"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 5, ശനിയാഴ്‌ച

കുസും മേഘ് വാള്‍ഃ വധഭീഷണിയില്‍ ഒരു പോരാളി വയോവൃദ്ധ


എഴുത്തുകാരിയും ദലിത് വിമോചകപ്രവര്‍ത്തകയുമാണ് ഇപ്പോള്‍ 69 വയസ് കഴിഞ്ഞ കുസും മേഘ് വാള്‍. 'രാജ്പുട്ട് വാരിയര്‍ റാണാ പ്രതാപ്' എന്ന ജാതിഹിന്ദുക്കളുടെ സംഘടന കുസും മേഘ് വാളിന് നേര്‍ക്ക് വധഭീഷണി മുഴക്കിയിരിക്കുകയാണ്. 'മഹാറാണാ പ്രതാപ് ഭീല്‍ രജ്പുത്ര ദി - ക്ഷത്രിയ യ രാജ്പുട്ട് നഹി' എന്ന അവരുടെ പുസ്തകമാണ് ജാതിഹിന്ദുക്കളെ വെറിപിടിപ്പിച്ചിരിക്കുന്നത്. മഹാറാണാ പ്രതാപ് ഭീല്‍ എന്ന ആദിവാസി വിഭാഗത്തില്‍ പെടുന്ന യോദ്ധാവാണെന്നും പിന്നീട് മേവാറിലെ രാജാവായി മാറുകയുണ്ടായതാണ് എന്നും പുസ്തകത്തില്‍ മേഘ് വാള്‍ അവകാശ പ്പെടുന്നു. 

'ഭീല്‍' എന്ന വാക്ക് ധീരന്‍ എന്നും ശക്തിമാന്‍ എന്നും അര്‍ത്ഥമുള്ള സംസ്‌കൃതത്തിലെ 'ഭില്ല' എന്ന വാക്കില്‍ നിന്നും ഉത്ഭവിച്ചതാണെന്ന് മേഘ് വാള്‍ കണ്ടെത്തുന്നു. രാജസ്ഥാ നിലെ മേവാറില്‍ വ്യാപിച്ചിട്ടുള്ള കരുത്തന്മാരുടെ പേരിലറിയപ്പെടുന്ന ഭീല്‍ ജനത ഭില്ലകളുടെ പരമ്പരയില്‍പ്പെട്ടവരുടേതാണ്. 

വധഭീഷണിക്കെതിരെ ഉദയ്പൂരിലെ അംബാര പൊലീസ് സ്റ്റേഷനില്‍ കേസുകൊടു ത്തിരിക്കുകയാണ് കുസും മേഘ് വാള്‍. കര്‍ണി സേനയില്‍പ്പെട്ട ഠാക്കൂര്‍മാര്‍ എന്ന് പരിചയപ്പെടുത്തിക്കൊണ്ട് പലയിടങ്ങളില്‍ നിന്നും ഫോണിലൂടെ തുടരുന്ന വധഭീഷ ണിയുടെ നിഴലിലാണ് കുസും എന്ന് ജഠക റിപ്പോര്‍ട്ട് ചെയ്യുന്നു. 

1948 എപ്രില്‍ 29 ന് രാജസ്ഥാനിലെ ഉദയ്പൂരിലാണ് കുസും ജനിച്ചത്. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിവാഹിതയായി. പിന്നീട് ആര്‍എഎസ് (രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്) ല്‍ പ്രവേശിച്ച ചോട്ട് സദ്രിയിലെ ബി എല്‍ മേഘ് വാളാണ് കുസുംനെ വിവാഹം ചെയ്തത്. പഠിത്തം അതോടെ മുടങ്ങി. 10 വര്‍ഷത്തോളം കാലം ബന്ധുജനങ്ങളുടെ വയലുകളില്‍ വിവിധതരം പണികളെടുത്തു കഴിഞ്ഞു. അതിനിടെ കുസും സ്വന്തമായി പഠിച്ച് ബി എ ബിരുദമെടുത്തു. പിന്നീട് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. 'ഹിന്ദി ഉപന്യാസോന്‍ മേ ദലിത് വര്‍ഗ്' എന്ന വിഷയ ത്തിലാണ് ഗവേണഷം നടത്തിയത്. ഇതിനിടെ എല്‍എല്‍ബി ക്ക് പഠിച്ചുവെങ്കിലും രണ്ടു വര്‍ഷത്തിനുശേഷം അത് മുടങ്ങി. എങ്കിലും പഠനം തുടരുകയാണ്!

