"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 2, ഞായറാഴ്‌ച

സംവരണം: 'കഴിവ്' തന്നെയാണ് പരിഗണിക്കപ്പെടേണ്ടത്.


'മാനസികമായ ദ്വിമൂര്‍ത്വിത്വമോ ബഹുമൂര്‍ത്തിത്വമോ ഉണ്ടെന്നു സങ്കല്പിച്ചുകൊണ്ട്, ഒരു കാര്യം ചെയ്യാന്‍ ജനിച്ചവ രെന്നും, അതുപോലെ തന്നെ ആജ്ഞാപിക്കാന്‍ (യജമാനന്മാ രാകാന്‍) ജനിച്ചവരെന്നും അനുസരിക്കാന്‍ (അടിമകളാകാന്‍) ജനിച്ചവരെ ന്നും മനുഷ്യനെ വേര്‍തിരിക്കുന്നത് തെറ്റാണ്. ഒരു പ്രത്യേക വ്യക്തിക്ക് ചില ഗുണങ്ങളുണ്ടെന്നും മറ്റു ചില ഗുണങ്ങളില്ലെന്നും സങ്കല്പിക്കുന്നതും തെറ്റാണ്. നേരെമറിച്ച്, ഓരോ വ്യക്തിക്കും എല്ലാ ഗുണങ്ങളുമുണ്ടെ ന്നതാണ് സത്യം.' (ഡോ. അംബേഡ്കര്‍ സമ്പൂര്‍ണ കൃതികള്‍ വാല്യം 7 പേജ് 210)ഉദ്യോഗത്തിന് പരിഗണിക്കുമ്പോള്‍ ഏതൊരു വ്യക്തിയുടേയും കഴിവ് തന്നെയാണ് പരിഗണിക്കപ്പെടേണ്ടത്. അതുതന്നെയാണ് യോഗ്യതയും. ഹിന്ദുക്കളുടെ യോഗ്യത മനുസ്മൃതി തുടങ്ങിയ അവരുടെ ശാനസനകള്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റ് മാത്രമാണ്. അതായത് ബ്രാഹ്മണന്‍ വിദ്യാഭ്യാസം ചെയ്യണമെന്നും ക്ഷത്രിയന്‍ യുദ്ധം ചെയ്യണമെന്നും വൈശ്യന്‍ കൃഷിയും കച്ചവടവും ചെയ്യണമെന്നുമാണ് ഈ നിയമങ്ങള്‍ അവരോട് അനുശാസിക്കു ന്നത്. രസകരമായ വസ്തുത, നാലാം വര്‍ണമായ ശൂദ്രന് സവിശേഷ കര്‍മങ്ങളൊന്നും അനുശാസിക്കുന്നില്ല എന്നുള്ളതാണ്. അവര്‍ക്ക് വിധിച്ചിട്ടുള്ള് ഈ മറ്റ് മൂന്നുവര്‍ണക്കാരെയും സേവിക്കുക എന്നുള്ള കര്‍മം മാത്രമാണ്. ഈ നാല് കര്‍മങ്ങളും ജനിക്കുന്നതിന് മുമ്പുതന്നെ സവര്‍ണര്‍ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഒരു സവര്‍ണന്‍ - ഉദ്യോഗപ്രവേശനത്തിലായാലും മറ്റെവിടെയായാലും ഒരു മത്സരപ്പരീക്ഷയിലൂടെയോ അല്ലാതെയോ തന്റെ 'കഴിവ്' തെളിയിക്കേണ്ടതായി വരുന്നില്ല! അത് സവര്‍ണര്‍ ആര്‍ജിക്കുന്നതല്ല അവരുടെ ശാസനാഗ്രന്ഥങ്ങളിലെ നിയമങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പ്രകാരമാണ്.


