"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 12, ശനിയാഴ്‌ച

ടി മോണിഷ, വി പ്രിയങ്ക, ഇ ശരണ്യ: ജന്മം എന്ന കുറ്റം ചെയ്ത വിളക്കേന്തിയ വനിതകള്‍.


തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലുള്ള കല്ലക്കുറിച്ചിയിലെ എസ് വി എസ് കോളേജ് ഓഫ് യോഗ ആന്റ് നാച്യുറോപ്പതി മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥി കളായിരുന്നു വി പ്രിയങ്ക, ടി മോണിഷ, ഇ ശരണ്യ എന്നീ ദലിത് പെണ്‍കുട്ടികള്‍. 2016 ജനുവരി 23 ന് മൂവരും ഒരുമിച്ച് കോളേജിന് സമീപത്തുള്ള ഒരു കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു.

ചെന്നൈയില്‍ നിന്നും 170 കി മീ അകലെയാണ് എസ് വി എസ് കോളേജ് സ്ഥിതി ചെയ്യുന്നത്. കോളേജില്‍ ചേര്‍ന്ന കാലം മുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിക്കൊടുത്തപ്പോള്‍ മൂവരേയും യാതൊരു നീതികരണവുമില്ലാതെ അധികൃതര്‍ അവഗണിക്കുകയാണുണ്ടായത്. അതേ സമയം കനത്ത ഫീസ് ഇവരില്‍ നിന്ന് ഈടാക്കുകയും, അതിനൊന്നും റസീപ്റ്റ് കൊടുക്കുകയും ചെയ്തിരുന്നില്ല. ചെയര്‍പേഴ്‌സന്‍ വാസുകി സുബ്രഹ്മണ്യനും അവരുടെ മകന്‍ സുഖി വര്‍മയുമാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദികളെന്ന് മൂവരും സംയുക്തമായി എഴുതിയ ആത്മഹത്യാ കുറിച്ചില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഫീസ് അടച്ചിട്ടും 'ഫീസ് അടക്കാത്തതിന്റെ' പേരില്‍ ഈ പെണ്‍കുട്ടികള്‍ പരാമൃഷ്ടരുടെ അടുത്തുനിന്നും കടുത്ത അധിക്ഷേപങ്ങള്‍ക്ക് ഇരയായിരുന്നു. തങ്ങളുടെ രക്ഷിതാക്കള്‍ വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് കണ്ടെത്തിയ പണമാണ് കോളേജില്‍ ഫീസ് ഇനത്തില്‍ അഅടച്ചിരുന്നത്. അതിനും പുറമേ തങ്ങളെക്കൊണ്ട് കോളേജിലെ തൂപ്പുജോലികളും എടുപ്പിക്കുമായിരുന്നു. എന്നാല്‍ ഒരു അധ്യാപകനും ക്ലാസെടുക്കുന്നതിന് തയാറായി വരികയുണ്ടായിട്ടില്ല. കോളേജ് ചെയര്‍മാനായ വാസുകി സുബ്രഹ്മണ്യം തങ്ങളെ 'ക്രിമിനലുകള്‍' എന്നാണ് വിളിച്ചിരുന്നത്. 6 ലക്ഷം രൂപ ഫീസ് അടക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് രണ്ടാം വര്‍ഷം പരീക്ഷ പാസാകാതെയാണ് തങ്ങള്‍ യാത്രയാകുന്നതെന്നും മരണാനന്തരം തങ്ങള്‍ 'ദുര്‍നടത്തക്കാരികളാ'ണെന്ന് വാസുകി പറയുന്നത് വിശ്വസിക്കരുതെന്നും അവര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ തങ്ങളുടെ മരണം ഇടവരുത്തട്ടെ എന്നും ആത്മഹത്യാ കുറിപ്പില്‍ തുറന്നു പറയുന്നു.

തങ്ങളുടെ മക്കളുടെ മരണം ആത്മഹത്യല്ല, കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ആശുപത്രി ഉപരോധിച്ചു. ശരണ്യയുടേയും പ്രിയങ്കയുടേയും മൃതദേഹങ്ങള്‍ പോസ്‌റ്റോമാര്‍ട്ടത്തിന് ശേഷമാണ് രക്ഷിതാക്കള്‍ കാണുന്നത്. അതില്‍ രേഖപ്പെടുത്തിയിട്ടുള്ളത് മരണകാരണം വെള്ളം ഉള്ളില്‍ ചെന്നതാണെന്നും ശരീരത്തിനകത്ത് മുറിവേറ്റിരുന്നില്ല എന്നുമാണ്!

മദ്രാസ് ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് കേസ് ഫയല്‍ ചെയ്തു. അതനുസരിച്ച് ജസ്റ്റിസ് ആര്‍ സുബ്ബയ്യ രണ്ടാമത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് ഉത്തരവിടുകയും, ടി മോണിഷയുടെ അച്ഛന്റെ അഭ്യര്‍ത്ഥന അനുസരിച്ച് രക്ഷിതാക്കള്‍ നിര്‍ദ്ദേശിക്കുന്ന ഒരു ഡോക്ടറുടെ സാന്നിധ്യം ലഭ്യമാക്കാമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു.

