"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 9, ഞായറാഴ്‌ച

മകുതോ കുക്കോമ: ഭാഷാശാസ്ത്ര പഠനശാഖയില്‍ ലോകമാദരിക്കേണ്ട കണ്ടുപിടുത്തവുമായി ഒരു ദലിത് യുവതി!


കോതമംഗലം താലൂക്കില്‍പ്പെട്ട വാരപ്പെട്ടിയിലെ കണ്ടോത്തുപടി ദലിത് കോളനി നിവാസികളായ ശിവാനന്ദന്റേയും സരസ്വതി യുടേയും മകള്‍ സ്വാമിനിയാണ് ഈ നേട്ടം കൈവരിച്ച ചരിത്ര വനിത. 2000 മുതല്‍ പഠനമാരംഭിച്ച് 2015 ല്‍ മകുതോ കുക്കോമ എന്ന ഭാഷാഗവേഷണ പദ്ധതി സ്വാമിനി പൂര്‍ത്തിയാക്കി. പ്രാക്തന ജനതയുടെ സംസാരഭാഷയും രചനാഭാഷയുമായിരുന്ന സൈന്ധവി തന്നെയാണ് മകുതോ കുക്കോമ. വീണ്ടെടുക്കാന്‍ കഴിയാത്തവിധം ഈ ഭാഷ നശിപ്പിക്കപ്പെട്ടിരുന്നു. സംസ്‌കൃത ത്തിന്റെ കടന്നുവ രവാണ് പ്രാക്തനജനതയുടെ ഭാഷയേയും സംസ്‌കാരത്തേയും നശിപ്പിച്ചത്. വീട്ടില്‍വെച്ചുണ്ടായ വിജ്ഞാന ദായകമായ ഒരു സംഭവവും പള്ളിക്കൂടത്തില്‍നിന്നും നേരിട്ട ഒരു ദുരനുഭവമാണ് സ്വാമിനിയെ ഭാഷാഗവേണഷണ പാതയില്‍ കൊണ്ടെത്തിച്ചത്. മകുതോ കുക്കോമ എന്നറിയപ്പെടുന്ന ഈ ഭാഷയെ, പ്രാക്തന സൈന്ധവരീതിയെ ആശ്രയിച്ചുകൊണ്ട് അതിന്റെ ലിപിസ മ്പ്രദായത്തേയും പുനരുജ്ജീവിപ്പിച്ചു. എന്നതാണ് സ്വാമിനി ശിവാനന്ദന്റെ പരിശ്രമങ്ങളെ ശ്രദ്ധേയമാക്കുന്നത്. ഇതോടൊപ്പം മറ്റൊരു ഭാഷയും ലിപിയും രൂപപ്പെടുത്തുകയും ചെയ്തു. അതിന്റെ പേര് 'അഗ്തിഗംബൗഡി' എന്നാണ്. 81 അക്ഷരങ്ങളും സംഖ്യാപരി മാണവ്യവസ്ഥകളും അഗ്തിഗംബൗഡിക്കുണ്ട്. എന്നാല്‍ വ്യാകരണ നിയമങ്ങള്‍ ആകെ 13 എണ്ണമേയുള്ളൂ. ലോകത്ത് ഏറ്റവും കുറഞ്ഞ വ്യകരണനിയമങ്ങളുള്ള ഭാഷ അഗ്തിഗംബൗഡിയാണെന്ന് സ്വാമിനി സദാശിവന്‍ അവകാശപ്പെടുന്നു. ഈ ഭാഷക്ക് ഒരു നിഘണ്ടുവും തയാറാക്കിയിട്ടുണ്ട്. അത് 'ഗഞ്ചാര്‍' എന്ന് അറിയപ്പെടുന്നു. 'പ്രണയഭാഷ' എന്നൊരു വിശേഷണവും അഗ്തിഗംബൗഡിക്കുണ്ട്.

