"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 9, ബുധനാഴ്‌ച

കോണ്‍ഗ്രസില്‍ ചേര്‍ന്നതു കൊണ്ട് അസ്പൃശ്യര്‍ക്കു ണ്ടായ നഷ്ടങ്ങളില്‍ ഒന്ന്.....!!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 262)

കോണ്‍ഗ്രസില്‍ ചേര്‍ന്നതുകൊണ്ട് അസ്പൃശ്യര്‍ക്കുണ്ടായ മൂന്നാമത്തെ നഷ്ടം സ്വന്തം സമുദായത്തിന് എന്തെങ്കിലും നേട്ടം ഉണ്ടാക്കിക്കൊടുക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. ഇതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം കോണ്‍ഗ്രസ് സമൂലപരിവര്‍ത്ത നത്തിനുവേണ്ടി വാദിക്കുന്ന ഒരു റാഡിക്കല്‍ പാര്‍ട്ടിയല്ല എന്നതാണ്. ഒരു വിപ്ലവ സംഘടന എന്ന പ്രശസ്തി കോണ്‍ഗ്രസിനുണ്ട്. പൂര്‍ണസ്വാതന്ത്ര്യമെന്ന ആശയം, സിവില്‍ നിയമലംഘനപ്രസ്ഥാനം, ഒരിക്കല്‍ കോണ്‍ഗ്രസ് തുടങ്ങിവെച്ച ഭൂനികുതി നല്കല്‍ നിഷേധം എന്നിവയാണ് അതിന് ഈ പ്രശസ്തി നേടിക്കൊടുത്തത്. പക്ഷെ, ഒരു വിപ്ലവപ്പാര്‍ട്ടി അവശ്യം ഒരു റാഡിക്കല്‍ പാര്‍ട്ടി ആയിരിക്കണമെന്നില്ല. ഈ വസ്തുത ഒട്ടുമിക്കവരും മറന്നുപോകുന്നു. വിപ്ലവപ്പാര്‍ട്ടി റാഡിക്കല്‍ പാര്‍ട്ടികൂടിയാണോ എന്നത് വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജവും പ്രേരണയും നല്കുന്ന സാമൂഹികവും വൈകാരിക വുമായ യാഥര്‍ത്ഥ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.