പ്രൈമറി സ്‌കൂള്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചുകൊണ്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രാജസ്ഥാനിലെ ചിറ്റോര്‍ഗാര്‍ഹ് ജില്ലയിലെ ബസ്‌നി ഗ്രാമത്തി ലെ ഗവണ്മെന്റ് പ്രൈമറി സ്‌കൂളില്‍ 1973 മുതല്‍ 74 വരെയാണ് കുസും അധ്യാപിക യായിരുന്നത്. ബന്ധുക്കളുടെ എതിര്‍പ്പിനെ വകവെക്കാതെ അധ്യാപികയാകാനുള്ള കുസുമിന്റെ തീരുമാനം അക്കാലത്തെ ഒരു വിപ്ലവം തന്നെയായിരുന്നു. കുറച്ചുകാല ത്തെ അധ്യാപനത്തിനുശേഷം അവിടെനിന്നും വിട്ടുപോന്ന കുസും 1975 - 80 കാലഘട്ട ത്തില്‍ ഉദയ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനത്തും തുടര്‍ന്ന് ബിക്കാനറിലുള്ള അതിന്റെ കേന്ദ്രത്തിലും സ്ഥാപിതമായിരുന്ന ലൈബ്രറികളില്‍ ക്ലര്‍ക്കായും (എല്‍ഡിസി/യുഡിസി) സേവനമനുഷ്ഠിച്ചു. 1980 മുതല്‍ 1990 വരെ ഹിന്ദി ലാംഗ്വേജ് ഓഫീസറായിരുന്നു (രാജസ്ഥാന്‍ അധികാരി). ഇന്ത്യാഗവണ്മെന്റ് സംരംഭമായ ഉദയ്പൂരിലെ ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിന്റെ ഡെപ്യൂട്ടി മാനേജരായും പിന്നീട് മാനേജരായും കുസും സേവനം തുടര്‍ന്നു. കമ്പനിക്ക് ഇന്ത്യയൊട്ടാകെയുണ്ടായിരുന്ന 12 ഖനികളുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും ചുമതല കുസും മേഘ് വാളിനായി രുന്നു.

അംബേഡ്കറിസത്തില്‍ അടിയുറച്ച സാമൂഹിക പരിവര്‍ത്തനപ്രക്രിയയില്‍ മുഴുകി സമരജീവിതം നയിക്കുന്ന കുസും മേഘ് വാളിന്റേതായി ഇതുവരെ 80 ല്‍ ഏറെ പുസ്തകങ്ങളും മറ്റ് ആര്‍ട്ടിക്കിളുകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച നിരവധി കഥകളും ലേഖനങ്ങളും ദേശീയ പ്രസിദ്ധീകരണങ്ങളില്‍ ധാരാളമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അമേരി ക്കയില്‍ നിന്നിറങ്ങുന്ന പ്രമുഖ മാസികയായ 'സാഗെറി'ല്‍ 25 പേജുവരുന്ന ഒരു ലേഖനം പ്രസിദ്ധീകൃതമായി. ഒരെണ്ണം ചിക്കാഗോയില്‍ നിന്നിറങ്ങുന്ന മാസികയിലും പ്രസിദ്ധീകരിക്കപ്പെട്ടു. ഇതുവരെയായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ 50 ല്‍ ഏറെയുണ്ട്. കഴിഞ്ഞ 24 വര്‍ഷമായി ''പരിവര്‍ത്തന്‍ പ്രഭാകര്‍' എന്ന ഒരു ദ്വൈവാരിക പുറത്തിറക്കുന്നുണ്ട്. ഇപ്പോള്‍ ഇത് ഇ - പേപ്പറായി ഓണ്‍ലൈനില്‍ ദിവസം തോറും പ്രസിദ്ധീകരിക്കുന്നുണ്ട്. വനിതകളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന സമ്പൂര്‍ണ ത്രൈമാസിക - 'അസ്മിത'യുടെ പ്രസിദ്ധീകരണവും കുസും മേഘ് വാളിന്റെ സമരപരിപാടികളിലെ പ്രമുഖമായ ഒന്നാണ്.