സാംബവ സമുദായക്കാരുടേതാണ് സ്വാമിനിയുടെ വീട് ഉള്‍ക്കൊ ള്ളുന്ന ദലിത് കോളനി. കുട്ടിക്കാലത്ത്, അമ്മൂമ്മ പറയഭാഷയില്‍ മൊഴിയുന്ന ഒരു വാചകം കേട്ട്, അതിന്റെ പൊരുളെന്താണെന്ന് തിരക്കി. 'മരപ്പ വെങ്ങിക്ക മെത്തിപ്പത്ങ്ങ്' എന്നാണ് അമ്മൂമ്മ ഉച്ചരിച്ചത്! 'ചക്ക തേങ്ങ ഇട്ട് പുഴുങ്ങ്' എന്നാണ് അതിനര്‍ത്ഥം. പ്രാക്തനജനതക്ക് തനതുഭാഷയുണ്ടായിരുന്നു വെന്നും പൂര്‍വികര്‍ സംസാരിക്കാനും ശാസ്ത്രഗ്രന്ഥങ്ങള്‍ നിര്‍മിക്കാനും ആ ഭാഷയാണ് ഉപയോഗിച്ചിരുന്നതെന്നും അമ്മൂമ്മയില്‍ നിന്നുമാണ് സ്വാമിനി അറിയുന്നത്. അന്ന് ഉളവായ താത്പ്യമാണ് ഭാഷാഗവേഷണ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് കാരണമായത്. അമ്മ വരാജിനീദേവി ഇടുക്കി ചെമ്മണ്ണാറില്‍ ജീവിച്ചിരിക്കുന്നു. ഇന്നുള്ളവരില്‍ പറയഭാഷ കൈകാര്യം ചെയ്യുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് വരാജിനീദേവി.
അകവൂര്‍ ഹൈസ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ദലിത് കുട്ടികള്‍ പൊതുവേ നേരിടാറുള്ള ജാതിഅധിക്ഷേപം എന്ന മാരകായുധത്തിന്റെ പ്രഹരം സ്വാമിനിക്കും ഏല്‍ക്കേണ്ടിവന്നത്. ക്ലാസില്‍വെച്ച്, രാഷ്ട്രപിതാവ് ആരാണെന്ന അധ്യാപികയുടെ ചോദ്യത്തിന്, അംബേഡ്കര്‍ എന്ന് സ്വാമിനി ഉത്തരം കൊടുത്തു. ഇതുകേട്ടപാടെ കലിപൂണ്ട അധ്യാപിക പരിഹാസവും ശകാരവും അപ്പോഴേ ചൊരിഞ്ഞു. അതുംപോരാഞ്ഞ് പിറ്റേദിസം സ്‌കൂള്‍ അസംബ്ലി മുമ്പാകെ സ്വാമിനിയെ ഡസ്‌കില്‍ കയറ്റി നിര്‍ത്തിച്ച്, കുട്ടികളോട് 'സംഭവം' ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് ആ അധ്യാപിക അവഹേളനം ആവര്‍ത്തിച്ചു. ചോദ്യത്തിന്റെ ഉത്തരമായി ഒരു ദലിതന്‍ രാഷ്ട്രപിതാവാണെന്ന് സ്വാമിനി പറഞ്ഞതിലാണ് ടീച്ചര്‍ അങ്ങേയറ്റം കലിപൂണ്ടത്. അന്നുതന്നെ സ്വാമിനി സ്‌കൂള്‍വിട്ടു; ദ്രോണരുടെ അടുത്തുനിന്നും ഇറങ്ങിപ്പോന്ന ഏകലവ്യനെപ്പോലെ! വീട്ടിലെത്തിയ സ്വാമിനിയെ അച്ഛനും അമ്മയും സ്വാന്തനപ്പെടു ത്തി. ഭാഷാപഠന ഗവേഷണം തുടങ്ങാനുള്ള ധൈര്യവും പ്രേരണയും അച്ഛനാണ് സ്വാമിനിയില്‍ ചെലുത്തിയത്. 2005 ല്‍ ബന്ധുമിത്രാദിക ളുടെ നിര്‍ബന്ധത്തിനു വഴങ്ങിയ സ്വാമിനി പ്രൈവറ്റായി എഴുതി എസ്എസ്എല്‍സി പാസായി.

