"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 11, വെള്ളിയാഴ്‌ച

രോഹന്‍ കക്കാദെഃ പഠനമികവ് പുലര്‍ത്തിയ കുറ്റത്തിന് വധശിക്ഷ ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിരോഹന്‍ കക്കാദെ കൊല്ലപ്പെട്ടത് പഠനമികവ് പുലര്‍ത്തി എന്ന കുറ്റത്തിനാണ്. അല്ലെങ്കില്‍ ഏത് ദലിത് വിദ്യാര്‍ത്ഥിയാണ് പഠനമികവ് പുലര്‍ത്താത്തത് എന്ന ചോദ്യം യുക്തിയുക്തമാണെങ്കിലും ഇവിടെ അതിന് പ്രസക്തിയില്ല. കാരണം, അവരവരുടെ ജന്മംതന്നെയാണല്ലോ ദലിത് വിദ്യാര്‍ത്ഥികള്‍ ചെയ്യുന്ന കുറ്റവും! അതുകൊണ്ടുതന്നെ കൊലയാളികള്‍ രോഹന്‍ കക്കാദെ എന്ന 19 കാരന്റെ തലയാണ് ആദ്യം അറുത്തു മാറ്റിയത്! തല വീണ്ടും മുളച്ചുവരാതിരിക്കാന്‍ ഉടല്‍ കത്തിച്ചു. പക്ഷെ, രോഹന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കണമെന്ന കാര്യത്തില്‍ മനസ്സലിവുള്ളവരായിരുന്നു കൊലയാളികള്‍. അവര്‍ രോഹന്റെ ചാമ്പലാകാത്ത ജഡം 'ചിതാഭസ്മം' എന്ന നിലക്ക് ജാഥവാദി വെള്ളച്ചാട്ടത്തിലൊഴുക്കി!

'വിദ്യാധനം സര്‍വധനാത് പ്രധാന'മാണ് സവര്‍ണര്‍ക്ക്. എന്നാല്‍ ദലിതുകളെ സംബന്ധിച്ചിടത്തോളം അത് വധശിക്ഷ വാങ്ങിത്തരുന്ന കുറ്റകൃത്യമാണ്!

സത്താര ജില്ലയിലെ ദലിത് വിഭാഗമായ മഹര്‍ ജാതിയില്‍പ്പെട്ട റോഹന്‍, 2009 ഏപ്രില്‍ 30 ന്, മറാത്ത സമുദായക്കാരായ നരാധമന്മാരാല്‍ കൊല്ലപ്പെടുമ്പോള്‍ തന്റെ പത്തൊന്‍പതാം പിറന്നാള്‍ കഴിഞ്ഞ് ഒരു ദിവസമേ പിന്നിട്ടിരുന്നുള്ളൂ. രോഹന്റെ അച്ഛന്‍ സത്യവാനും മറാത്ത സമുദായത്തില്‍പ്പെട്ട നാട്ടുകാരനായ സുനിലിനുമിടയില്‍ മേല്‍ജാതി - കീഴ്ജാതി ഭേദമന്യേ ഒരു സൗഹൃദം രൂപപ്പെട്ടിരുന്നു എന്നു പറയപ്പെടുന്നതില്‍ വാസ്തവമില്ലെന്നുവേണം കരുതാന്‍. സുനിലിന്റെ മകളായ സ്വപ്‌നീല്‍ രോഹന്റെ സഹപാഠിയുമായിരുന്നു. പഠനത്തില്‍ അതിസമര്‍ത്ഥനായ രോഹന്റെ അടുത്തുനിന്നും പഠനവിഷയത്തിലുള്ള സഹായം സ്വപ്‌നീല്‍ തേടുമാ യിരുന്നു. പലപ്പോഴും മൊബൈല്‍ ഫോണിലൂടെയുള്ള സംഭാഷണത്തില്‍ നിന്നുമാണ് സ്വപ്‌നീല്‍ പഠനകാര്യത്തിലുള്ള തന്റെ പോരായ്മകള്‍ പരിഹരിച്ചിരുന്നത്. സ്വപ്‌നീലിന്റെ ഈ സഹായസ്വീകരണത്തെ, രോഹന് അവളോടുള്ള അവിശുദ്ധ കൂട്ടുകെട്ടായി സഹോദരന്‍ അശോക് വിലയിരുത്തി. പിന്നെ അധികനാള്‍ അശോക് കാത്തിരുന്നില്ല, ചങ്ങാതിമാരായ മറ്റ് മറാത്തരേയും കൂട്ടിവന്ന് രോഹനെ വധിച്ചു.