ഡെല്‍ഹി ദൂരദര്‍ശന്‍ പുസ്തകാവതരണ പരിപാടിയില്‍ കുസും മേഘ് വാളിന്റെ അഭിമുഖങ്ങള്‍ നിരവധി തവണ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ബിക്കനേര്‍, ജയ്പൂര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളിലെ റേഡിയോ നിലയങ്ങളില്‍ നിന്ന് കുസുമിന്റെ ഒട്ടേറെ കഥകളും പ്രക്ഷേപണം ചെയ്തിട്ടുണ്ട്. 'മെയ്ന്‍ ഭി ഏക് ഇന്‍സാന്‍ ഖൂന്‍' (ഞാനും ഒരു മനുഷ്യജീവിയാണ്) എന്നപേരില്‍ 70 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു സിനിമ നിര്‍മിച്ചു. ദലിത് വിമോചനം, സ്ത്രീ അടിമത്വം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ച് മറ്റ് ചില സിനിമകള്‍ കൂടി നിര്‍മിക്കാനുള്ള പദ്ധതികളും കുസും മേഘ് വാളിന്റെ തുടര്‍ന്നുള്ള സമരപരിപാടികളുടെ ഭാഗമായി നിലവിലുണ്ട്.

ഒട്ടേറെ സന്നദ്ധസംഘടനകള്‍ രൂപീകരിക്കുകയും നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തി ക്കുകയും ചെയ്തിട്ടുണ്ട്. മഹിളാ സോവാ സംഘ് (1980), ഹിന്ദുസ്ഥാന്‍ സിങ്ക് എസ് സി / എസ് ടി അസ്സോസിയേഷന്‍ (1984), രാഷ്ട്രീയ ദലിത് മഹാളാ സംഘാടന്‍ (1990), രാജസ്ഥാന്‍ ദലിത് സാഹിത്യ അക്കാദമി (1991), മൂല്‌നിവാസി പ്രകാശന്‍ (1998), ബുദ്ധ, ഫൂലെ, അേെബഡ്കര്‍ വിചാര്‍ പ്രസാരണ്‍ കേന്ദ്ര (1999), രാഷ്ട്രീയ ബൗദ്ധ് മഹാ പരിഷദ് (2008) അഖില്‍ ഭാരതീയ സന്‍വേധനിക് അധികാര്‍ സംരക്ഷണ്‍ (2009) എന്നിവയാണ് പ്രമുഖ സംഘടനകള്‍. 2001 മുതല്‍ 2007 വരെ, ബാംസെഫ് ന്റെ കീഴിലുള്ള രാഷ്ട്രീയ മൂല്‌നിവാസി മഹിളാ സംഘിന്റെ നാഷനല്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അതിലില്ല.

രാഷ്ട്രീയ രംഗത്ത്, 1992 മുതല്‍ 98 വരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1999 മുതല്‍ 2002 വരെ ബിഎസ്പിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1998 ല്‍ ഉദയ്പൂര്‍ ജില്ലയിലെ മാവാലി പൊതുമണ്ഡല ത്തില്‍ നിന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ച് രാജസ്ഥാന്‍ നിയമസഭയില്‍ എംഎല്‍എ ആയി. 1999 ല്‍ ജലോര്‍ - സിറോഹി സംവരണമണ്ഡലത്തില്‍ നിന്നും വിജയിച്ച് പാര്‍ലമെന്റിലെത്തി. 2003 ല്‍ മാവാലി പൊതുമണ്ഡലത്തില്‍ നിന്നും വിജയിച്ച് വീണ്ടും എംഎല്‍എ ആയി. 

സര്‍വീസ് രംഗത്തുള്ള ദലിതരുടെ തടഞ്ഞുവെക്കപ്പെട്ട അവകാശങ്ങള്‍ വിട്ടുകിട്ടു ന്നതിനു വേണ്ടി പോരാടുകയും അതുനേടിക്കൊടുക്കുന്നതിന് അധികാരികളെക്കൊണ്ട് വ്യവസ്ഥകള്‍ പുറപ്പെടുവിക്കാനായതും കുസും മേഘ് വാളിന്റെ നേതൃഗുണംകൊണ്ട് ലഭിച്ച കനത്ത ഒരു സംഭാവനയാണ്. മറ്റൊരു സംരംഭമായി, സ്വന്തം രൂപരേഖയനു സരിച്ച് മൂല്‌നിവാസി മഹല്‍ നിര്‍മിച്ച് സേവനമേഖലയില്‍ സമര്‍പ്പിച്ചു. അതോടൊപ്പം 'യശോധര ബൗദ്ധ് വിഹാര' എന്ന സ്വന്തം വീടും നിര്‍മിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വികലാംഗര്‍ക്കും മൂല്‌നിവാസികള്‍ക്കും എന്നുവേണ്ട പാര്‍ശ്വവത്കരിക്കപ്പെടുന്ന വിഭാഗങ്ങള്‍ ആരെല്ലാമുണ്ടോ അവര്‍ക്കെല്ലാം വിമോചിതരാകാന്‍ വേണ്ട എല്ലാ സഹായങ്ങളും എത്തിച്ചുകൊടുക്കാന്‍ സദാസന്നദ്ധയാണ് കുസും മേഘ് വാള്‍ എന്ന ഈ വയോധിക.

