"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 20, വ്യാഴാഴ്‌ച

രജനി എസ് ആനന്ദ്: കേരള ത്തില്‍ അരങ്ങേ റുന്ന 'ശംബൂക വധ'ത്തി നിരയായ എഞ്ചിനീ യറിംഗ് വിദ്യാര്‍ത്ഥിനി...!തിരുവനന്തപുരം വെള്ളറട പട്ടിക്കുടിവിള റോഡരികത്ത് എ ശിവാനന്ദന്റെ മകള്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന രജനി എസ് ആനന്‍്, 2004 ജൂലൈ 22 ന് പൊതു പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഓഫീസ് ഉള്‍ക്കൊള്ളുന്ന ചെങ്കല്‍ച്ചൂളയിലെ ഹൗസിംഗബോര്‍ഡ് ബില്‍ഡിംഗിന്റെ ഏഴാം നിലയില്‍ നിന്നും താഴേക്കു ചാടി ആത്മഹത്യ ചെയ്തു. ഉച്ച തിരിഞ്ഞ് 4. 30 നാണ് സംഭവം നടന്നത്. ചെങ്കല്‍ച്ചൂളയില്‍ തന്നെയുള്ള ഫയര്‍ഫോഴ്‌സിലെ ജീവനക്കാര്‍ രജനിയെ ഒരു ഓട്ടോ റിക്ഷയില്‍ വഹിച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീക രിച്ചു. മരിക്കുമ്പോള്‍ രജനിക്ക് 20 വയസ് പ്രായമേ ആയിരുന്നുള്ളൂ.അടൂരുള്ള ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ഇന്‍ ഇലക്ട്രോണിക്‌സ് (IHRDE) എന്ന സ്ഥാപനത്തില്‍ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായിരുന്നു രജനി എസ് ആനന്ദ്. അവിടെ ആറ് മാസത്തെ പഠനത്തിനുശേഷം ഫീസ് അടക്കാതിരു ന്നതിനെ തുടര്‍ന്ന് രജനിയെ കോളേജില്‍ നിന്നും പുറത്താക്കി. പ്രതിമാസം 315 രൂപ മാത്രമേ രജനിക്ക് സ്റ്റൈഫന്റായി ലഭിച്ചിരു ന്നുള്ളൂ. പുസ്തകങ്ങള്‍ക്കും ഹോസ്റ്റല്‍ ചെലവുകള്‍ക്കം പര്യാപ്തമായി രുന്നില്ല ഈ തുക. 1,200 രൂപ ചെലവഴിച്ച് സ്വകാര്യ ഹോസ്റ്റലിലാണ് രജനി താമസിച്ചിരുന്നത്. കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ട അവസരത്തില്‍, വീടിനടുത്തുള്ള 'മേരിമാതാ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി' എന്ന സ്ഥാപനം രജനിക്ക് ഫീസ് സൗജന്യത്തോടെ പഠനം പൂര്‍ത്തിയാക്കാക്കുന്നതിനുവേണ്ടി അവിടെ പ്രവേശനം നല്കാമെന്ന് ഉറപ്പു നല്കി. അവിടെ ചേര്‍ന്നു പഠിക്കുന്നതിനുവേണ്ടി വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി IHRDE യില്‍ ചെന്നപ്പോള്‍, അത് നല്കാനാവില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. സ്വാശ്രയ സ്ഥാപനങ്ങള്‍ കുട്ടികളില്‍ നിന്ന് ഈടാക്കുന്ന ഫീസുകൊണ്ടാണ് നിലനിന്നുപോകുന്നതെന്നും, അതിനാല്‍ കുടിശിഖ ഉള്‍പ്പെടെ കോഴ്‌സിന് വേണ്ടിവരുന്ന മുഴുവന്‍ തുകയും അടച്ചാല്‍ ടി സി തരാമെന്ന് ഒരു വ്യവസ്ഥ പ്രിന്‍സിപ്പാള്‍ മുന്നോട്ടു വെച്ചു. ടി സി കിട്ടില്ലെന്നുറപ്പായപ്പോള്‍ കുടിശിഖ അടച്ച് അവിടെത്തന്നെ പുനപ്രവേശനം നേടാമെന്ന് രജനി തീരുമാനിച്ചു. അതിനുവേണ്ടി വിദ്യാഭ്യാസ വായ്പ എടുക്കാന്‍ ശ്രമിച്ചു. 

