"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 9, ബുധനാഴ്‌ച

*ഒരു പട്ടിക്കഥ* - അനിൽ നാഗൻഒരു സ്ഥലത്ത് കുറച്ച് പട്ടികൾ കൂട്ടമായി പാർത്തിരുന്നു. ഒരിക്കൽ അവിടെ ഒരു പട്ടിപിടുത്തക്കാരനിറങ്ങി, അയാൾ പട്ടികളെ കൊന്നു തുടങ്ങി. പട്ടികൾ ഭയവിഹ്വലരായി. അയാളെ പ്രതിരോധിക്കണമെന്ന് അവർ തിരിച്ചറിഞ്ഞു. അല്ലാത്തപക്ഷം തങ്ങൾ എല്ലാവരും കൊല്ലപ്പെടുമെന്ന് അവർ മനസിലാക്കി. പട്ടികൾ ഒരു യോഗം ചേർന്ന്‌ തുടർനടപടികൾ തീരുമാനിക്കണമെന്ന് നിശ്ചയിച്ചു. നാടിന്റെ നാനാഭാഗത്തു നിന്നും പട്ടികൾ യോഗത്തിനെത്തി. തടിച്ചുകൊഴുത്ത പട്ടികൾ, എല്ലുന്തിയ പട്ടികൾ, കുരയ്ക്കാൻ മാത്രം അറിയാവുന്നവർ, കടിപിടികൂടു ന്നവർ തുടങ്ങി നിരവധി തരം പട്ടികൾ മൈതാനത്തു നിറഞ്ഞു. തടിച്ചുകൊഴുത്ത പട്ടികളെ കണ്ട് എല്ലുന്തിയ പട്ടികൾ ആശ്വാസം കൊണ്ടു. പട്ടിപിടുത്തക്കാരനെ ശക്തമായി നേരിടാൻ ഇവർ മതി. പട്ടികൾ പരസ്പരം കാണുമ്പോഴുള്ള കുരയലും ബഹളവും കാലു പൊക്കി മൂത്രമൊഴിക്കലു മുൾപ്പടെയുള്ള ആചാരങ്ങൾക്കിടെ യോഗം നടന്നു. തടിച്ചുകൊഴുത്ത പട്ടികൾ മനോഹര മായി പട്ടികൾ സംഘടിക്കുന്നതിനെ കുറിച്ചും ശത്രുവിനെ നേരിടുന്നതിനെ കുറിച്ചും ആവേശകരമായി സംസാരിച്ചു. പട്ടിപിടുത്ത ക്കാരനെ കടിച്ചോ ടിക്കാൻ യോഗം തീരുമാനിച്ചു. യോഗാനന്തരം നേതൃസ്ഥാനത്തിരുന്ന തടിച്ചുകൊഴുത്ത പട്ടികൾ പ്രൗഢമായി അവരുടെ കൂട്ടിലേയ്ക്ക് പോയി. എല്ലുന്തിയ പട്ടികൾ യോഗ തീരുമാനം മറ്റുള്ളവരെ അറിയിക്കാനും ചന്ത മാലിന്യങ്ങളിൽ നിന്നും ആഹാരം കണ്ടെത്താനും ഓടി.

അങ്ങനെ ആ ദിവസം വന്നു. കൂടില്ലാത്തതു കൊണ്ട് തെരുവിലുറങ്ങുന്ന എല്ലുന്തിയ പട്ടികൾ പട്ടിപിടുത്തക്കാരൻ നടന്നടുക്കുന്നത് കണ്ടു. അവർ തടിച്ചുകൊഴുത്ത പട്ടികളെ വിവരമറിയിക്കാൻ ഓടി. ബീഫിന്റെ സുഖകരമായ ഗന്ധം നിറഞ്ഞ കൂടിനുള്ളിൽ മയങ്ങുന്ന തടിച്ചുകൊഴുത്ത പട്ടികളെ വിളിച്ചുണർത്തി എല്ലുന്തിയ പട്ടികൾ പട്ടി പിടുത്തക്കാരന്റെ വരവിനെ കുറിച്ച് പറഞ്ഞു. ചില തടിച്ചുകൊഴുത്ത പട്ടികൾ പറഞ്ഞു, വേഗം പോയി എല്ലാവരേയും അറിയിക്ക് ഞങ്ങളിതാ വരുന്നു. മറ്റു ചില കൊഴുത്ത പട്ടികൾ പറഞ്ഞു നിനക്ക് തോന്നിയതാകും, അങ്ങനെ സംഭവിക്കാൻ സാധ്യതയില്ല, പ്രൗഢനായ മറ്റൊരു പട്ടി പറഞ്ഞു നേരം വെളുക്കട്ടെ ഞാൻ എത്തിക്കൊളളാം, താടിവളർത്തിയ ഒരു പട്ടി പറഞ്ഞു, കേവലം വിഹ്വലത യിൽ നിന്നുളവായ അപനിർമിതിയാണ് നിന്റെ ആഴത്തിലുള്ള പ്രശനം. പട്ടിപിടുത്തക്കാരനെക്കുറിച്ചു പറയാതെ വിഭവാധികാര ത്തെക്കു റിച്ചും ജ്ഞാന നിർമ്മിതിയെക്കുറിച്ചും സംസാരിക്കാം. എല്ലുന്തിയ പട്ടി അന്തം വിട്ടോടി. പട്ടി പിടുത്തക്കാരൻ ഇങ്ങെത്തി. അവൻ ആവുന്നത്ര കുരച്ച് ബഹളമുണ്ടാക്കാൻ തുടങ്ങി.