അംബേഡ്കര്‍ നിരീക്ഷിക്കുന്നതുപോലെ, (മുകളിലെ ഉദ്ധരണി) എല്ലാ കഴിവുകളും എല്ലാവരിലുമുണ്ട്. അത് ആര്‍ജിച്ചെടുക്കേണ്ടതാണ്. അല്ലാതെ ഹൈന്ദവശാസനകളിലെ നിയമങ്ങള്‍ മുന്നോട്ടുവെ ക്കുന്നതു പ്രകാരമുള്ള അനുശാസനകളല്ല. അംബേഡ്കറും മറ്റ് അവര്‍ണരും കഴിവ് ആര്‍ജിച്ചതിലൂടെയാണ് മികച്ച വ്യക്തിത്വ ത്തിന് ഉടമകളായത്. എന്നാല്‍ അനുശാസനകളുടെ പാലനത്തിലൂടെ കഴിവുള്ളവരെന്ന് അവകാശപ്പെട്ടവരാണ് സമൂഹത്തില്‍ പ്രാമാണ്യം നേടിയത് എന്നത് ഒരു ദേശിക ദുരന്തമാണ്.

സമസ്തമേഖലകളിലേയും ശ്രദ്ധയങ്ങളായ ഏതാനും വിജയങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് 'എല്ലാ കഴിവുകളും എല്ലവരിലുമുണ്ട്' എന്ന അംബേഡ്കറുടെ നിരീക്ഷണത്തെ സമര്‍ത്ഥിക്കുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

വിദ്യാഭ്യാസമേഖല: ഇന്ത്യയില്‍ ആദ്യമായി എക്കണോമിക്‌സില്‍ ഡി എസ് സി ഡിഗ്രി നേടുന്നത് അംബേഡ്കറാണ്. എക്കണോമി ക്‌സില്‍ സൗത്ത് ഏഷ്യയിലെ ആദ്യത്തെ ഡോക്ടറേറ്റും ആദ്യത്തെ ഡബിള്‍ ഡോക്ടറേറ്റും ആര്‍ജിച്ചത് ഡോ. ബി ആര്‍ അംബേഡ്കറാണ്. തൊട്ടടുത്തായി കെ ആര്‍ നാരായണന്‍, രെട്ടാമലൈ ശ്രീനിവാസന്‍, എം സി രാജ, എന്‍ ശിവരാജ് തുടങ്ങിയവര്‍ ഈ രംഗത്ത് ആര്‍ജിച്ച കഴിവുകള്‍ പരിഗണിക്കാവുന്നതാണ്.

2015 ലെ ഐഎഎസ് ടോപ്പര്‍ ടിനാ ദാബി, അതിനുമുമ്പ് പ്ലസ് ടുവിന് റാങ്ക് നേടിയശേഷം മികച്ചറാങ്കോടെ ഐഎഎസ് നേടിയ ജി വീരപാണ്ഡ്യന്‍, ചില വിഷയങ്ങളിലെ റോക്കോര്‍ഡ് മാര്‍ക്കോടെ മികച്ച റാങ്കില്‍ ഐഎഎസ് നേടിയ സെന്തില്‍ കുറാര്‍ എന്നിവരും ഈ നിരയിലുണ്ട്. ഈ വര്‍ഷം 100 ശതമാനം മാര്‍ക്കുനേടി ജെഇഇയില്‍ ചരിത്രവിജയം കുറിച്ച കല്പിത് വീര്‍വാള്‍, ടാറ്റ ഇന്‍സ്റ്റിട്ടയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ ടോപ് റാങ്ക് നേടിയ റിയാ സിംഗ് എന്നിവര്‍ സമീപകാലത്തെ ദലിത് ശേഷികളുടെ ഉദാഹരണങ്ങളാണ്.

ഏറ്റവും കൂടുതല്‍ ഡോക്ടറേറ്റ് നേടിയവരുടെ കുടുംബം എന്ന നേട്ടവുമായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടിയത് ഝാന്‍സിയിലെ ഭഗവാന്‍ദാസ് ആഹിര്‍വാറിന്റെ ദലിത് കുടുംബമാണ്. മുംബൈ മുനിസിപ്പാലിറ്റിയിലെ സ്‌കാവെ ഞ്ചര്‍ ജീവനക്കാരനായ സുനില്‍ ജാഥവ് എന്ന ദലിതന്‍ ടിസ് ല്‍ നിന്നും സോഷ്യോളജിയില്‍ എം എ ഉള്‍പ്പെടെ നാല് ഡിഗ്രി സ്വന്തമാക്കിയിട്ടുണ്ട്. 