പ്രധാനപ്രതി വാസുകി സുബ്രഹ്മണ്യം കോടതിയില്‍ കീഴടങ്ങുകയും ജുഡീഷ്യല്‍ കസ്റ്റഡിയിലാകുകയും ചെയ്തു. അതോടൊപ്പം പ്രസ്തുത കേസുമായി ബന്ധപ്പെട്ട് കൊളേജ് പ്രിസിപ്പാളും മറ്റുരണ്ടുപേരും അറസ്റ്റിലാകുകയും ചെയ്തു. ജനുവരി 24 ന് കോളേജ് അടച്ചുപൂട്ടി സീല്‍ ചെയ്തു.

കൊല്ലപ്പെടുമ്പോള്‍ ടി മോണിഷക്ക് 19 വയസ് ആയിരുന്നു പ്രായം. ചെന്നൈയിലെ എറവന്നൂരുള്ള തമിള്‍ അരശന്റേയും സംഗീതയുടേയും മകളാണ് മോണിഷ. ആരോഗ്യവകുപ്പിലെ കൗണ്‍സീലിംങ് വിഭാഗത്തില്‍ നിന്നും നഴ്‌സിംഗ് പഠനത്തിന് ചേരുന്നതിന് താത്പര്യമുള്ള സ്ഥാപനം നിര്‍ദ്ദേശിക്കുന്നതിനുള്ള അറിയിപ്പ് കിട്ടിയപ്പോള്‍ മോണിഷ, വീടിനടുത്തുള്ള കോളേജ് എന്ന നിലയിലാണ് എസ് വി എസ് യോഗ ആന്റ് നാച്യുറോപ്പതി കോളേജ് തെരഞ്ഞെടുത്തത്. ബാച്ചെലേഴ്‌സ് ഇന്‍ നാച്യുറോപ്പതി ആന്റ് യോഗ സയന്‍സ് എന്ന അഞ്ചുവര്‍ഷ കോഴ്‌സാണ് ഇത്. മകള്‍ മോണിഷ കോളേജില്‍ ചേര്‍ന്നതുമുതല്‍ ദുഃഖിതയും നിരാശാബാധിതയുമായി കണപ്പെട്ടിരുന്നുവെന്ന് അമ്മ സംഗീത ഓര്‍മിക്കുന്നു. മരിക്കുന്നതിന് മുമ്പ് ഒരു വെള്ളിയാഴ്ച ഹോസ്റ്റലില്‍ തിരിച്ചെത്തി എന്ന് മോണിഷ വിളിച്ചറിയിച്ചതാണ് അവസാനത്തെ സംഭാഷണമെന്ന് തമിള്‍ അരശന്‍ വാര്‍ത്താ ലേഖകര്‍ക്ക് വെളിപ്പെടുത്തി. തിരികെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയി. തമിഴ് നാട് ഇലക്ട്രിസിറ്റി ബോര്‍ഡിലെ ജീവനക്കാരനാണ് തമിള്‍ അരശന്‍.

കൊല്ലപ്പെടുമ്പോള്‍ വി പ്രിയങ്കക്ക് 18 വയസായിരുന്നു പ്രായം. തമിഴ് നാട്ടിലെ തിരുവരൂര്‍ സ്വദേശിയാണ്. പ്രിയങ്ക കുട്ടിയായിരുക്കുമ്പോള്‍ അച്ഛന്‍ വെങ്കിടേശ് അന്തരിച്ചു. അമ്മ ജയന്തി വീട്ടുജോലികള്‍ എടുത്താണ് പ്രയങ്കയെ പഠിപ്പിക്കാനുള്ള പണം സ്വരൂപിച്ചത്. മൂത്ത മകള്‍ ദിവ്യ ഭാരതി എഞ്ചിനീയറിംഗിന് പഠിക്കുകയും ചെയ്യുന്നു. മക്കളുടെ പഠനാവശ്യത്തിനുള്ള തുക കണ്ടെത്തുന്നതിന് ഒരു തുണ്ടു ഭൂമിപോലും ഇവര്‍ക്ക് വില്ക്കുവാനായി ഇവര്‍ക്കില്ല! ജയന്തി ഒറ്റക്ക് അടിമപ്പണികള്‍ ചെയ്ത് കഷ്ടപ്പെട്ടു സമ്പാദിച്ച തുക 5 ലക്ഷം രൂപ, ഇതേവരെയായി പ്രിയങ്കയുടെ പഠനത്തിനായി ചെലവിട്ടിരുന്നു. മകള്‍ കൊല്ലപ്പെട്ടത് അറിഞ്ഞ ജയന്തി വില്ലുപുരം മെഡിക്കല്‍ കോളേജിന് മുന്നില്‍ കുഴഞ്ഞുവീണു. കുറ്റവാളികള്‍ക്കെതിരെ നടപടി യെടുക്കാമെന്ന, വില്ലുപുരം എസ് പി നരേന്ദ്രന്‍ നായരുടേയും കളക്ടര്‍ ലക്ഷ്മിയുടേയും ഉറപ്പിന്മേല്‍ ജയന്തിയും മറ്റു രക്ഷിതാക്കളോടൊപ്പം വീണ്ടും പോസ്റ്റമോര്‍ട്ടം നടത്തു ന്നതിന് സമ്മതിച്ചു. കൊല്ലപ്പെടുന്നതിനു മുമ്പ് ഹോസ്റ്റലിലെത്തിയെന്ന മോണി ഷയുടെ ഫോണ്‍ സന്ദേശമാണ് ജയന്തി അവസാനമായി കേള്‍ക്കുന്ന മകളുടെ സ്വരം. 

