"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 1, ശനിയാഴ്‌ച

സംവരണം: യോഗ്യത ഉണ്ടെന്നുള്ളത് ഉദ്യോഗം ഭരിക്കുന്നതിനുള്ള അര്‍ഹതയാകുന്നില്ല!


പ്രശ്‌നം: 100 മാര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയില്‍ നേടിയ ഉയര്‍ന്ന ജാതിക്കാരെ മറികടന്ന് 80 ശതമാനം മാര്‍ക്ക് നേടിയ പട്ടികജാതി / പട്ടികവര്‍ഗക്കാര്‍ക്ക് ഉദ്യോഗങ്ങള്‍ നല്കുന്നത് അനീതിയാണ്.

വിശദീകരണം: യോഗ്യതയുള്ളവര്‍ക്ക് മാത്രം ഉദ്യോഗങ്ങള്‍ നീക്കിവെച്ചാല്‍ മതി എന്നു വാദിക്കുമ്പോള്‍ ആര്‍ക്കാണ് യോഗ്യതയുള്ളത് എന്ന ചോദ്യത്തിന് ഉത്തരം തരേണ്ടതുണ്ട്. ഇവിടെ ഉന്നയിച്ചിരിക്കുന്ന പ്രശ്‌നത്തില്‍ യോഗ്യത ഉയര്‍ന്ന സമുദായത്തില്‍ (സവര്‍ണര്‍) പെട്ടവര്‍ക്കുമാത്രമേയുള്ളൂവെന്നും പട്ടികജാതി / പട്ടികവര്‍ഗക്കാര്‍ക്ക് (ദലിതര്‍) യോഗ്യതയില്ല എന്നും കരുതുന്ന തായി കാണാം. സവര്‍ണരുടെ യോഗ്യതയും ദലിതരുടെ യോഗ്യത യില്ലായ്മയും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണോ? ആരാണ് അത് നിശ്ചയിച്ചത്? അതിനുള്ള മറുപടി വഴിയേ തരാം. അതിനുമുമ്പ് ഈ പറയുന്ന യോഗ്യത കല്പിക്കപ്പെട്ടിരിക്കുന്നവര്‍ക്കു മാത്രമായി സകല ഉദ്യോഗങ്ങളും ഭരിക്കാന്‍ അര്‍ഹതയില്ല എന്ന വാദത്തെ സമര്‍ത്ഥിക്കേണ്ടതുണ്ട്. യോഗ്യതയുള്ളവര്‍ മാത്രം ഉദ്യോഗം ഭരിക്കുന്നതിനെതിരേ കേരളത്തില്‍ നടന്ന രണ്ടു സമരങ്ങളുടെ വിശദാംശങ്ങളിലേക്ക് പോകാം-1) മലയാളിമെമ്മോറിയല്‍: 1891 ജനുവരി 11 ന് 10038 പേര്‍ ഒപ്പുവെച്ച ഒരു നിവേദനം തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന് സമര്‍പ്പിക്കുകയുണ്ടായി. തിരുവിതാംകൂര്‍ രാജ്യത്തെ ഉദ്യോഗങ്ങളെല്ലാം ഭരിച്ചിരുന്നത് തമിഴ്, മറാത്തി ബ്രാഹ്മണര്‍ മാത്രമായിരുന്നു. ഉദ്യോഗമേഖലയില്‍ നിന്ന് വിരമിക്കുമ്പോഴു ണ്ടാകുന്ന ഒഴിവിലേക്കുപോലും പരദേശി ബ്രാഹ്മണരെയാണ് പരിഗണിച്ചിരുന്നത്. ഇതില്‍ അമര്‍ഷം പൂണ്ട ഒരുകൂട്ടം സ്വദേശികള്‍, തിരുവിതാംകൂറിലെ ഉദ്യോഗങ്ങളിലേക്ക് തങ്ങളേയും പരിഗണി ക്കണം എന്നാണ് പ്രധാനമായും നിവേദനത്തിലൂടെ ആവശ്യപ്പെട്ടി രുന്നത്. കെ പി കേശവമേനോന്‍, കെ പി പത്മനാഭമേനോന്‍, ജി പി പിള്ള, നിധീരി വക്കീല്‍, എം കെ പത്മനാഭപിള്ള, നാഗര്‍കോവില്‍ ശിവന്‍ പിള്ള, കാവാലം നീലകണ്ഠപ്പിള്ള എന്നിവരാണ് നിവേദന ത്തില്‍ ഒപ്പിട്ട പ്രമാണിമാര്‍.