സ്വാതന്ത്ര സമരസേനാനികള്‍: 1857 ലെ ആദ്യത്തെ സ്വാതന്ത്ര്യസമ രത്തിലെ നായകന്‍, രക്തസാക്ഷി മാതാദീന്‍ ഭംഗി, ഝല്‍ക്കാരിഭാ യി, ഉദാദേവി, ദക്ഷിണേന്ത്യയിലെ കുഴലി തുടങ്ങിയ വീരാഗനമാര്‍... 1919 ലെ രക്തസാക്ഷി ശഹീദ് ഉദ്ദംസിംഗ്, ഏറ്റവും പ്രായംകുറഞ്ഞ രക്തസാക്ഷി ബസന്ത് കുമാര്‍ ബിശ്വാസ്, സംവരണസംരക്ഷണ സമരത്തിലെ രക്തസാക്ഷി ഭഗത് അമര്‍നാഥ്.....

വ്യവസായികരംഗം: കപ്പല്‍ വ്യവസായിയായിരുന്ന മധുരൈപിള്ള. ജാതിവ്യവസ്ഥകളുടെ ശാസനകള്‍ പ്രകാരം ഇന്ത്യയില്‍ വ്യവസായം ചെയ്യുന്നതിനുള്ള അര്‍ഹത മധുരൈ പിള്ളക്ക് ഇല്ലായിരുന്നു. അതിനാല്‍ തന്റെ വ്യാവസായകേന്ദ്രം ബര്‍മയിലാണ് പിള്ള നടത്തിയിരുന്നത്. ദലിത് ഇന്ത്യന്‍ ചേമ്പര്‍ ഒഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയിലെ മുകുന്ദ് കാംബ്ലെ, കല്പനാ സരോജ് തുടങ്ങിയ വ്യവസായികള്‍. ഇവരുടെ മെന്ററായ ചന്ദ്രബാന്‍ പ്രസാദ് എന്ന കോളമിസ്റ്റ ആരംഭിച്ചിട്ടുള്ള 'ദലിത് ഫുഡ്' വ്യവസായം. ആന്ധ്രയി ലെ എംഎംആര്‍ ഗ്രൂപ് വ്യവസായ സ്ഥപനത്തിനുടമ മന്നം മധുസൂദന റാവു.....

കായികരംഗം: ഇന്ത്യക്ക് ആദ്യമായി വ്യക്തിഗത ഒളിമ്പികസ് മെഡല്‍ നേടിത്തന്ന ഖസബാ ജാഥവ്, സ്വര്‍മെഡല്‍ നേടിയ ഹോക്കി ടാം ക്യാപ്റ്റനായിരുന്ന ജയ്പാല്‍ സിംഗ് മുണ്ട, ക്രിക്കറ്റ് ടീമില്‍ കളിച്ചിട്ടുള്ള ബാലൂ പല്‍വാങ്കര്‍, വിനോദ് കാംബ്ലി, ഇപ്പോള്‍ ടീമിലുള്ള കേദാര്‍ ജാഥവ്, ഫുഡ്‌ബോളില്‍ ഏറ്റവും വേഗതയേറിയ നാലാമത്തെ ഗോളിന് ലോകറിക്കോര്‍ഡ് നേടിയ ഐ എം വിജയന്‍, കാരംസ് ഗെയിമിന്റെ ആദ്യത്തെ ലോകചാമ്പ്യന്‍ എ മരിയ ഇരുദയം, 2014 ലെ വനിതാവിഭാഗം ലോകചാമ്പ്യന്‍ ഇളവഴകി, ഏഷ്യന്‍ റെസ്ലിംഗ് ഓട്ടുമെഡല്‍ ജേതാവ് ജ്യോതി, കരാട്ടെ ചാമ്പ്യന്‍ സുപ്രിയാ ജാഥവ്, ഒളിമ്പ്യന്‍ ബോക്‌സര്‍ മേരി കോം, ബോക്‌സിംഗ് ചാമ്പ്യന്‍ മേരി കോം...

ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കിയ ഏറ്റവും പ്രായംകുറഞ്ഞ വനിത എന്ന ലോകറെക്കോര്‍ഡിനുടമ മാലാവത് പൂര്‍ണ എന്ന ദലിത് പെണ്‍കുട്ടിയാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ കീഴടക്കി ഏഷ്യന്‍ റെക്കോര്‍ഡും രണ്ടാമത്തെ വനിത എന്ന ലോകറെക്കോര്‍ഡും കരസ്ഥമാക്കിയ ഏറ്റവും പ്രായംകുറഞ്ഞ വനിത മദ്ദെലെ വിനീല ദലിത് പെണ്‍കുട്ടിയാണ്....

സിനിമാരംഗം: ഇന്ത്യന്‍ സിനിമാരംഗത്ത് കോമേഴ്‌സ്യല്‍ വിജയം നേടുന്ന ആദ്യത്തെ സംവിധായകന്‍ കാഞ്ചിഭായ് റാത്തോട് എന്ന ദലിതനാണ്. തമിഴ്‌നാട്ടിലെ പാ രഞ്ജിത്ത് തുടങ്ങിയവരിലൂടെ ഈ നിര നീളുന്നു. അഭിനേതാക്കളില്‍ സത്യജിത് റേയുടെ സിനിമക ളിലെ പ്രധാന നടന്മാരായിരുന്ന ഛബി ബിശ്വാസ് മുതലായവരില്‍ നിന്ന് അതിന്റെ നിര തുടങ്ങാം... 

സംഗീതരംഗം: ഈ രംഗത്ത് ഒട്ടുമിക്ക പേരും ദലിതുകളാണ്. സംഗീതചക്രവര്‍ത്തിമാരായ ഭൂപന്‍ ഹസാരികെ, നെയ്യാറ്റിന്‍കര വാസുദേവന്‍, ഇളയരാജ തുടങ്ങിയവരുടെ പേരുകള്‍ എടുത്തു പറയേണ്ടതാണ്. ദലേര്‍ മെഹന്ദി, സോനു നിഗം എന്നിവരിലൂടെ ആ നിര നീളുന്നു.

സാഹിത്യം കല: ഈ രംഗങ്ങളിലെ ദലിത് മികവുകളെപ്പറ്റി പറഞ്ഞാല്‍ തീരില്ല. ലോകസാഹിത്യരംഗത്ത് ദിലിത് സാഹിത്യ ത്തിന്റെ കടന്നുവരവ് വിസ്‌ഫോടനാത്മകമായിരുന്നു. ദലിത് ആത്മകഥകളുടെ ഫ്രഞ്ച് വ്യാപനത്തെക്കുറിച്ചാണ് ഈ സൂചന. അവിടെനിന്നും മൊഴിമാറ്റി ഇംഗ്ലീഷില്‍ എത്തിയശേഷമാണ് ഇന്ത്യയില്‍ അവയെപ്പറ്റി ഇങ്ങനെയൊരു സംഭവമുണ്ടെന്ന് ഇവിടെയുള്ളവര്‍ അറിയുന്നത്. തമിഴ് ആത്മകഥാകാരി പാമ, ഇമയം, വീരമ്മ, നരേന്ദ്ര ജാഥവ്, ലക്ഷ്ണന്‍ മാനെ, ജോസഫ് മക്വാന്‍ തുടങ്ങിയ അനേകം പേര്‍ ഈ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ്. മലയാള സാഹിത്യ രംഗത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകം ദലിതനായ പെരുമ്പടവം ശ്രീധരന്‍ എഴുതിയ 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന നോവലാണ്. 

