"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

ദുരൈ ഗുണ: ജന്മം എന്ന കുറ്റം ചെയ്തവരില്‍ മറ്റൊരു പ്രതിഭ


തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ സ്വദേശിയാണ് ദലിത് എഴുത്തു കാരനായ ദുരൈ ഗുണ എന്ന 35 കാരന്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാഹചര്യങ്ങളനുവദിക്കാതിരുന്ന ഈ ദലിത് യുവാവ്, തൃച്ചിയിലെ ഒരു തുണക്കടയില്‍ ജോലിചെയ്തു വരികയാ യിരുന്നു. 32 വയസുള്ളപ്പോണ് 'ഉരര്‍ വരൈന്ത ഓവിയം' (നാട്ടുകാര്‍ വരച്ച ചിത്രം) എന്ന ആദ്യ പുസ്തകമായ നോവെല്ല പ്രസിദ്ധീകരിക്കു ന്നത്. 2014 ജൂലൈ 12 ന് കരമ്പക്കുടിയില്‍ വെച്ചാണ് പുസ്തകം പ്രകാ ശനം ചെയ്യപ്പെട്ടത്. ആഗസ്റ്റ് 5 ന് ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകളെത്തി ദുരൈ ഗുണയോടും വൈഫ് ഗോകിലയോടും ദുരൈ ഗുണയുടെ അച്ഛന്‍ ദുരൈസാമി യോടും ഗ്രാമം വിട്ടുപോകുവാന്‍ ആവശ്യപ്പെട്ടു. ദുരൈ ഗുണയുടെ പുസ്തകം ഉയര്‍ന്ന ജാതിക്കാരായ കല്ലാര്‍മാരെ കോപാകുലരാക്കി യിട്ടുണ്ട്. അതിനാലാണ് ഗ്രാമം വിട്ടുപോകുവാന്‍ ആവശ്യപ്പെട്ടത്. 

ദുരൈ ഗുണയുടെ ഗതകാലസ്മരണകളുടെ ലിഖിതരേഖ മാത്രമാണ് 'ഉരര്‍ വരൈന്ത ഓവിയം' എന്ന പുസ്തകം. മേല്‍ ജാതിക്കാരായ കല്ലാളര്‍ അടിമകളോടെന്നപോലെയാണ് കര്‍ഷകത്തൊഴിലാളി കളായ ദലിതുകളോട് പെരുമാറുന്നത്. അവര്‍ അല്പമെങ്കിലും ദലിതുകളോട് അനുകമ്പകാണിച്ചിരുന്നത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമായിരുന്നു. ദുരൈ ഗുണ നേരിട്ട ഇത്തരം ദുരനുഭവങ്ങളെ, കര്‍ഷകത്തൊഴിലാളിയായ ശങ്കരന്‍ എന്ന ദലിതനെ കേന്ദ്ര കഥാപാത്രമാക്കി ആവിഷ്‌കരിക്കുകയാണ് 40 പേജുകളുള്ള നോവെല്ലയില്‍.

എതിരാളികളുടെ ആവശ്യം അംഗീകരിക്കാതെ വന്നപ്പോള്‍ അവര്‍ ദുരൈ ഗുണയുടെ കുടുംബമുള്‍പ്പെടെ 10 ദലിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തി. പാറമടകളില്‍ ജോലിചെയ്യുന്ന ദിലത രെ പറഞ്ഞുവിട്ടു... അവരുടെ നിലങ്ങളില്‍ ദലിതരുടെ കന്നുകാലി കളെ മേയാന്‍ അനുവദിച്ചില്ല... കടകളില്‍ നിന്ന് നിത്യോപയോഗ സാധനങ്ങള്‍ ദലിതര്‍ക്കു വില്‍ക്കുന്നതിനെ കടയുടമകളെ വില ക്കി...! ഗത്യന്തരമില്ലാതെ ദലിത് ഗ്രാമമൂപ്പന്‍ നേരിട്ടെത്തി, ദുരൈ ഗുണയോടും കുടുംബത്തോടും ഗ്രാമം വിട്ടു പോകാന്‍ ആവശ്യ പ്പെട്ടു. അതനുസരിച്ച് ദുരൈ ഗുണയും കുടുംബവും തത്കാലത്തേ ക്ക് ഗ്രാമം വിട്ടു.