ശ്രദ്ധിക്കേണ്ട വസ്തുത: ഇവിടെ യോഗ്യതമാത്രം അര്‍ഹതയായി പരിഗണിക്കുകയായിരുന്നുവെങ്കില്‍ മലയാളി സവര്‍ണര്‍ ഇങ്ങനെയൊരു നിവേദനം കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. കാരണം ബ്രാഹ്മണര്‍ക്കാണല്ലോ വിദ്യാധികാരമുള്ളത്. മലയാളി ശൂദ്രരായ നായന്മാര്‍ക്ക് വിദ്യാധികാരമില്ല. അപ്പോള്‍ വിദ്യാഭ്യാസ യോഗ്യതയുള്ള ബ്രാഹ്മണര്‍ ഉദ്യോഗം ഭരിക്കുന്നതില്‍ എന്താണ് അനീതി? മുകളില്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യകര്‍ത്താവ് വ്യക്തമാക്കുന്നത് യോഗ്യതയുള്ളവര്‍ക്കുമാത്രമാണ് ഉദ്യോഗത്തിന് അര്‍ഹത എന്നാണല്ലോ! അപ്പോള്‍ ചോദ്യമിതാണ്, എന്തിനുവേണ്ടി യായിരുന്നു മലയാളി മെമ്മോറിയല്‍?

ഈഴവ മെമ്മോറിയല്‍: മലയാളിമെമ്മോറിയല്‍ 'നായര്‍ മെമ്മോ റിയല്‍' ആയി വിലയിരുത്തപ്പെട്ടു. 1891 ജൂണ്‍ 3 ആം തിയതി രാജാവിനു സമര്‍പ്പിച്ച ബ്രാഹ്മണരുടെ നിവേദനമായ 'ബദല്‍ മെമ്മോറിയല്‍' ന്റെ നേതാവായിരുന്ന രാമയ്യനാണ് മലയാളിമെ മ്മോറിയലിനെ നായര്‍ മെമ്മോറിയലായി വിലയിരുത്തിയത്. ഇരു മെമ്മോറിയലുകളും ഈഴവരെ പരിഗണിച്ചിരുന്നില്ല. 1892 ല്‍ ശങ്കരസുബ്ബയ്യര്‍ ദിവാനായി സ്ഥാനമേറ്റതോടുകൂടി തിരുവി താംകൂറിലെ ഉദ്യോഗങ്ങളില്‍ നായര്‍മാര്‍ക്ക് നിര്‍ണായ പങ്കാളിത്തം ലഭിച്ചു. അതൊടെ ഈഴവര്‍ തഴയപ്പെടുകയും ചെയ്തു. മലയാളി മെമ്മോറിയലിന്റെ അതേ ആവശ്യമുന്നയിച്ച് ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ 1896 സെപ്തംബര്‍ 3 ന് രാജാവിന് സമര്‍പ്പിച്ച, 13107 ഈഴവര്‍ ഒപ്പിട്ട നിവേദനമാണ് 'ഈഴവ മെമ്മോറിയല്‍' (മെമ്മോറി യലുകളെ സംബന്ധിച്ച പഠനമല്ലാത്തതിനാല്‍ ഈ കുറിപ്പില്‍ കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോകുന്നില്ല)

ശര്ദ്ധിക്കേണ്ട വസ്തുത: ഇവിടെയും യോഗ്യതയാണ് മാനദണ്ഡമെ ങ്കില്‍ നായന്മാര്‍ തന്നെ ഉദ്യോഗം ഭരിച്ചാല്‍ മതിയായിരുന്നു. പിന്നെന്തിനായിരുന്നു ഈഴവമെമ്മോറിയല്‍? 