ഒട്ടേറെ ദേശീയവും അന്തര്‍ദേശീയവുമായ ബഹുമതികള്‍ കുസും മേഘ് വാളിനെ തേടിയെത്തിയിട്ടുണ്ട്. അവയില്‍ പ്രമുഖം, ന്യൂഡെല്‍ഹിയില്‍ നിന്നുള്ള ഡോ. അംബേഡ്കര്‍ നാഷനല്‍ അവാര്‍ഡ് (1988), ആന്ധ്രാ പ്രദേശില്‍ നിന്നുള്ള വുമണ്‍ ആക്ടിവിസ്റ്റ് അവാര്‍ഡ്, ഗുജറാത്തില്‍ നിന്നുള്ള ആദര്‍ശ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, മഹാരാഷ്ട്ര ഗവണ്മെന്റിന്റെ ആദര്‍ശ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, മധ്യപ്രദേശ് ഗവണ്മെന്റിന്റെ നാഷണന്‍ ലിറ്ററസി അവാര്‍ഡ്, ന്യൂഡെല്‍ഹിയില്‍ നിന്നുള്ള ഭാരത് എക്‌സലന്‍സി അവാര്‍ഡ് (2009), ഉത്തര്‍ പ്രദേശ് ഗവണ്മെന്റിന്റെ സംഗമിത്ര അവാര്‍ഡ് (2011) എന്നിവയാണ്. 2000 ലെ വേള്‍ഡ് ഹിന്ദി സമ്മാര്‍ - ഹിന്ദി സേവി സഹസ്രാബ്ധി സമ്മാന്‍, 2001 ലെ ഡോ. അംബേഡ്കര്‍ ഇന്റര്‍ നാഷനല്‍ വുമണ്‍ ലിറ്ററേച്ചര്‍ അവാര്‍ഡ് (കാനഡ) എന്നിവ കുസും മേഘ് വാള്‍ നേടിയ അന്താരാഷ്ട്ര അവാര്‍ഡുകളാണ്.

ജാതിഉന്മൂലനത്തിലൂടെ മാത്രമേ ഇന്ത്യന്‍ സമൂഹ്യ സാഹചര്യങ്ങളെ സമൂലപരിവര്‍ത്ത നത്തിന് വിധേയമാക്കാനാവുകയുള്ളൂ എന്നു നിരീക്ഷിച്ച വിശ്വരത്‌ന ബാബാസാബേബ് ഡോ. ബി ആര്‍ അംബേഡ്കറുടെ സമരപാതയില്‍ അടിയുറച്ചു മുന്നേറുമെന്ന് കുസും മേഘ് വാള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.

കുസുമിന്റെ ജീവിതപങ്കാളിയായ ബി എല്‍ മേഘ് വാള്‍ രാജസ്ഥാന്‍ അഡ്മിന്‌സ്‌ട്രേ റ്റീവ് സര്‍വീസില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്നു. മൂത്ത മകന്‍ ഭരത് പ്രകാശ് പിഡബ്ലിയുഡിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറാണ്. രണ്ടാമത്തെ മകന്‍ ആര്‍ പി ശിശോദിയ 1991 ബാച്ചില്‍ ഐഎഎസ് നേടിയയാളാണ്. ഇപ്പോള്‍ ന്യൂഡെല്‍ഹിയില്‍ ഗവണെമന്റ് ഓഫ് ഇന്ത്യയില്‍ എഡ്യൂക്കേഷന്‍ ജോയിന്റെ സെക്രട്ടറിയാണ്. 
-കണ്ണന്‍ മേലോത്ത് 


വിലാസം: മൂല്‌നിവാസി മഹല്‍, യശോധര ബൗദ്ധ് വിഹാര്‍, 344, അംബ മാതാ സ്‌കീം, ടീച്ചേഴ്‌സ് കോളനി, ഉദയ്പൂര്‍ - 313001. രാജസ്ഥാന്‍.

ഫോണ്‍: + 91-0294-2430219, മൊബൈല്‍: + 91-98281-43219 

Source: www.newindianexpress.com PTI 27.4.17
www.bahujantime24x7.blogspot.in