ആഗസ്റ്റ് 7 ന് ഈ അനീതികള്‍ക്കെതിരെ ദുരൈ ഗുണ കരമ്പക്കുടി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. അതിന്മേല്‍ ഒരു നടപടി യും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനെ തുടര്‍ന്ന് ദുരൈ ഗുണ മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സെപ്തംബര്‍ 18 ന് ജഡ്ജ് ടി എസ് ശിവജ്ഞാനം ദുരൈ ഗുണയുടെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്കണമെന്ന് വിധിച്ചു. വിധി പ്രാബല്യത്തി ലുണ്ടെങ്കിലും ജാതിഹിന്ദുക്കളില്‍ നിന്നുള്ള പീഢനങ്ങള്‍ക്ക് ഒരു മാറ്റവും സംഭവിച്ചില്ല! അതിനിടെ ഒക്ടോബര്‍ 22 ന് ജാതിഹിന്ദുക്കള്‍ വീട്ടിലെത്തി അച്ഛന്‍ ദുരൈസാമിയെ ശാരീരികമായി ഉപദ്രവിച്ചു. കോടതിവിധി ചൂണ്ടിക്കാണിച്ചുകൊണ്ട് അച്ഛനെ ആക്രമിച്ചവര്‍ക്കെ തിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പെറ്റീഷന്‍ അന്നു തന്നെ ദുരൈ ഗുണ പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചു. പൊസീലിന്റെ ഭാഗത്തുനിന്നും ആ പരാതിയിന്മേലും നടപടിയുണ്ടായില്ല.

2015 ജനുവരിയില്‍ പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഗ്രാമത്തിലേക്ക് തിരിച്ചുവന്ന ദുരൈ ഗുണയെ ജാതിഹിന്ദുക്കള്‍ ആക്രമിച്ചു. കോടതി വിധി നിലവിലുണ്ടായിരുന്നതുകൊണ്ടാണ് ദുരൈ ഗുണ ഗ്രാമത്തിലേക്ക് തിരികെ വന്നത്. ആഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങുക എന്നുള്ളതായിരുന്നു ഉദ്ദേശ്യം. സിപിഐ(എം) അഗമായിരുന്നു ദുരൈ ഗുണ. ഈ അവഗണനയും അതിക്രമവും നേരിട്ട അസരത്തില്‍ പോലും സ്വന്തം പാര്‍ട്ടിയും ദുരൈ ഗുണയെ സഹായിക്കാന്‍ മുന്നോട്ടുവന്നില്ല. ജില്ലാ ഭരണകൂടവും ചുമതലപ്പെട്ട പൊലീസും ഒരു യുവപ്രതിഭയുടെ ജീവന്‍ ആക്രമിക്കപ്പെടാ തിരി ക്കുന്നതില്‍ നിന്ന് വിട്ടുനിന്നു. ആരില്‍ നിന്നും ഒരു സഹായവും ലഭിക്കാതെ ദുരൈ ഗുണ ഒറ്റപ്പെട്ടു.

2016 ജൂണ്‍ 10 ന് കള്ളക്കേസില്‍ കുടുക്കി ദുരൈ ഗുണയെ കരമ്പ ക്കുടി പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പം അദ്ദേഹത്തിന്റെ സുഹൃത്ത് ഭൂപതി കാര്‍ത്തികേയന്‍ എന്ന 32 കാരനേയും അറസ്റ്റ് ചെയ്തു. ദൊരൈ ഗുണ കരമ്പക്കുടിയിലെ ഫര്‍ണീച്ചര്‍ വ്യാപാരിയായ ശിവാനന്ദത്തിന്റെ കടയില്‍ നിന്നും 47,000 രൂപയുടെ ഫര്‍ണീച്ചര്‍ വാങ്ങിയെന്നും അപ്പോള്‍ അതിന്റെ വിലയായി 40,000 രൂപമാത്രമേ കൊടുത്തിരുന്നുള്ളൂവെന്നും ദുരൈ ഗുണയും ഭൂപതി കാര്‍ത്തികേ യനും ബാക്കി തുക എത്തിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ശിവാനന്ദത്തിന്റെ കടയിലെത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും അതിനിടയില്‍ കത്തിയെടുത്ത് ശിവാനന്ദത്തെ മുറിവേല്പിച്ചുവെന്നും മറ്റമുള്ള പൊലീസ് ഭാഷ്യം 'ദി ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തു. 294 (b) (uttering obsence words), 341 (wrongfull restraint), 323 (voluntarily causing hurt), 324 (voluntarily causing hurt by dangerous weapons) 506 (2) (criminal intimidation) IPC എന്നീ വകുപ്പുകള്‍ ചാര്‍ത്തി ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കോടതി 15 ദിവസത്തേക്ക് ഇരുവരേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അതിരാവിലെ, ദുരൈ ഗുണ ഉറക്കമുണരുന്നതിന് മുമ്പ് വീട്ടിലെ ത്തിയ പൊലീസ് അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വൈഫ് ഗോകിലക്ക് പിടികിട്ടിയില്ല. ഉടനെതന്നെ അവര്‍ പരാതിപ്പെടാന്‍ പൊലീസ് സ്റ്റേനിലെത്തിയെങ്കിലും ദുരൈ ഗുണ ഒരാളെ ആക്രമിച്ചതിന്മേല്‍ അയാള്‍ നല്‍കിയ പരാതിയിന്മേ ലാണ് അറസ്റ്റ് എന്നു പറഞ്ഞ് പൊലീസുകാര്‍ ഗോകിലയുടെ പരാതി രേഖപ്പെടുത്തിയില്ല.

