"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 8, ചൊവ്വാഴ്ച

'സ്വാതന്ത്ര്യ സമര'മെന്ന് ഉദ്‌ഘോഷി പ്പിക്കപ്പെടുന്ന സത്യവിരു ദ്ധമായ ഒരു പ്രക്ഷോഭ ണത്തില്‍ അയിത്ത ജാതിക്കാര്‍ പങ്കെടുക്കാ തിരുന്നതില്‍ അത്ഭുതമില്ല...!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 16. പേജ് 168, 169)

ബ്രിട്ടീഷ് ഗവണ്മെന്റിന്റെ നിര്‍ദ്ദേശങ്ങളെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതെന്തുകൊണ്ട്? എതിര്‍പ്പിനെ നീതിമത്കരിക്കാന്‍ രണ്ടുകാരണങ്ങള്‍ എടുത്തുകാട്ടുന്നു. ബ്രിട്ടീഷ് ഗവണ്മെന്റ് നിര്‍ദ്ദേശിച്ച വ്യവസ്ഥ ഇന്ത്യയുടെ സ്വാതന്ത്ര്യപ്രശ്‌നത്തില്‍ അയിത്ത ജാതിക്കാര്‍ക്ക് നിഷേധാധികാരികത (Vetopower) നല്കുന്നുവത്രെ. ഇത് അസംബന്ധ ജഡിലമായ ഒരു വാദഗതിയാണ് - രണ്ടുകാരണങ്ങളാല്‍. ഒന്നാമതായി ഇന്ത്യയിലെ അയിത്തജാതിക്കാര്‍ സാധ്യതയില്ലാത്ത അവകാശവാദങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. യുക്തിരഹിതമായ അവകാശങ്ങളും ഉന്നയിച്ചിട്ടില്ല. കാര്‍സണ്‍ ഡെസ്മണ്ടിനോടു പറഞ്ഞതുപോലെ അവര്‍ പറയുന്നില്ല: 'നിങ്ങളുടെ നശിച്ച സുരക്ഷകള്‍! നിങ്ങള്‍ ഭരിക്കുന്നത് ഞങ്ങള്‍ക്കിഷ്ടമല്ല.' ഹിന്ദുഭൂരിപക്ഷത്തിന്റെ ഭരണത്തിന്, അതിന്റെ നൈതികത സാമൂഹികേതരവും ജനാധിപത്യേതരവുമാണെന്നിരിക്കിലും, സ്വയം വിധേയരാകാന്‍ അയിത്തജാതിക്കാര്‍ സന്നദ്ധരാണ്. ഒറ്റ ഉപാധിമാത്രം. അവര്‍ക്ക് ന്യായമായ സുരക്ഷ ഭരണഘടനയില്‍ ഉള്‍പ്പെടുത്തണം. അസാധ്യമായ അവകാശങ്ങള്‍ ഉന്നയിച്ചുകൊണ്ട് അയിത്തജാതിക്കാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്മേല്‍ വീറ്റോ പ്രയോഗിക്കുമെന്ന് പറയുന്നത് അപകീര്‍ത്തികരമായ ദുരാരോപണമാണ്. അതിന് നേരിയ നീതിമത്കരണം പോലുമില്ല. ഈ ഭീതിക്ക് അടിസ്ഥാനമുണ്ടെന്ന് സങ്കല്പിക്കുന്ന കോണ്‍ഗ്രസിന് പരിഹാരമാര്‍ഗമില്ലാതെയില്ല. ഹിന്ദുക്കളും അയിത്തജാതിക്കാരും തമ്മില്‍ യോജിപ്പുണ്ടാകുന്നില്ലെങ്കില്‍ തര്‍ക്കപ്രശ്‌നം ഒരു അന്താരാഷ്ട്ര മധ്യസ്ഥസമിതിയുടെ തീര്‍പ്പിന് വിടണമെന്ന് കോണ്‍ഗ്രസിന് പറയാമല്ലോ. കോണ്‍ഗ്രസ് ഈ നിലപാട് സ്വീകരിച്ചാല്‍ ബ്രിട്ടീഷ് ഗവണ്മെന്റിനോ അയിത്തജാതിക്കാര്‍ക്കോ എതിര്‍പ്പുണ്ടാവുകയില്ലെന്ന് എനിക്കുറപ്പുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യമയാ ഒരു ഭരണഘടന നിര്‍മിക്കാന്‍ സത്യസന്ധവും ആത്മാര്‍ത്ഥവുമായ ശ്രമം നടത്തുന്നതിന് പകരം സ്വാതന്ത്ര്യ സമമ്പാദനത്തിനു കോണ്‍ഗ്രസ് സമരം തുടരുന്നത് - അതിന് ഇടക്കിടെ വിശ്രമവും പിന്‍വാങ്ങലുമുണ്ട് - കാണുമ്പോള്‍ അയിത്തജാതിക്കാര്‍ക്ക് എത്താന്‍ കഴിയുന്ന ഏക നിഗമനം ഇതാണ്: കോണ്‍ഗ്രസ് അധികാരക്കൈമാറ്റത്തിന്, അഥവാ മി. ഗാന്ധിയുടെ ശൈലിയില്‍ 'കോണ്‍ഗ്രസിന്റെ കയ്യില്‍ ഭരണത്തിന്റെ താക്കോല്‍ ഏല്‍പ്പിക്കുന്ന'തിന്, അയിത്തജാതിക്കാരുടെ ആവശ്യങ്ങള്‍ക്കു വഴങ്ങാതെ ബ്രിട്ടീഷുകാരുടെ നേര്‍ക്ക് ബലപ്രയോഗഭീഷണി നടത്തുകയാണ്. ചുരുക്കത്തില്‍, കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് അയിത്ത ജാതിക്കാരെ യഥേഷ്ടം കൈകാര്യം ചെയ്യാന്‍ ഹിന്ദുക്കള്‍ക്ക് പൂര്‍ണവും അനിയന്ത്രിത വുമായ സ്വാതന്ത്ര്യമുള്ള ഒരു സ്വതന്ത്ര ഇന്ത്യയാണ്. 'സ്വാതന്ത്ര്യസമര'മെന്ന് ഉത്‌ഘോഷിക്കപ്പെടുന്ന സത്യവിരുദ്ധമായ ഒരു പ്രക്ഷോഭണത്തില്‍ അയിത്ത ജാതിക്കാര്‍ പങ്കെടുക്കാത്തതില്‍ അത്ഭുതമില്ല.