* യോഗ്യത മാത്രം പരിഗണിക്കുമ്പോള്‍ ആദ്യത്തെ ചരിത്രസന്ദര്‍ഭ ത്തില്‍ നായര്‍മാരും രണ്ടാമത്തേതില്‍ ഈഴവരും പിന്‍തള്ളപ്പെടു ന്നു. എന്താ അവര്‍ അര്‍ഹരല്ലേ? ആണ്. എന്തിന്റെ അടിസ്ഥാന ത്തില്‍? 'യോഗ്യത'യുടെ അടിസ്ഥാനത്തില്‍ !

* അസ്പൃശ്യര്‍ക്ക് സംവരണം അനുവദിച്ചാല്‍ അവരിലെ കഴിവുള്ളവര്‍ തന്നെ തെരഞ്ഞെടുക്കപ്പെടും - ഡോ. ബി ആര്‍ അംബേഡ്കര്‍.

ഏതൊരു തെരഞ്ഞെടുപ്പിലും യോഗ്യത തന്നെയാണ് പരിഗണി ക്കേണ്ടത്. ഇവിടത്തെ പ്രശ്‌നം, ബ്രാഹ്മണരെപ്പോലെ യോഗ്യത യുള്ളവര്‍ ചിലര്‍ നായര്‍മാരുടെ ഇടയിലും നായര്‍മാരെ പോലെ യോഗ്യരായവര്‍ ചിലര്‍ ഈഴവരുടെ ഇടയിലും ഉണ്ടായിരുന്നു എന്നുള്ളതാണ്. യോഗ്യരായ ആ 'ചിലര്‍' പോലും 'അര്‍ഹര'ല്ലെന്ന് വിലയിരുത്തുന്നതായിരുന്നു ഇവിടെ നിലനില്ക്കുന്ന സാമൂഹ്യ ക്രമം. നേരെ മറിച്ച് 'യോഗ്യര'ല്ലാത്ത 'ചിലര്‍' ബ്രാഹ്മണരിലുമുണ്ട്. അവര്‍ 'അര്‍ഹരാ'കുന്നു എന്നുള്ളത് ഈ സാമൂഹികക്രമത്തിന്റെ വൈരുധ്യമാണ്!

ശ്രദ്ധിക്കേണ്ട വസ്തുത: യോഗ്യരെ അര്‍ഹരാക്കുന്നതിനുള്ള വിലങ്ങുതടി ജാതിവ്യവസ്ഥയാണ്. അത് ബ്രാഹ്മണര്‍ മാത്രം യോഗ്യരാണെന്നും ശൂദ്രര്‍ തൊട്ടുള്ള വിഭാഗങ്ങള്‍ അയോഗ്യ രാണെന്നും മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു. ആ നിശ്ചയ ത്തില്‍ മാറ്റം വരുത്താന്‍ ജാതിവ്യവസ്ഥ തയാറല്ല. അത് സനാത നമാണ് (എന്നെന്നേക്കും പൂര്‍വസ്ഥിതം). അങ്ങനെയാണ് ജാതിവ്യവസ്ഥ പൗരന്മാര്‍ക്കിടയില്‍ അന്തരമുണ്ടാക്കുന്നത്. ഈ അന്തം ഇല്ലാതാക്കുന്നതിനാണ് സംവരണം. ആ അര്‍ത്ഥത്തില്‍ മലയാളി മെമ്മോറിയലും ഈഴവമെമ്മോറിയലും സംവരണസമരം തന്നെയാണ്. എന്നാല്‍ സംവരണം ദലിതര്‍ക്ക് ഉദ്യോഗം നേടാനുള്ള എളുപ്പവഴി മാത്മാണെന്ന് ധരിച്ചുവെച്ചിട്ടുള്ള നായര്‍മാരും ഈഴവരും തങ്ങള്‍ നടത്തിയിട്ടുള്ള സമരത്തെ - നിവേദനങ്ങളെ - സംവരണസമരമെന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.