രാഷ്ട്രീയം: ഏകദേശം എല്ലാവരും സവര്‍ണരുടെ ചട്ടുകങ്ങളായാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. എന്നിരുന്നാലും മികച്ച ശേഷിക ളുള്ള വ്യക്തിത്വങ്ങള്‍ തന്നെയാണ് ഇവരുടേതും. ചട്ടുകമാനുള്ള ശേഷി - അത് ഋണാത്മകമാണെങ്കില്‍ക്കുടി - എങ്കിലും അവര്‍ക്ക് ഉണ്ടെന്ന് തത്വത്തില്‍ അംഗീകരിക്കപ്പെടുന്നതുകൊണ്ടാണല്ലോ അവര്‍ക്ക് സവര്‍ണരുടെ ഇടയില്‍ സ്വീകാര്യത ലഭിക്കുന്നത്. ഇപ്പോള്‍ രാഷ്ട്രപതിയാകുന്നതിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞിരിക്കുന്ന സമയവുമാണല്ലോ. ഇതുമുന്നണികളിലായി ദലിത് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശം നല്കിക്കഴിഞ്ഞു. അത്തരം ഒരു ഉന്നത സ്ഥാനത്തേക്ക് ശേഷി ഇല്ലാത്തവരെ സവര്‍ണരായാലും പരിഗണിക്കാന്‍ തയാറാവുകയില്ലല്ലോ. ചട്ടുകങ്ങളായല്ലാതെ, ശേഷി ഉപയോഗിച്ച് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ യോഗ്യത നേടിയത്, മാന്യവര്‍ കാന്‍ഷി റാമിന്റെ ശേഷികളുടെ മികവില്‍ കുമാരി മായാവതി എന്ന ദലിത് വനിതയാണ്. രാഷ്ട്രപതിയായി കെ ആര്‍ നാരായണന്റെ സ്ഥാനാരോഹണവും ഇത്തരത്തില്‍ പെടുന്നു.

ആത്മീയം, ഭക്തിപ്രസ്ഥാനം; ഈ രംഗത്തും ദലിത് ശേഷികള്‍ മികച്ചു നില്‍ക്കുന്നു. നന്ദനാര്‍, തിരുവള്ളുവര്‍, ഔവയാര്‍, പരണര്‍, ഗുരു രവിദാസ്, ഖാസിദാസ്, ചൊക്കമേള തുടങ്ങി ഈ ഭാഗത്തെ മികച്ച വ്യക്തിത്വങ്ങളുടെ നിര നീളുന്നു.

(എല്ലാ വശങ്ങളിലുമുള്ള എല്ലാവരുടേയും പേരുകള്‍ ഇവിടെ പരാമര്‍ശിച്ചിട്ടില്ല. പരാമര്‍ശിച്ചവയാകട്ടെ മുന്‍ഗണനാക്രമ ത്തിലല്ലതാനും. മികച്ച വ്യക്തിത്വങ്ങളുടെ സമഗ്രമായ ഒരു ലിസ്റ്റെടുക്കകയല്ലല്ലോ ഈ കുറിപ്പിന്റെ ഉദ്ദേശ്യം. എല്ലാ കഴിവുകളും എല്ലാവരിലും തുല്യമാണ് എന്ന അംബേഡ്കറുടെ നിരീക്ഷണത്തെ സമര്‍ത്ഥിക്കുന്നതിനായി ചില ഉദാഹരണങ്ങല്‍ സ്വീകരിച്ചു എന്നു മാത്രം)

ശ്രദ്ധിക്കേണ്ട വസ്തുത: സവര്‍ണരുടെ കഴിവുകള്‍ അവരുടെ ജന്മം കൊടുക്കുന്ന ദാനമാണ്. അത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ദലിതരുടെ കഴിവ്, അവര്‍ക്ക് വിദ്യാഭ്യാഭ്യാസം ചെയ്യാന്‍ അവകാശമില്ല എന്ന സവര്‍ണ ധാര്‍ഷ്ട്യങ്ങളോട് നിരന്തംരം കലഹിച്ചും പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചും ഒക്കെ ആര്‍ജിക്കുന്നതാണ്. തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതി നായാണ് സവര്‍ണര്‍ അവരുടെ മതഗ്രന്ഥങ്ങളിലൂടെ ശാസനകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മറിച്ച്, എല്ലാ കഴിവുകളും എല്ലാവരിലും തുല്യമാണെന്ന വസ്തുത അറിയാത്തതുകൊണ്ടോ ദലിതരുടെ കഴിവില്‍ വിശ്വാസമില്ലാത്തതുകൊണ്ടോ അല്ല സവര്‍ണര്‍ ഈ ദാര്‍ഷ്ട്യം വെച്ചുപുലര്‍ത്തുന്നത്. ദലിതരുടെ കഴിവുകളെപ്പറ്റി നന്നായി അറിയാവുന്നതുകൊണ്ടു തന്നെയാണത്. അത് അംഗീകരിച്ചു കൊടുത്താല്‍ ആരുടെ നിലനില്പിനാണ് കോട്ടം തട്ടുക? 