വിദ്യാഭ്യാസ വായ്പ സംഘടിപ്പിക്കുന്നതിനായി പല ബാങ്കുകളും ധനസഹായ സ്ഥാപങ്ങളും കയറിയിറങ്ങി രജനി ഏറെ കഷ്ടപ്പെട്ടു. ഒടുവില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ പഴനാട് റീജിയണല്‍ ഓഫീസ് ബ്രാഞ്ച് വിദ്യാഭ്യാസ വായ്പ നല്കാമെന്നേറ്റു. വായ്പ നല്കാനാ വില്ലെന്നു പറഞ്ഞ് പിന്നീട് അവരും കൈമലര്‍ത്തിയതോടെ രജനിയുടെ എല്ലാ പ്രതീക്ഷകളും അറ്റു. 

മേരിമാതാ കേളേജില്‍ ചേര്‍ന്ന് ഫീസ് ഒടുക്കാതെ പഠിക്കാവുന്ന കോഴ്‌സിന് ചേരണമെങ്കില്‍ IHRDE യില്‍ നിന്നും ടി സി വിട്ടുകിട്ട ണം. അത് ലഭിക്കണമെങ്കില്‍ അവിടെ മുഴുവന്‍ ഫീസ് തുകയും അടക്കണം. മുഴുവന്‍ തുകയും IHRDE യില്‍ അടച്ച്, ടി സിയും വാങ്ങി നാട്ടിലുള്ള കോളേജില്‍ വന്ന് ഫീസിളവോടെ പഠിക്കുന്നത് ഉചിതമല്ലല്ലോ. (ഫീസടക്കേണ്ടത് ഒരു കേളേജില്‍. പഠനം തുടരേണ്ടത് മറ്റൊരു കോളേജില്‍!) ഈ വിഷമഘട്ടത്തിലാണ് രജനി കുടിശിഖ തീര്‍ത്ത് IHRDE യില്‍ത്തന്നെ പഠനം തുടരാന്‍ തീരുമാനിച്ചതും അതിനുവേണ്ടി വായ്പയെടുക്കാന്‍ തുനിഞ്ഞതും.

IHRDE സ്വാശ്രയ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമാണ്. 50% സീറ്റ് സര്‍ക്കാര്‍ ക്വാട്ടയും 50% സീറ്റ് സ്വാശ്രയ ക്വാട്ടയുമാണ്. രജനി അവിടെ അഡ്മി ഷന്‍ നേടിയിരുന്നത് മെറിറ്റ് (സര്‍ക്കാര്‍) ക്വാട്ടയിലായിരുന്നു. (ഇന്ന് ഈ സ്ഥാപനത്തിലെ ഫീസ് നിരക്ക്, മെറിറ്റ് സീറ്റ് സെമിസ്റ്റര്‍ ഒന്നിന് 12,000 രൂപയും സ്വാശ്രയ ക്വാട്ട സെമിസ്റ്റര്‍ ഒന്നിന് 65,000 രൂപയുമാണ്)

രജനിയുടെ മരണത്തെത്തുടര്‍ന്നുള്ള ദിവസങ്ങളില്‍ പതിവുപോലെ കേരളത്തില്‍ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ ആരോപ ണപ്രത്യാരോപണങ്ങളുടെ പൊറാട്ടുനാടകങ്ങള്‍ അരങ്ങേറി. വിദ്യാര്‍ത്ഥി സംഘടനയായ SFI വിദ്യാഭ്യാസബന്ദ് പ്രഖ്യാപിക്കുകയും അതേത്തുടര്‍ന്നുള്ള പ്രക്ഷോഭത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ പുറനാട് ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിന് കേടുപാട് വരുത്തുകയും, വഴിതടഞ്ഞ് വാഹനങ്ങളെ ആക്രമിക്കുകയും ചെയ്തു. നിയമസഭയില്‍ സംഭവം ചര്‍ച്ചയായപ്പോള്‍ രജനിയുടെ വീട് ഉള്‍ക്കൊള്ളുന്ന നിയോജകമണ്ഡലം MLA തമ്പാന്നൂര്‍ രവി, വായ്പ അനുവദിക്കണമെന്ന് ബാങ്കിന് ശുപാര്‍ശ നല്കിയിരുന്നതായി വെളിപ്പെടുത്തി. പ്രതിപക്ഷ MLA ആയിരുന്ന പി കെ ശ്രീമതി, സംഭവം ഗവണ്മെന്റിന്റെ നയവൈകല്യം മൂലമുണ്ടായതാണെന്നും, രജനി എസ് ആനന്ദ് സ്വാശ്രയ നയവൈകല്യത്തിന്റെ ആദ്യത്തെ രക്തസാക്ഷിയാണെന്നും അവസാനത്തെ രക്തസാക്ഷിയായി മറ്റൊള്‍ ഉണ്ടാകുവാനിടവരുത്താന്‍ ആരെയും അനുവദിക്കുകയി ല്ലെന്നും പ്രഖ്യാപിച്ചു. 