പട്ടികജാതിക്കാരും വര്‍ഗക്കാരുമായതുകൊണ്ടുമാത്രം അവര്‍ക്ക് ഉദ്യോഗം കൊടുക്കണമെന്ന് ആരും അവശ്യപ്പെടുന്നില്ലെന്ന് ഡോ. അംബേഡ്കര്‍ സൂചിപ്പിച്ചിട്ടുണ്ട്. ചിലര്‍ക്കു മാത്രമേ കഴിവുള്ളൂ ചിലര്‍ക്ക് കഴിവില്ല എന്നു ഉറപ്പിച്ചുപറയുന്നതാരാണ്? മൂന്നാതൊരു കൂട്ടരായിരുന്നുവെങ്കില്‍ അതിന്റെ താത്വികവശം മുഖവിലക്കെ ടുക്കാമായിരുന്നു. ഇവിടെ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തുന്ന താരാണ്? കഴിവുണ്ട് എന്നു ഉറപ്പിച്ചു പറയുന്ന ഉന്നതകുലജാതര്‍! അത് അവരുടെ നില ഭദ്രമാക്കുന്നതിനുവേണ്ടിയുള്ള കുയുക്തി മാത്രമാണ്. ആ അനീതിയെയാണ് ഡോ. അംബേഡ്കര്‍ എതിര്‍ക്കു ന്നത്. വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവകാശം എല്ലാവര്‍ക്കു മുണ്ടാകട്ടെ. ഈ അവകാശം അവര്‍ക്ക് തടഞ്ഞുവെക്കുകയും നിങ്ങള്‍ യോഗ്യരല്ല എന്ന് വിധികല്പിക്കുകയും ചെയ്യുന്നതാണ് അനീതി. ആ അനീതിയെ ഉച്ചാടനം ചെയ്യുന്ന നീതിയാണ് സംവരണം.

* ഇനി എങ്ങനെയാണ് ഒരു വിഭാഗം ജനങ്ങള്‍ കഴിവുകെട്ടവരായി - അയോഗ്യരായിത്തീരാന്‍ ഇടയായതെന്ന് വിശദീകരിക്കേണ്ടതുണ്ട്. അംബേഡ്കര്‍ പറഞ്ഞു; 'ചാതുര്‍വര്‍ണ്യമെന്ന ഈ നികൃഷ്ടസ മ്പ്രദായത്തിന്റെ പേരില്‍ ഹിന്ദുക്കളിലെ താഴ്ന്ന വര്‍ഗങ്ങള്‍ പ്രത്യക്ഷസമരം നടത്താന്‍ തീര്‍ത്തും കഴിവില്ലാത്തവരാക്കപ്പെട്ടു. അവര്‍ക്ക് ആയുധമെടുക്കാന്‍ കഴിഞ്ഞില്ല. ആയുധമില്ലാതെ പ്രക്ഷോഭണം നടത്തുന്നതെങ്ങനെ? അവരെല്ലാം ഉഴവുകാരാ യിരുന്നു; ഉഴവുകാരാകന്‍ വിധിക്കപ്പെട്ടവരായിരുന്നു. അവരുടെ കലപ്പക്കൊഴുവിനെ കരവാളാക്കിമാറ്റാന്‍ അനുവദിച്ചിരുന്നില്ല. അവര്‍ക്ക് ബയണറ്റുകളില്ലായിരുന്നു. അതിനാല്‍ ആര്‍ക്കുവേ ണമെങ്കിലും അവരെ മെക്കിട്ടുകേറാന്‍ കഴിയുമായിരുന്നു. ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ അവര്‍ക്ക് വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ല. അവരുടെ രക്ഷയെപ്പറ്റി അറിയാനോ ചിന്തിക്കാനോ അവര്‍ക്കു കഴിഞ്ഞില്ല. അധഃസ്ഥിതരായിക്കഴിയാന്‍ വിധിക്കപ്പെട്ട അവര്‍ രക്ഷാമാര്‍ഗം അറിയാതെ, രക്ഷോപായങ്ങളില്ലാതെ നിത്യമായ അടിമാവസ്ഥയുമായി പൊരുത്തപ്പെട്ടു. (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 74)'

* വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കും ലഭ്യമായല്‍ എല്ലാവരും യോഗ്യരായിത്തീരുന്നു. വിദ്യാഭ്യാസാവകാശം സാര്‍വത്രികമല്ലാത്ത ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പ്രയോജന പ്പെടുത്തി 'യോഗ്യത' നേടുന്ന 'ചിലരു'ണ്ട്. അവരെ ഉദ്യോഗത്തിന് 'അര്‍ഹരാ'ക്കുന്നതില്‍ നിന്നുപോലും ജാതിവ്യവസ്ഥ തടയുന്നു എന്നതിന് വി. വേലായുധന്റെ ഈ അനുഭവം മികച്ച ഉദാഹരണ മാണ്; 'തിരുവിതാംകൂറില്‍ ആദ്യമായി ബി എ ഡിഗ്രിയെടുത്ത വി വേലു എന്ന ഈഴവന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചത് മദിരാശി ഗവണ്മെന്റിന്റെ കീഴിലായിരുന്നു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ നല്കിയ ഉദ്യോഗാപേക്ഷക്ക് ലഭിച്ച മറുപടിയില്‍ വോലുവിനോട് സ്വന്തം കുലത്തൊഴിലില്‍ (കള്ളുചെത്ത്) ഏര്‍പ്പെടുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സവര്‍ണരൊ ഴികെ മറ്റു ജനവിഭാഗങ്ങള്‍ ഭരണക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ മാത്രമല്ല അതിന്റെ നാലയലത്തുപോലും പ്രവേശിക്കാന്‍ തിരുവിതാംകൂര്‍ 'ധര്‍മ'രാജ്യത്തിലെ പൊന്നുതമ്പുരാക്കന്മാര്‍ സമ്മതിച്ചിരുന്നില്ല. സ്ഥിതിഗതികളില്‍ മാറ്റം വരുന്നത് ബ്രിട്ടീഷധികാരികള്‍ ഭരണം നിയന്ത്രിക്കാന്‍ തുടങ്ങിയതിനുശേഷം മാത്രമാണ്.' (ഫോഴ്‌സ് ന്യൂസ് മാസിക. 1994 ഫെബ്രുവരി ലക്കം)

വി വേലായുധന്‍ തനിക്ക് ലഭിച്ച വിദ്യാഭ്യാസാവകാശം വിനിയോ ഗിച്ചാണ് ബി എ ബിരുദം നേടി യോഗ്യനായത്. എന്നാല്‍ അര്‍ഹി ക്കുന്ന ഉദ്യോഗം സ്വന്തം നാട്ടില്‍ ലഭിക്കുകയുണ്ടായില്ല. യോഗ്യത യുണ്ട് എന്ന് സ്വയം നിശ്ചയിക്കപ്പെട്ട വിഭാഗത്തിനു മാത്രമായി ഉദ്യോഗങ്ങള്‍ മൊത്തമായി നീക്കിവെക്കുന്നത് ജനാധിപത്യ കീഴ് വഴക്കമല്ല. അത്തരം ഫാസിസ്റ്റ് നടപടികളെ പിളര്‍ത്തുന്ന വിപ്ലവപ്രവര്‍ത്തനമാണ് 'സംവരണം'.

@ ഒന്നാം ഭാഗം.