സംവരണം നിര്‍ത്തലാക്കണം എന്നു പറഞ്ഞ് മുക്രയിടുന്നവര്‍ക്കു തന്നെ അതിനുള്ള ധൈര്യമില്ല! സംവരണം നിര്‍ത്തിയാല്‍ ഉദ്യാഗസ്ഥ സ്ഥാനങ്ങളിലേക്കും മറ്റും അര്‍ഹത നേടുന്നത് ആരായിരിക്കും? കഴിവുണ്ടെന്ന് കല്പിക്കപ്പെട്ടവരോ കഴിവ് ആര്‍ജിച്ചവരോ? തീര്‍ച്ചയായും കഴിവ് ആര്‍ജിച്ചവര്‍ തന്നെയാകും എന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ സംഭവിച്ചാലുള്ള ഭവിഷ്യത്ത് ആര്‍ക്കാണ്? അത് വരാതിരിക്കാന്‍ ഇപ്പോഴുള്ള സംവരണത്തോതില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സംവരണ വിരോധികള്‍ മനസ്സുകൊണ്ട് ആഗ്രഹിക്കുന്നത്! ഇതാകുമ്പോള്‍ 10 ശതമാനത്തില്‍ ദലിതുകളെ ഒതുക്കി നിര്‍ത്താം. സംവരണം എടുത്തുകളഞ്ഞാല്‍ സവര്‍ണര്‍ ഇപ്പോള്‍ കയ്യടക്കിയിട്ടുള്ള തൊണ്ണൂറു ശതമാനത്തിലേക്കും ദലിതുകള്‍ ആതിക്രമിച്ചാലോ? കാരണം അവരാണല്ലോ കഴിവ് ആര്‍ജിച്ചവര്‍! 

ദലിതുകള്‍ കൂടുതല്‍ കഴിവുകള്‍ ആര്‍ജിക്കാതിരിക്കുന്നതിനാണ് അവര്‍ക്കുള്ള വിദ്യാഭ്യാസാവകാശം തടഞ്ഞുവെക്കുന്നത്. അതിനുവേണ്ടിയാണ് അവര്‍ സര്‍വകലാശാലാ തലത്തില്‍വെ ച്ചുതന്നെ ദലിത് വിദ്യാര്‍ത്ഥികളെ കൊന്നുകളയുന്നത്. ഈ കൊലപാതകം നിയമത്തിന്റെ മുമ്പില്‍ വരുമ്പോള്‍ അത് ആത്മഹത്യ! ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ജാതിപീഢയെല്‍പ്പിക്കുകയെന്ന കുറ്റകൃത്യമാണ് ഈ കൊലപാതക തന്ത്രത്തിന് പിന്നിലുള്ളത്. ആത്മഹത്യക്ക് പ്രേരണാക്കുറ്റം തെളിയിക്കപ്പെട്ടാലും പ്രതിക്ക് രക്ഷപ്പെടാന്‍ വകുപ്പുകളുണ്ട്. എങ്ങനെ തങ്ങള്‍ക്ക് പരുക്കുപറ്റാതെ ദലിത് ഹിംസ നടപ്പാക്കാം എന്ന സവര്‍ണ നിഗൂഢതന്ത്രത്തിന്റെ അതിവിദഗ്ധമായ പ്രയോഗമാണ് ദലിത് വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള ആത്മഹ ത്യാപ്രേരണ ക്കുറ്റത്തിലൂടെ സവര്‍ണര്‍ വിജയകരമായി നടപ്പാക്കു ന്നത്.

@ ഒന്നാം ഭാഗം