ഏറ്റവും നിന്ദ്യമായി സംഭവത്തിലിടപെട്ടത് AISF എന്ന വിദ്യാര്‍ത്ഥി സംഘടനയായിരുന്നു. രജനി എസ് ആനന്ദിന് കന്യകാത്വപരിശേധന നടത്തണമായിരുന്നു എന്ന് ആരോപണമുന്നയിച്ച് അവര്‍ ഉയര്‍ന്നു വരേണ്ടിയിരുന്ന പ്രക്ഷേഭത്തെ മറ്റൊരു വഴിക്ക് തിരിച്ചുവിട്ടു! കുഴപ്പത്തിനെല്ലാം കാരണക്കാര്‍ SC/ST വകുപ്പാണെന്നും MLA എം എ കുട്ടപ്പനിലും വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയിലും കുറ്റമാരോ പിച്ച് AISF തങ്ങളുടെ സംഘടനാപരമായ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറി.

മരണത്തിലൂടെ ഒരു ദലിത് വിദ്യാര്‍ത്ഥിനി നടത്തിയ ജീവിതസമര ത്തെ അടിച്ചമര്‍ത്താന്‍ പൊതുസമൂഹം പുറത്തെടുത്ത നീചമാര്‍ഗ ങ്ങളെയാണ് ചരിത്രം ഈ സംഭവത്തെ അടയാളപ്പെടുത്തിയത്. ഒരു ജനവിഭാഗത്തിന് വിദ്യാഭ്യാസം നേടാന്‍ അര്‍ഹതയില്ലെന്ന വൈദിക നിര്‍മിത ബ്രാഹ്മണിക്കല്‍ ഹീനയുക്തിയുടെ പിന്തുടര്‍ച്ചക്കാരാണ് തങ്ങളെന്ന പോതുബോധം ഇവിടെ ആവര്‍ത്തിക്കപ്പെട്ടു. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, പദ്ധതികള്‍ പലതും വന്നുപോയിട്ടും ഒരു പൗരന് വിദ്യാഭ്യാസം നല്കുന്നതില്‍ വീഴ്ചവരു ത്താതെ അവനെ സംരക്ഷിച്ച് അവന്റെ ശേഷികള്‍ രാജ്യത്തിന്റെ പുരോഗതിക്ക് ഫലപ്രദമാകുന്ന മുതല്‍ക്കൂട്ടായി പ്രയോജന പ്പെടു ത്തേ ണ്ടുന്ന നടപടികളിലേക്ക് നയിക്കുന്ന ഒരു നിര്‍ദ്ദേശവും എങ്ങുനിന്നും മുന്നോട്ടുവരാതിരിക്കുന്നതെന്തേ എന്നുള്ള ചോദ്യത്തിന് രജനി എസ് ആനന്ദിന്റെ മരണത്തിന് ഇടയാക്കിയ കാരണങ്ങള്‍ തന്നെയാണ് ഉത്തരം. 

മറ്റിടങ്ങളില്‍ ഒരു പൗരനെ വിദ്യാസമ്പന്നനാക്കേണ്ടത് അവിടത്തെ ഭരണവ്യവസ്ഥയുടെ ഉത്തരവാദിത്വത്തില്‍പ്പെട്ട ഏറ്റവും സുപ്രധാ നമായ കാര്യമാണ്. വിദ്യാഭ്യാസം ചെയ്യുന്ന പൗരന് അതില്‍ വീഴ്ചയുണ്ടാകാതിരിക്കാന്‍ ഭരണകൂടം എപ്പോഴും ജാഗരൂകരായി രിക്കും. കാരണം ജനാധിപത്യവ്യവസ്ഥയില്‍ ജനതയെ പുരോഗ തിയി ലേക്ക് നയിക്കേണ്ട കരങ്ങള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ശക്തിയുണ്ടാവേണ്ടത് വളരെ അത്യാവശ്യമാണ്. ജനാധിപത്യത്തിന് വിരുദ്ധമായി ജാതി ആധിപത്യമുള്ളിടത്ത് രജനി എസ് ആനന്ദ് ഉള്‍ക്കൊള്ളുന്ന വംശത്തിന് പൗരന്‍ എന്ന പരിഗണനയില്ല. പൗരനല്ലാ ത്തയാള്‍ വിദ്യാഭ്യാസത്തിന് അര്‍ഹനല്ല, ശംബൂകനെപ്പോലെ!

ശാന്തയാണ് രജനിയുടെ അമ്മ. ശാന്തക്കും ശിവാനന്ദനും ഷൈന്‍, ശിവന്‍ എന്നിങ്ങനെ രണ്ട് ആണ്‍മക്കളുമുണ്ട്. - കണ്ണന്‍ മേലോത്ത്


അവലംബം. www.thehindu.com - staff reporter. may 3. 2005.