അച്ഛന്‍ ശിവാനന്ദന്റെ നേതൃത്വത്തില്‍ പ്രാക്തനജനതയുടെ അഭിവൃദ്ധിക്കും സ്വാഭിമാനപാലന പ്രവര്‍ത്തനങ്ങള്‍ക്കുമായി 'ആദിദ്രാവിഡ സനാതനസഭ' എന്ന സംഘടന രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്തു. സഭക്കുവേണ്ടി കണ്ടോത്തുപടി കോളനിയില്‍ 'ഭഗവാന്‍ ആദിതിരുവള്ളുവര്‍' എന്ന പരില്‍ ഒരു ഒറ്റമുറി മഠവും സ്ഥാപിച്ചി ട്ടുണ്ട്. അമ്മ സരസ്വതി സംസ്‌കൃതവും വശമാക്കിയിട്ടുണ്ട്. മലയാളലിപിയില്‍ അച്ചടിച്ചിട്ടുള്ള സംസ്‌കൃത കീര്‍ത്തനപുസ്തക ങ്ങളും മറ്റും വാങ്ങി വായിച്ചു പഠിച്ചാണ് സരസ്വതി സംസ്‌കൃതഭാഷ സ്വായത്തമാക്കിയത്. അച്ഛന്റെ സുഹൃത്തും പ്രൊഫസ്സറുമായ താമിഴ്‌നാട്ടുകാരന്‍ വി കെ ആര്‍ കൃഷ്ണമൂര്‍ത്തിയുടെ സഹായം ഗവേഷണപഠനത്തില്‍ സ്വാമിനിക്ക് ലഭ്യമായിട്ടുണ്ട്. വി കെ ആര്‍ കൃഷ്ണമൂര്‍ത്തി തമിഴ്‌നാട് സ്വദേശിയായ ബ്രാഹ്മണനാണെങ്കിലും അദ്ദേഹം ദ്രവീഡിയന്‍ സംസ്‌കാരത്തിലും തിരുക്കുറളിലും അഗാധമായ ജ്ഞാനമാര്‍ജിച്ചിട്ടുള്ളയാളാണ്. തിരുക്കുറള്‍ എഴുതിയുട്ടുള്ളത് തമിഴ് ഭാഷയിലല്ല, പൗരാണിക ദ്രവീഡിയന്‍ ഭാഷയായ 'പഞ്ചാഴ്' ല്‍ ആണെന്ന് സ്ഥാപിച്ചത് കൃഷ്ണമൂര്‍ത്തിയാണ്. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ തിരുക്കുറളിന്റെ അഞ്ച് അധ്യായങ്ങള്‍ സ്വാമിനി പരിഭാഷപ്പെടുത്തുകയുണ്ടായി. അജന അജയനും ജഗത് ലിനിയും ചേര്‍ന്ന് ആലപിച്ച ഈ പരിപാടിയുടെ സിഡി പുറത്തിറക്കിയിട്ടുണ്ട്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരി ച്ചിട്ടില്ല. 

2008 ല്‍ വി കെ ആര്‍ കൃഷ്ണമൂര്‍ത്തി അന്തരിച്ചു. അദ്ദേഹമാണ് ഭാഷാഗവേഷണത്തില്‍ സ്വാമിനിയുടെ ഗുരു. മകുതോ കുക്കോമ എന്ന ഉച്ചാരണം കൃഷ്ണമൂര്‍ത്തിയുടെ സംഭാവനയാണ്. തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള പാറയിതം നീട്ടിലും ഐറ്റൂര്‍ നീട്ടിലും എഴുതാനുപയോഗിച്ചിരിക്കുന്ന ഭാഷയാണ് ഇത്. സൈന്ധവലിപി യുടെ പ്രാഗ് രൂപത്തിലാണ് അതിന്റെ ലിപി കാണപ്പെടുന്നത്. അതില്‍ ഒരു വഴിചൂണ്ടിപ്പലകയിലെ അറിയിപ്പ് ഇപ്രകാരം വായിക്കാം; 'ഇജന്തികോ പുറ ഒക്ക വേര്‍ചാകെയഓയി'. അതിന്റെ അര്‍ത്ഥം 'നോക്കൂ കല്ലെഴുത്ത്,' നഗരമധ്യത്തിലെ അതിര്‍ത്തിയിലു ണ്ടാക്കിയ അഴുക്കുചാല്‍' എന്നാണ്. നഗരസഞ്ചാരികള്‍ക്കുള്ള നിര്‍ദ്ദേശമാവാം ഇത്. (വരച്ച ലിപി സ്വാമിനി ഏല്പിച്ചുവെങ്കിലും ഫോണ്ട് ഇല്ലാത്തുകൊണ്ട് ഇവിടെ പകര്‍ത്താന്‍ നിവൃത്തിയില്ല) ചിത്രലിപ, ചിഹ്നലിപി, ആംഗ്യലിപി, ആധുനികലിപി എന്നിങ്ങനെ മകുതോ കുക്കോമയുടെ ലിപിസഞ്ചയത്തിന് വര്‍ഗീകരണം നടത്താം. അതുതന്നെ തെക്കന്‍ ദ്രാവിഡം - മകുതോ, വടക്കന്‍ ദ്രാവിഡം - ചിബോമൊനെനെമയ എന്നിങ്ങനെ മൊത്തം രണ്ടു വിഭാഗമായി വേര്‍തിരിക്കാവുന്നതാണ്. ബൈലാഗി എന്ന മറ്റൊരുതരം വകതിരിവും ദ്രവീഡിയന്‍ ഭാഷയില്‍ കണ്ടെത്താവു ന്നതത്രെ. 

