"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 20, വ്യാഴാഴ്‌ച

രജനി എസ് ആനന്ദ്: ഈ ദുരന്ത ത്തെ അനാഥ മാക്കുവാന്‍ നമുക്കെ ന്തവകാശം - എം ആര്‍ രേണുകുമാര്‍തിരസ്‌കൃതവും പതിതവുമായ സമകാലിക ദലിത് ജീവിതത്തിന്റെ അരക്ഷിത മുഖമാണ് രജനി എസ് ആനന്ദ് എന്ന കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനിയറിഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിലൂടെ അനാ വരണം ചെയ്യപ്പെട്ടിരിക്കുന്നത്. പ്രാന്തവത്കരിക്കപ്പെട്ടവരുടെ ജീവിതത്തോട് ഭരണകൂടവും സമൂഹവും സ്ഥാപനങ്ങളും വെച്ചു പുലര്‍ത്തുന്ന നിഷേധാത്മക സമീപനങ്ങളുടെ ആഴം എത്രത്തോളം മാനുഷികവിരുദ്ധമാണെന്ന് ഓര്‍മപ്പെടുത്താന്‍ ഒരു പെണ്‍കുട്ടിക്ക് തന്റെ ജീവിതം തന്നെ വെടിയേണ്ടിവന്നു എന്ന യാഥാര്‍ത്ഥ്യം കേരള സമൂഹത്തെ പൊതുവിലും ദലിത് സമൂഹത്തെ പ്രത്യേകിച്ചും പുനരാലോചനകളിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്.ഒറ്റക്കും കൂട്ടമായും പെരുകുന്ന ആത്മഹത്യകള്‍കൊണ്ട് നിറഞ്ഞ വര്‍ത്തമാനപ്പത്രങ്ങള്‍ ആരിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാ തെ പോകെയാണ് ഭിന്നമായ ഒരു ദുരന്ത ഇടപെടലിലൂടെ രജനി ഭരണകൂടത്തേയും മലയാള ഭാവുകത്വത്തേയും അസ്വസ്ഥതയുടെ മുള്‍മുനയിലേക്ക് തള്ളിയിട്ടത്. ദിവസങ്ങള്‍ക്കപ്പുറത്തേക്ക് ഈ അവസ്ഥകള്‍ വളരില്ലെന്ന് നമുക്കറിയാം. എങ്കിലും മനസാക്ഷി കൈമോശം വന്നിട്ടില്ലാത്തവര്‍ക്കു മുന്നില്‍ വിറക്കുന്ന ഒരു ചൂണ്ടുവിരലായി രജനി കുറേക്കാലമുണ്ടാകും. കുറച്ചുപേരെങ്കിലും അവളെ ഒരുകാലത്തും മറക്കാനിടയില്ല.

ജൂലൈ 22 ആം തിയതിയാണ് ഒരു ബഹുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി രജനി ആത്മഹത്യ ചെയ്തത്. ഇന്ത്യന്‍ ഓവര്‍ സീസ് ബാങ്കില്‍ നിന്നും വിദ്യാഭ്യാസവായ്പ ലഭിക്കാതെവന്നതു മൂലമുണ്ടായ അഭിമാനക്ഷതമാണ് പെണ്‍കുട്ടിയെ പ്രസ്തുത കൃത്യത്തിലേക്ക് നയിച്ചത്. വായ്പ കിട്ടാതെ പോയതുകൊണ്ടു മാത്രമാണ് രജനി ആത്മഹത്യചെയ്തതെന്ന് കരുതുന്നതില്‍ അപാക തയുണ്ട്. ഒരു ദലിത് പെണ്‍കുട്ടി എന്ന നിലക്ക് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിദ്യാഭ്യാസരംഗത്തും സാമൂഹ്യരംഗത്തും അനുഭ വിച്ചുപോന്ന അരക്ഷിതാവസ്ഥയുടേയും വിവേചനങ്ങ ളുടേയും ഫലമായുണ്ടായ മാനസിക സമ്മര്‍ദ്ദങ്ങളുടെ ആകെത്തുക യായേ ഈ ദുരന്തത്തെ കാണാന്‍ കഴിയൂ.