എന്നാല്‍ ജൂണ്‍ 14 ന് ദുരൈ ഗുണക്കും ഭൂപതി കാര്‍ത്തികേയനും എതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ടി ശിവാനന്ദം മനുഷ്യാ വകാശ സംഘടനകള്‍ക്കും ആംനെസ്റ്റി ഇന്റര്‍നാഷനലിനും മുമ്പാകെ വെളിപ്പെടുത്തി. പൊലീസ് തന്നെ പിടിച്ചുകൊണ്ടുപോയി ആശുപത്രിയിലാക്കിയതാണെന്നും ഭയം നിമിത്തം അവര്‍ ആവശ്യപ്പെട്ടപ്പോള്‍ വെറും വെള്ളപ്പേപ്പറില്‍ താന്‍ ഒപ്പിട്ടുകൊടു ക്കാന്‍ നിര്‍ബന്ധിതനായതാണെന്നും ടി ശിവാനന്ദം സത്യവാങ്മൂലം നല്കി. ആംനെസ്റ്റി ഇന്റര്‍ നാഷനലിന്റെ കാമ്പെയ്‌നര്‍ Makepeace Sitlhou ദുരൈ ഗുണയേയും ഭൂപതി കാര്‍ത്തികേയനേയും ഉടനെ പുറത്തു വിടണമെന്നും ടി ശിവസുന്ദരത്തിന് സംരക്ഷണം നല്കണമെന്നും വ്യാജ പരാതി ചമച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അധികാരികളോടാവശ്യപ്പെട്ടു. മദ്രാസ് ആസ്ഥാനമായി പ്രവര്‍ത്തി ക്കുന്ന എന്‍ജിഒ ആയ 'എവിഡന്‍സി'ന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എ കതിര്‍, അറസ്റ്റ് ചെയ്ത് പീഡിപ്പിക്കപ്പെട്ട ഇരുവരും ഗ്രാമത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന തിനോട് അധികാരികളുടെ ഭാഗത്തുനിന്നുമുണ്ടായ പ്രതികാര നടപടിയാണ് നടന്നതെന്നും ആംനെസ്റ്റി ഇന്റര്‍ നാഷനലിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ പുതുക്കോട്ടൈയിലെ പൊലീസ് സൂപ്രണ്ടോ, കരമ്പക്കുടിയിലെ പൊലീസ് സ്റ്റേഷനോ ആംനെസ്റ്റി ഇന്റര്‍ നാഷനലിന്റെ ഫോണ്‍കോളുകള്‍ സ്വീകരിക്കുവാന്‍ തയാറായില്ല.

ജൂണ്‍ 20 ന് ദുരൈ ഗുണയെ പുറത്തുവിട്ടുവെങ്കിലും പുസ്തകമെഴു തിയ കുറ്റവുമായി ബന്ധപ്പെട്ട് ഇപ്പോഴും 8 കേസുകള്‍ പൊലീസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. താന്‍ ആരുടെ അടുത്തുനിന്നും കടം വാങ്ങിയി ട്ടില്ലെന്നും, തന്റെ 'ഇര'കള്‍ ആരെല്ലാമാണെന്ന് ഇന്നേവരെ ഒരറിവും തനിക്കില്ലെന്നും ദുരൈ ഗുണ വെളിപ്പെടുത്തി. 2015 ല്‍ പുതുക്കോട്ടെ പൊലീസ് തന്നെ മറ്റൊരു കേസിലും അറസ്റ്റ് ചെയ്തുവെന്ന് ''The News Minute'' ലേഖികക്കുള്ള അഭിമുഖത്തിലും ദുരൈ ഗുണ വെളിപ്പെടു ത്തി. പൊലീസ് ഇന്‍സ്‌പെക്ടര്‍ സഗായം അന്‍ബരശന് തങ്ങളോട് വ്യക്തിപരമായ എന്തോ വൈരാഗ്യമുള്ളതായി ഗോകിലയും കൂട്ടിച്ചേര്‍ക്കുന്നു. 

ദുരൈ ഗുണ വീണ്ടും വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. അയാള്‍ ദലിതനാണ്. ആ ജന്മം തന്നെയാണ് അയാള്‍ ചെയ്ത കുറ്റവും. അയാള്‍ക്കുമേല്‍ ചാരുന്നതിന് ഇതില്‍പ്പരം മറ്റൊരു കുറ്റം കണ്ടെത്താന്‍ വേണ്ടി അലഞ്ഞ് ആരും തലപുകക്കണമെന്നില്ല. സ്വന്തം നാട്ടുകാര്‍ പോലും ദുരൈഗുണയുടെ സഹായത്തിനില്ല. 'എവിഡന്‍സ്' എന്ന സന്നദ്ധസംഘടന മാത്രമാണ് അയാളെ സഹായിക്കാന്‍ കൂടെയുള്ളത്.
- കണ്ണന്‍ മേലോത്ത് 

Sourec:Phebha Mathew www.thenewsminute.com. 21.6.2016
S Kumareshan. www.newindiaexpress.com 28.10.2014
Ilangovan Rajasekharan www.frontline.in
Akatha Ann John www.timesofindia.indiatimes.com 16.6.2016