സംഭവദിവസം രോഹന്‍ തന്റെ സഹോദരിയെ ഒരു മെഡിക്കല്‍ ഷോപ്പില്‍ കൊണ്ടുചെന്നാക്കിയശേഷം തരികെ വന്നില്ല. വൈകുന്നേരമായിട്ടും മകനെ കാണാതായപ്പോള്‍ മാതാപിതാക്കള്‍ രോഹനെ തിരക്കിയിറങ്ങി. വഴിയില്‍ വെച്ച് അവര്‍ അശോകിനെ കണ്ടുമുട്ടി. രോഹന്‍ വെള്ളച്ചാട്ടത്തില്‍ നീന്താന്‍ പോകുന്നത് കണ്ടുവെന്ന് അശോക് സത്യവാനെ അറിയിച്ചു. എന്നാല്‍ നീന്തല്‍ തീരെ വശമില്ലാത്ത രോഹന്‍ വെള്ളച്ചാട്ടത്തിലേക്ക് പോയി എന്നറിയിച്ചപ്പോള്‍ സത്യാവാന് സംശയമായി. അയാള്‍ അശോകിനേയും കൂട്ടി ഉടനെ പൊലീസ് സ്റ്റേഷനിലെത്തി. രോഹന്റെ അമ്മ ചന്ദ്രഭാഗയും അവരോടൊപ്പമുണ്ടായിരുന്നു. സ്റ്റേനിലെത്തി യപ്പോള്‍ അശോക് കുറ്റം സമ്മതിച്ചു. ഉടനെ സത്യവാന്‍ മകന്റെ ജഡം കണ്ടെടുക്കുന്നതിനായി വെള്ളച്ചാട്ടത്തിലേക്ക് തിരിച്ചു. ആ രാത്രി മുഴുവന്‍ ചന്ദ്രഭാഗ സ്‌റ്റേഷില്‍ കാത്തിരുന്നു. നേരം വെളുത്തപ്പോള്‍ സത്യവാന്‍ മകന്റെ ജഡവുമായി വീട്ടിലെത്തി.

കേസ് വിചാരണക്കുവന്നപ്പോള്‍ ഇരു വീട്ടുകാര്‍ക്കുമിടയില്‍ സൗഹൃദം നിലനില്‍ക്കു ന്നില്ലെന്നും സുനിലിന്റെ വയലിലെ അടിമപ്പണിക്കാരന്‍ മാത്രമാണ് സത്യവാന്‍ എന്നും മറ്റുമുള്ള വാദം പ്രതിഭാഗത്തുനിന്നും ഉന്നയിക്കപ്പെട്ടു. രോഹന്‍ ഫോണ്‍വിളിച്ച് സ്വപ്‌നീലിനെ ശല്യപ്പെടുത്താറുണ്ടായിരുന്നു എന്ന വാദത്തെ ടെലികോം കമ്പനിയില്‍ നിന്നും സംഘടിപ്പിച്ച രേഖകള്‍ സമര്‍പ്പിച്ച് കൊല്ലപ്പെട്ട രോഹന്റെ ഭാഗത്തുനിന്നും ചെറുത്തു. സ്വപ്‌നീല്‍ രോഹനെയാണ് വിളിക്കാറുള്ളതെന്ന് ആ രേഖകള്‍ വ്യക്തമാക്കുന്നു. 

കൊല്ലപ്പെട്ടത് ദലിതും കൊന്നവര്‍ മറാത്തരുമാണ്. ഇവര്‍ക്കിടയില്‍ സൗഹൃദം സംഭവിക്കില്ല എന്നതാണ് സാമൂഹിക യാഥാര്‍ത്ഥ്യം. സംഭവിക്കുമായിരുന്നെങ്കില്‍ ആ സൗഹൃദം മുന്‍നിര്‍ത്തിയെങ്കിലും അശോകിന് രോഹനെ കൊല്ലാനാകുമായിരുന്നില്ല. ഇനിയിപ്പോള്‍ പ്രിതിഭാഗം വാദിക്കുന്നതുപോലെ രോഹന് എന്തെങ്കിലും ദുരുദ്ദേശം സ്വപ്‌നീലിന്റെ നേര്‍ക്കുണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നെങ്കില്‍ അതു ചൂണ്ടിക്കാട്ടി അവര്‍ക്ക് കേസിന് പോകാമായിരുന്നു. അതിനു നില്ക്കാതെ അവര്‍ പ്രണയിച്ച കുറ്റം ചുമത്തി 'വധശിക്ഷ' നടപ്പാക്കുകയാണ് ചെയ്തത്. ഈ അതിക്രമം ഒരു കുറ്റമല്ലാതാ ക്കാനാണ് ഇപ്പോള്‍ മറാത്തകള്‍ ശ്രമിക്കുന്നത്. ദലിതുകള്‍ക്ക് നീതി ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. 

സംഭവത്തിനുശേഷം രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ രോഹന്റെ അച്ഛന്‍ സത്യവാനും അന്തരിച്ചു. ചന്ദ്രഭാഗ ഒറ്റക്ക് ഇപ്പോഴും നിയമയുദ്ധം തുടരുകയാണ്. Source Courtesy : Shraddha Ghatge, Sudhakar Olwe and Helena Schatzle 
www. Seris.fountainink.in