പുറത്തുകടക്കാന്‍ സഞ്ചാരയോഗ്യമായ ഒരു വഴിപോലുമില്ലാത്ത ഒരു ദലിത് കോളനിയില്‍ നിന്ന് ഒരു പെണ്‍കുട്ടി എങ്ങനെ ലോകോത്തരമായ കണ്ടുപിടിത്തം നടത്താനിടയായി എന്ന ഒരു സംശയം ഉന്നയിക്കപ്പെടാം. ഇന്റര്‍നെറ്റിന്റെ സാധ്യതയും സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കളുടെ കൂട്ടായ്മകളും പ്രയോജനപ്പെടുത്തിയതുമാണ് സ്വാമിനി ഈ നേട്ടം കൈവരിച്ചത്. 310 ല്‍ ഏറെ ദേശികവും വൈദേശികവുമായ ലിപികള്‍ സംഘടിപ്പിച്ച് വിശദമായി പഠിച്ചാണ് മകുതോ കുക്കോമയുടെ ലിപി പുനര്‍നിര്‍മിച്ചത്. ഓരോ സുഹൃത്തിനോടും തങ്ങള്‍ കൈകാര്യം ചെയ്യുന്ന ഭാഷയിലെ 30 വാക്കുകള്‍ വീതം, ലിപിയും അതിന്റെ അര്‍ത്ഥവും പ്രാക്തന - അധുനാത പിരിവുകളോ പ്രാദേശികമായ രചനാവ്യത്യാസങ്ങേളോ ഉണ്ടെങ്കില്‍ അതും സൂചിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഓരോരുത്തരില്‍ നിന്നും ആത്മാര്‍ത്ഥമായ സമീപനമാണ് ഇക്കാര്യത്തില്‍ സ്വാമിനിക്ക് ലഭിച്ചത്. അറബി ഭാഷ കൈകാര്യം ചെയ്യുന്ന ഒരു സുഹൃത്ത് അയച്ചുകൊടുത്ത ലിപിയില്‍ കാലഭേദങ്ങളെ അടയാളപ്പെടുത്തുന്ന അഞ്ച് ഘട്ടങ്ങള്‍ ദര്‍ശിക്കാ വുന്നതായിരുന്നു. കൂടാതെ മയന്‍, ഫിജിയന്‍ തുടങ്ങിയവയും, ബാബിലോണിയന്‍ സംസ്‌കാരത്തിനു മുമ്പുണ്ടായിരുന്ന ജിജിയന്‍ സംസ്‌കാരത്തിലെ 4 ല്‍ ഭാഷകളുടെ ലിപികളും സംഘടിപ്പിച്ചു. അതോടൊപ്പം അക്കേയ - എത്യോപ്യ ലിപികളും.

സ്വദേശത്തുനിന്ന് ലിപിയില്ലാത്ത തുളു, സാംബ, പൈശാചി എന്നീ ഭാഷകളും പരിശോധിച്ചു. ഇടുക്കി ജില്ലിയില്‍ നിന്നും സംഖ്യകളും ചിഹ്നങ്ങളും പരിഗണിച്ചു. 6 എന്ന സംഖയയുടെ ദ്വന്ദങ്ങള്‍ ചേര്‍ത്താണ് സ്വാമിനി മകുതോ കുക്കോമയുടെ ലിപി വരച്ചെടു ത്തത്. എല്ലാം നോട്ടുബുക്കില്‍ വരച്ചശേഷം അതിന്റെ ഫോണ്ടു നിര്‍മിക്കുന്നതിനുള്ള ശ്രമമായി. ചില സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മാരെ സമീപിച്ചപ്പോള്‍ അവരില്‍ നിന്ന് കിട്ടിയ മറുപടി, ഏറ്റവും കുറഞ്ഞത് ഒന്നര ലക്ഷം രൂപയെങ്കിലും അതിന് ചെലവുവരു മെന്നാണ്. അത്രയും തുക കണ്ടെത്താന്‍ പ്രയാസമാ ണെങ്കിലും അതിനുള്ള ശ്രമം സ്വാമിനി ഉപേക്ഷിച്ചിട്ടില്ല. ഫോണ്ട് തീര്‍ത്ത് അതുപയോഗിച്ച് പുസ്തകരൂപത്തില്‍ തന്റെ ഗവേഷണ പദ്ധതി അച്ചടിച്ചു വരുമ്പോള്‍ മാത്രമേ അതിന്റെ മൂല്യം വിലയിരു ത്തപ്പെടുകയുള്ളൂ എന്ന് എല്ലാവരേയുംപോലെ സ്വാമിനിയും കരുതുന്നു. സ്വമിനിയുടെ ജീവിതവും ഗവേഷണ പദ്ധതിയും ഉള്‍പ്പെടുത്തി ഒരു ഡോക്യു - ഫിക് ഷന്‍ നിര്‍മിക്കുന്ന തിന് ചിലര്‍ മുമ്പോട്ടുവന്നിട്ടുണ്ട്. 