ആത്മഹത്യയുടെ വിളുമ്പില്‍ തൂങ്ങിയാടുന്ന നിരവധി രജനിമാര്‍ സമകാലിക കേരളത്തില്‍ എത്രവേണമെങ്കിലുമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തും, ഗവേഷണരംഗത്തും മറ്റും ട്രഷറി ബാന്‍, മന്തിലി സീലിംഗ് തുടങ്ങിയ സാങ്കേതികത്വങ്ങളില്‍ കുരുങ്ങി എത്ര ദലിത് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങളാണ് മുടങ്ങു കയോ, തടയപ്പെടുകയോ ചെയ്യുന്നത്. പണയം വെച്ചും, കൊള്ളപ്പ ലിശക്ക് കടം വാങ്ങിയും പഠനച്ചെലവുകള്‍ക്ക് പണം കണ്ടെത്തുന്ന ദലിത് വിദ്യാര്‍ത്ഥി സമൂഹത്തെ കേരളത്തിലെ ഏത് കാമ്പസുകളി ലും കാണാവുന്നതാണ്. ദലിത് വിദ്യാര്‍ത്ഥി സമൂഹം അനുഭവിക്കു ന്ന പ്രശ്‌നങ്ങളിലേക്ക് ആഴുവാന്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം ഹോമിക്കേണ്ടി വന്നുവെങ്കിലും ആ ദുരന്തത്തെ അനാഥമാക്കുവാന്‍ നമുക്ക് അവകാശമില്ല.

കേരളത്തിലെ പ്രതിപക്ഷത്തിലും അവരുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും അവരുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കപ്പുറം, പ്രശ്‌നത്തിന്റെ മൂലകാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍ താത്പര്യമില്ല. അവര്‍ക്കിതൊരു സ്വകാര്യവത്കരണ പ്രശ്‌നമാണ്. മറിച്ച്, ദലിത് പ്രശ്‌നമല്ല. ഭരിക്കുന്നത് എല്‍ഡിഎഫ് ആയിരുന്നെ ങ്കിലും രജനിക്ക് ആത്മഹത്യചെയ്യേണ്ടി വന്നേനെ. അങ്ങനെയായി രുന്നെങ്കില്‍ ഇപ്പോള്‍ കെഎസ് യു നടത്തിയ ഇടപെടല്‍ പോലും എസ്എഫ്‌ഐയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നതിന് യാതൊ രുറപ്പുമില്ല. കേവലമായ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കപ്പുറ ത്തേക്ക് സ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇടപെടലുകള്‍ നീളാറില്ല. ഒരു സംഭവവും നിലനില്ക്കുന്ന അസന്തുലിതമായ സാമൂഹ്യ സാമ്പ ത്തിക വ്യവസ്ഥിതിയോട് കലഹിക്കാന്‍ അവരെ പ്രേരിപ്പിക്കുക യില്ല. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നതുകൊണ്ടാണ് ദലിത് സംഘടനകളുടെ ദ്രുത ഇടപെടലുകളുടെ അഭാവം അക്ഷന്തവ്യവും കുറ്റകരമായ അനാസ്ഥയായി എണ്ണുന്നത്. ദലിത് സംഘടനകള്‍ എപ്പോഴുമെന്നതുപോലെ വളരെ വൈകി പ്രതികരിച്ചു തുടങ്ങിയേ ക്കാം. പക്ഷെ അതുകൊണ്ടായില്ലല്ലോ. ജീവിച്ചിരിക്കുന്നു എന്നതിന് കേവലമായ ചലനങ്ങള്‍ക്കപ്പുറം ചടുലമായ ചില അടയാളങ്ങളാണ ല്ലോ വേണ്ടത്.

ഈ വിധമൊക്കെ സംഭവിപ്പാന്‍ കാരണമായിട്ടും അധികാര കേന്ദ്രങ്ങളും ചില പത്രങ്ങളുമൊക്കെ പ്രസ്തുത സംഭവത്തോട് പ്രതികരിക്കുന്ന രീതി കാണുമ്പോഴാണ് ഇവര്‍ക്കുള്ള ദലിത് വിരുദ്ധ താത്പര്യം എത്ര ശക്തമാണെന്ന് വെളിപ്പെടുന്നത്. നിഷ്പക്ഷ സമീപനം പോലും ക്രൂരമാകുന്ന ഇത്തരമൊരവസ്ഥയില്‍ പ്രതിഭാഗം ചേരുന്നവരെ നിര്‍മാനവികതയുടെ ഏത് ഉയരത്തോടാണ് ഉപമിക്കേണ്ടത്. ഇവര്‍ക്കു താത്പര്യം രജനിയെ ആത്മഹത്യയിലേ ക്കു നയിച്ച കാരണങ്ങല്‍ തിരയാനല്ല, മറിച്ച് മറ്റു ചിലത് പറയാനാണ്. രജനിയെക്കുറിച്ച് പത്രങ്ങള്‍ നിരത്തുന്ന ചില അഭിപ്രായങ്ങള്‍ കേള്‍ക്കുക. രണ്ടാം സെമസ്റ്റര്‍ മുതല്‍ രജനിക്ക് പഠനത്തോട് താത്പര്യം കുറഞ്ഞു വരുന്നതായി സഹപാഠികള്‍ സൂചിപ്പിക്കുന്നു. കവിതയെഴുതാനാണ് ഏറെ സമയം വിനിയോഗിച്ചിരുന്നത് എന്ന് ഒരു പത്രം. പഠനം = നല്ലത്, കവിത = ചീത്ത എന്നൊരു തുറന്ന സൂചന തരുന്നുണ്ട് മേല്‍ പ്രസ്താവന. പഠിത്തത്തിലൊന്നും താത്പര്യമില്ലാത്ത ഒരു കവിതാ കമ്പക്കാരിയായിരുന്നത്രേ രജനി എന്നു തോന്നിയാല്‍ പിന്നെ പ്രശ്‌നം ലഘൂകരിക്കപ്പെട്ടോളുമല്ലോ. നടന്ന പരീക്ഷകളില്‍ പലതിലും തോറ്റ പെണ്‍കുട്ടിയാണ് രജനി എന്നാണ് ഈ സംഭവ ത്തെക്കുറിച്ച് വകുപ്പു മന്ത്രിയുടെ കമന്റ്. (അതുകൊണ്ട് ആത്മ ഹത്യ ചെയ്‌തോട്ടേന്നോ!) എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സിന് മെറിറ്റില്‍ പ്രവേശനം കിട്ടിയ ഒരു ദലിത് പെണ്‍കുട്ടി സാമൂഹിക കാരണങ്ങളാല്‍ പരാജയപ്പെടുന്നതിന്റെ അടിയൊ ഴുക്കുകള്‍ ബോധ്യപ്പെടാന്‍ സാമാന്യ ജ്ഞാനം തന്നെ അധികമാ യിരിക്കെ സംഭവത്തെ ഡിമോറലൈസ് (demoralise) ചെയ്യാനാണ് മന്ത്രി ഇത്തരമൊരു കമന്റ് നടത്തിയതെന്ന് വ്യക്തം.