ഇ ശരണ്യ കൊല്ലപ്പെടുമ്പോള്‍ 18 വയസ് പ്രായമായിരുന്നു. കാഞ്ചീപുരത്തിനടുത്തുള്ള സയ്യാര്‍ സ്വദേശിയാണ്. അച്ഛന്‍ ഏഴിമലൈ കൂലിപ്പണിയെടുത്തും കടമെടുത്തും സംഘടിപ്പിച്ച 4 ലക്ഷം രൂപ ശരണ്യയുടെ വിദ്യാഭ്യാസത്തിനായി ചെലവഴിച്ചിരുന്നു. ഗവണെമന്റ് നിര്‍ദ്ദേശിച്ച ഫീസ് 55,000 ആണെന്നിരിക്കെ ശരണ്യയില്‍ നിന്നും ഒരു ലക്ഷം രൂപ തുടക്കത്തില്‍ത്തന്നെ കോളേജ് അധികൃതര്‍ ഈടാക്കിയിരുന്നു. അതിന് പുറമേ തൊട്ടടുത്തമാസം ഒന്നരലക്ഷം രൂപ വീണ്ടു അടക്കേണ്ടിവന്നു. തുകയില്‍ ഏറിയപങ്കും പഠനാവശ്യത്തിനായല്ല, അധികൃതരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വകകൊള്ളിക്കുകയാണ് ചെയ്തുരുന്നതെന്ന് ശരമ്യയുടെ ബന്ധുക്കളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താലേഖകര്‍ രേഖപ്പെടുത്തുന്നു. 

കക്കൂസ് കഴുകുന്ന ജോലിവരെ ഈ വൈദ്യശാസ്ത്രവിദ്യാര്‍ത്ഥിനികളെക്കൊണ്ട് കോളേജ് അധികൃതര്‍ ചെയ്യിക്കുമായിരുന്നു. എല്ലാം അനുസരിച്ചിട്ടും ഫീസുകള്‍ അധികമായി അടച്ചിട്ടും അധികൃതര്‍ അവര്‍ക്ക് വിദ്യാധനം മാത്രം പകരം പകര്‍ന്നു കൊടുത്തില്ല. 

'കുടിലില്‍ ജനിച്ച് കൊട്ടാരത്തില്‍ എത്തിയ ഒരു ഡോക്ടര്‍' ഞങ്ങളുടെ നാട്ടിലുണ്ടെന്ന് മറ്റിടങ്ങളിലെ പൗരന്മാര്‍ അഭിമാനത്തോടെ പറയുന്നു. അത്തരക്കാരെ കൊട്ടരത്തി ലെത്തിക്കാന്‍ സഹായിച്ചതിലൂടെ അവരുടെ വിജയത്തിന്റെ ഭാഗഭാക്കാകാന്‍ കഴിഞ്ഞതില്‍ അവരൊക്കെയും സ്വകാര്യമായി അഹങ്കരിക്കുകയും ചെയ്യുന്നു. കാരണം അവിടങ്ങളിലൊന്നും ജാതിവ്യവസ്ഥയില്ല. അത് ഇല്ലാത്തതിനാല്‍ത്തന്നെ സഹജീവി കളുടെ വ്യക്തിത്വത്തിന് അംഗീകരാരം നല്‌കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് അവിടത്തെ ഓരോ പൗരനും കരുതുന്നു. മറിച്ച് ഇവിടത്തെ സാഹചര്യത്തില്‍ 'വിദ്യാധനം സര്‍വധനാത് പ്രധാനമാണ്'. അത് വിദ്യാസ്ഥാപനം നടത്തുന്നവരെ സംബന്ധിച്ചുള്ള ശരികള്‍ മാത്രമാണ്. മോണിഷയും പ്രിയങ്കയും ഈശ്വരിയും ധനസമ്പാദനവ്യവസ്ഥയുടെ ക്രൂരമായ വധശിക്ഷക്ക് വിധേയരാകേണ്ടിവത് അവര്‍ ജാതിവ്യവസ്ഥയുടെ ഇരകളായതുകൊണ്ടാണ്. ജന്മം എന്ന തെറ്റുചെയ്ത കുറ്റവാളികള്‍! 
- കണ്ണന്‍ ലോത്ത് 

rtest for Source and Image: decancronicle.com
arjun janardhanan. indianexpress.com. 25.1.16