യൂട്ടുകളിലും വിസിറ്റിംഗ ഫാക്കള്‍ട്ടിയാണ് അരവിന്ദ് കൃഷ്ണന്‍.

ഇതുവരെ ആരും കടന്നുവരാത്തതും ആസ്വാദകര്‍ക്ക് സുപരിചിത മല്ലാത്തതുമായ സ്റ്റോക്ക് ഫോട്ടോഗ്രാഫി മേഖലയിലാണ് തന്റെ പ്രതിഭയുടെ ഉരകല്ലെന്ന് തിരിച്ചറിയുന്ന അരവിന്ദ് അതില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുകയാണ് ഇപ്പോള്‍. പുതിയ തുടിപ്പായ ത്രി ഡിയില്‍ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. എന്നാല്‍ അതിന്റെ പുരോഗതി അത്രക്ക് ആശാവഹമല്ല. വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയാണ് പ്രധാന ആശ്രയകേന്ദ്രം. അതില്‍ പ്രതിഭ വിനിയോഗിക്കുന്നയാള്‍ക്ക് ഫോട്ടോഗ്രാഫിയില്‍ അദ്വിതീയസ്ഥാനത്ത് എത്തിച്ചേരാം. വെഡ്ഡിംഗ് ഫോട്ടോഗ്രാഫിക്ക് കേരളത്തില്‍ അനുകൂല പരിസരം ലഭ്യമാണ്. എന്നാല്‍ അതുപോലെ അനുകൂലപരിസരം സ്റ്റോക്ക് ഫോട്ടോഗ്രാ ഫിക്ക് ഇതുവരെ ആയിട്ടില്ല. അതൊരു അത്യാവശ്യമാണെന്ന് മലയാളി ആസ്വാദകര്‍ക്ക് തോന്നാത്തതാണ് കാരണം. ഇക്കാര്യ ത്തില്‍ ചിത്രകലയോടുള്ള നിസ്സംഗ സമീപനമാണ് പൊതുവേ കണ്ടുവരുന്നത്. 50 ലക്ഷം മുടക്കി മലയാളി വീടുവെക്കും. പക്ഷെ ഒരു ലക്ഷം മുടക്കി ഒരു ചിത്രം / ഛായാചിത്രം വീടിനുള്ളില്‍ വെക്കില്ല. മലയാളികളുടേതുപെലെ വീടുനിര്‍മാണത്തില്‍ ഫാഷന്‍ ഭ്രമമുള്ള മറ്റൊരു നാട് വേറെയില്ല. 10 വര്‍ഷം പോലും പഴക്കമില്ലാ ത്ത വീടുകള്‍ പൊളിച്ച് ആധുനിക ഫാഷനിലുള്ള വീടുകള്‍ നിര്‍മിക്കുന്നവരുടെ നാടാണിത്! ധാരാളം പേര്‍ ഭവനരഹിതരും ഭൂരഹിതരുമായുള്ള നാട്ടിലെ അവസ്ഥയിതാണ്. അത്തരം മനോഭാവമുള്ളവര്‍ ഒരു ഛായാചിത്രം വിലകൊടുത്തുവാങ്ങു ന്നതെങ്ങനെ? മലയാളിയുടെ ആസ്വാദനത്തിന്റെ നിലവാരം ലോകോത്തരമാണ്. എന്നാല്‍ ഒരു കലാവസ്തുവിന്റെ സംരക്ഷണ മേറ്റെടുക്കാന്‍ അവന്‍ തയാറല്ല! കലാസൃഷ്ടി സംരക്ഷിക്കപ്പെ ട്ടെങ്കില്‍ മാത്രമേ ആസ്വാദകനും കലാകാരനും നിലനില്ക്കുക യുള്ളൂ.

സറ്റോക്ക് ഫോട്ടോഗ്രാഫിക്ക് നേരെയുള്ള നിസ്സംഗത ഒരു വസ്തുത യാണെങ്കിലും താന്‍ നേരിട്ട എല്ലാ പ്രതിസന്ധികളേയും തരണം ചെയ്തതുപോലെ അതിനെ തരണം ചെയ്യാനാവുമെന്ന് അരവിന്ദ് ഉറച്ചു വിശ്വസിക്കുന്നു. സ്റ്റോക്ക് ഫോട്ടോഗ്രാഫ് പ്രദര്‍ശന വേളയൊ രുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ്. ഇതുസംബന്ധിച്ച് പുസ്തകങ്ങള്‍ രചിക്കാനുള്ള പരിശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫിയില്‍ അഭ്യസ്ഥവിദ്യനായ അനുജന്‍ അനീഷ് കൃഷ്ണനുമായി ചേര്‍ന്ന് 'കൊമേഴ്‌സ്യല്‍ പ്രൊഡക്ഷന്‍ ഹൗസ്' എന്ന് വിഭാവനചെയ്യപ്പെട്ട, ഫോട്ടോഗ്രാഫിയിലെ ഒരു ബിസിനസ് സംരംഭത്തിനും ഇപ്പോള്‍ തുടക്കമിട്ടിരിക്കുകയാണ്.

ക്യാമറ സ്വന്തമായുള്ളവന് അനായാസമായി ചെയ്യാവുന്ന ജോലിയല്ല ഫോട്ടോഗ്രാഫി. പ്രതിഭയും അര്‍പ്പണബോധവും അധ്വാനശേഷിയും കൈമുതലുള്ളവരുടെ വിജയമാര്‍ഗമാണത്. ജീവിതവിജയം കൈവരിക്കാനും ആശയാവിഷ്‌കാരം നടത്തുന്നതിനും ഫോട്ടോ ഗ്രാഫി തെരഞ്ഞടുക്കുന്നവരെ നിറഞ്ഞ മനസോടെ അരവിന്ദ് കൃഷ്ണന്‍ സ്വാഗതം ചെയ്യുന്നു. ലോകത്തുള്ള എല്ലാ മനുഷ്യരും ഫോട്ടോഗ്രാഫി തെരഞ്ഞെടുത്താല്‍ പോലും നിങ്ങളൊരാള്‍ക്ക് അതില്‍ വിജയിയാകാം, നിങ്ങളതിന് തയാറുണ്ടോ എന്നതാണ് പ്രശ്‌നം! 

തിരുവാങ്കുളം സ്വദേശിനി ദീപ്തിയാണ് അരവിന്ദിന്റെ ജീവിത പങ്കാളി. രണ്ടു മക്കള്‍. അഥിതിയും ശരവണും.