കവിയും ഗായികയുമാണ് സ്വാമിനി. 'കേരളഭൂഷണം' പത്രം ഉള്‍പ്പെടെ പ്രാദേശിക പ്രസിദ്ധീകരണങ്ങളില്‍ കവിത പ്രസിദ്ധീകരി ച്ചിട്ടുണ്ട്. പൊതുവേദികളില്‍ കവിത ആലപിക്കുകയും ചെയ്തിട്ടുണ്ട്. സ്വാമിനി ആലപിച്ച 'അംബേഡ്കര്‍' എന്ന കവിതയുടെ വീഡിയോ യു ട്യൂബില്‍ ലഭ്യമാണ്. 

കോതമംഗലം കേന്ദ്രമാക്കി പ്രവവര്‍ത്തിക്കുന്ന 'സുവര്‍ണരേഖ' എന്ന സാംസ്‌കാരികസംഘടന 2015 ല്‍, ഒരു പൊതുവേദിയില്‍ വെച്ച് 'അഗ്തിഗംബൗഡി'യുടെ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു. 2015 ല്‍ത്തന്നെ ഭാരതീയ ദലിത് സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്കുകയുണ്ടായി. ഒരു തമിഴ് മാസികയില്‍ സ്വാമിനിയുടെ ഗവേഷണപദ്ധതിയെക്കുറിച്ച് ഒരു ഫീച്ചര്‍ പ്രസിദ്ധീകരിക്കപ്പെട്ടിണ്ട്. പ്രാദേശിക ടി വി ചാനലും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. ആ വീഡിയോ യു ട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്.

വി കെ ആര്‍ കൃഷ്ണമൂര്‍ത്തിയില്‍ നിന്നും ആര്‍ജിച്ച അറിവുതന്നെ യാണ് സ്വാമിനിയുടെ പഠനപദ്ധതിയുടെ ആധികാരികത. തിരുവള്ളുവര്‍ ആത്മീയഗുരുവും ഡോ. അംബേഡ്കറെ രാഷ്ട്രീ യഗുരു വും അയ്യന്‍കാളി വിപ്ലവാചാര്യനുമാണ് സ്വാമിനിക്ക്. 


ഇനിയും ഒരു ഭാഷയെന്തിന് എന്നൊരു ചോദ്യവും ഉന്നയിക്ക പ്പെട്ടേക്കാം. ഒരു സര്‍ഗാത്മക രചന എന്ന നിലയില്‍ സ്വാമിനിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താവുന്നതാണ്. പുതിയ ഭാഷ സൃഷ്ടിക്കുകയും അത് സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ആളുകള്‍ നമ്മുടെ ഇടയില്‍ വേറേയുമുണ്ടല്ലോ.

ഭാഷാഗവേഷണപദ്ധതികള്‍ ഇത്രയും മികച്ചരീതിയില്‍ ഒറ്റക്കു നയിച്ചു എന്നതുകൊണ്ട്, സ്വാമിനി ആധ്യാത്മിക ജീവിതത്തിന് അടിപ്പെട്ടവളോ അതീന്ദ്രീയജ്ഞാനമേഖലയില്‍ ആനന്ദമനു ഭവിക്കുന്നവളോ സന്യാസിനിയോ ആണെന്ന് ധരിക്കേണ്ടതില്ല. സാധാരണജീവിതം നയിക്കുന്നു. വിവാഹം ആയിട്ടില്ല. ഏക സഹോദരന്‍ ഭീമാനന്ദ സരസ്വതി എല്‍ഐസി ഏജന്റായി ജോലിനോക്കുന്നു. വിശ്വഭാഷകളുടെ ഒരു ഗവേഷണ - പഠനകേന്ദ്രം സ്ഥാപിക്കണമെന്നും സ്വാമിനിയുടെ സ്വപ്‌നപദ്ധതികളില്‍ ഉള്‍പ്പെടുന്നു.