അതാ പട്ടിപിടുത്തക്കാരൻ തന്നെപ്പോലെ തെരുവിലുറങ്ങിയ പട്ടികളെ കൊന്നു തുടങ്ങിയിരിക്കുന്നു. എല്ലുന്തിയ പട്ടികൾ എന്തും വരട്ടെ എന്നു കരുതി പട്ടി പിടുത്തക്കാരനെ നേരിടാൻ തീരുമാനിച്ചു. അവർ എണ്ണത്തിൽ കുറവായിരുന്നു. ദുർബലരായിരുന്നു. എങ്കിലും അവർ പട്ടിപിടുത്തക്കാ രന്റെ ചുറ്റും നിന്നു കുരച്ചു. കടിക്കാനോങ്ങി. പട്ടിപിടുത്തക്കാരൻ വടി കൊണ്ടടിച്ചു. സഹായത്തിനു നിലവിളിച്ച എല്ലുന്തിയ പട്ടികൾ ദൂരെ തടിച്ചുകൊഴുത്ത പട്ടികളുടെ കുര കേട്ടു . അവനാശ്വാസമായി. ഇപ്പോൾ ഞാൻ രക്ഷിക്കപ്പെടും. പക്ഷെ പട്ടിപിടുത്ത ക്കാരന്റെ കുരുക്കിൽ തൂങ്ങിയാടിയിട്ടും തടിച്ചുകൊഴുത്ത പട്ടികളിൽ നിന്നും സഹായമെത്തി യില്ല. മരണത്തിലേക്ക് പോയപ്പോഴാണ് തടിച്ചുകൊഴുത്ത പട്ടികളുടെ കഴുത്തിലെ ബെൽറ്റ് എല്ലുന്തിയ പട്ടി കണ്ടത്. തടിച്ചുകൊഴുത്ത പട്ടികൾ എന്തുകൊണ്ട് തടിച്ചുകൊഴുത്തിരിക്കുന്നതെന്നും എന്തുകൊണ്ടാണ് പട്ടിപിടുത്തക്കാർക്കെതിരെ അവർ ശബ്ദിക്കാത്തതെന്നും എല്ലുന്തിയ പട്ടി തിരിച്ചറിഞ്ഞു. പൊടുന്നനെ അവാച്യമായ ഒരു ശാന്തത അവനെ പൊതി ഞ്ഞു. തന്റെ ഉന്തിയ എല്ലുകളെ ഓർത്ത് അവൻ അഭിമാന പുളകിതനായി. താൻ ഏകനായി പോയതിൽ അവൻ ഊറ്റം കൊണ്ടു. സ്വാതന്ത്ര്യത്തിന്റെ മധുരമോർത്ത് അവൻ മരണത്തിലും പുഞ്ചിരിച്ചു. വിലാപയാത്ര നോക്കി തടിച്ചുകൊഴുത്ത പട്ടികൾ പറഞ്ഞു ഇവന് ഇതിന്റെ ആവശ്യമുണ്ടായി രുന്നോ? യജമാനന്റെ മനസറിഞ്ഞെന്നവണ്ണം പിന്നെ അവർ കൂട്ടിലേക്ക് കയറി. പാദങ്ങളിൽ നാവുകൊണ്ട് ചുംബിച്ചു. പതിവുപോലെ തിന്നാൻ ആരംഭിച്ചു.

പുറത്ത് കാലത്തിന്റെ നിയോഗമെന്ന വിധം അടുത്ത എല്ലുന്തിയ പട്ടി കുരച്ചു തുടങ്ങി.


അനിൽ നാഗൻ
9447269504