രജനിയുടെ ആത്മഹത്യയുടെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്നും ഒരു പുല്‍ക്കൊടിക്കുപോലും ഒഴിഞ്ഞുമാറാന്‍ കഴിയാതിരി ക്കുമ്പോഴും പ്രസ്തുത സംഭവത്തില്‍ കൈകഴുകിക്കൊണ്ട് സംസാ രിക്കാനാണ് രജനി പഠിച്ചിരുന്ന വിദ്യാലയത്തിലേയും ഹോസ്റ്റലി ലേയും പട്ടികജാതി ക്ഷേമ വകുപ്പിലേയും മറ്റും അധികാരികളുടെ താത്പര്യം. മനുഷ്യത്വരാഹിത്യത്തിന്റെ സമാന്തരങ്ങളില്ലാത്ത ഉദാഹരണങ്ങളായേ ഇതിനെ വിലയിരുത്താനാവൂ. ബുധനാഴ്ച രാത്രി (ആത്മഹത്യയുടെ തലേ ദിവസം) രജനി എവിടെയായിരുന്നു എന്നതിനെപ്പറ്റി യാതൊരു വിവരവുമില്ല എന്ന് ദീപികയുടെ റിപ്പോര്‍ട്ടര്‍ ബിജു കുര്യന്‍ (ജൂലൈ 25) എഴുതുന്നു. (രാത്രിയാണല്ലോ കുഴപ്പം മുഴുവന്‍ സംഭവിക്കുന്നത്). ആത്മഹത്യ ചെയ്തത് ഒരാണ്‍കു ട്ടിയായിരുന്നുവെങ്കില്‍ റിപ്പോര്‍ട്ടര്‍ക്ക് ഇങ്ങനെയൊരു 'രാത്രി സംശയ'മേ ഉണ്ടാകുമായിരുന്നില്ല. മറിച്ച് ഒരു പാവപ്പെട്ട പെണ്‍കു ട്ടിയുടെ മൃതദേഹത്തോടോ, അവളുടെ വേര്‍പാടില്‍ മനം നൊന്ത് പിടയുന്ന അച്ഛനമ്മമാരോടോ കൊടിയ ദുരന്തങ്ങളുടെ വിളിപ്പാട കലെ ജീവിതം നരകിച്ചു തീര്‍ക്കുന്ന ദലിത് സമൂഹത്തോടോ നീതി പുലര്‍ത്തുന്നുമില്ല.

രജനിയുടെ ആത്മഹത്യ തികച്ചും വ്യക്തിപരമായ ചില ഇല്ലായ്മകളെ തുടര്‍ന്നുണ്ടായ ഒന്നല്ല. സാമൂഹ്യനിര്‍മിതിയിലെ പാളിച്ചകളെ തുടര്‍ന്ന് സംജാതമായ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്നതിലുണ്ടായ പരാജയമാണ്. ഒരു സ്വകാര്യവത്കരണാനന്തര ദുരന്തം എന്ന ഭാഷ്യത്തിനപ്പുറത്തേക്ക് നീളുന്നു രജനിയുടെ ആത്മഹത്യയുടെ കാരണങ്ങല്‍ എന്നു പറയാന്‍ ദലിത് സമൂഹം ശക്തിപ്പെടേണ്ടതുണ്ട്.