"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 9, ബുധനാഴ്‌ച

സാഗര്‍ ഷെജ്വാള്‍: അംബേഡ്കര്‍ ഗീതം മൊബൈല്‍ റിംഗ്‌ടോണ്‍ ആക്കിയകുറ്റത്തിന് വധശിക്ഷ ഏറ്റുവാങ്ങിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥി...!!!!


വെസ്‌റ്റേണ്‍ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ സ്വദേശിയായിരുന്ന, നഴ്‌സിംഗ് വിദ്യാര്‍ത്ഥി 23 കാരനായ സാഗര്‍ ഷെജ്വാളിനെ ജാതിഹിന്ദുക്കള്‍ ( ഭൂരിഭാഗവും മറാത്തരും പിന്നോക്കക്കാരും) വധശിക്ഷക്ക് വിധേയനാക്കിയത് 2015 മെയ് 16 നാണ്. അംബേഡ്കര്‍ ഗീതം തന്റെ മൊബൈല്‍ ഫോണിലെ റിംഗ് ടോണായി ഉപയോഗിച്ചു എന്നതാണ് സാഗര്‍ ചെയ്ത കുറ്റം. അംബേഡ്കര്‍ നീണാള്‍ വാഴട്ടെ എന്ന് അര്‍ത്ഥമുള്ള 'ലയ് മസ്ബൂധ് ഭീമാ ച കില്ല' എന്ന മറാത്തി ഗാനമായിരുന്നു റിംഗ് ടോണ്‍. 

നാസിക്കിലാണ് സാഗര്‍ ഷെജ്വാള്‍ നഴ്‌സിംഗിന് പഠിച്ചുകൊണ്ടിരുന്നത്. ഷിര്‍ദ്ദിയിലുള്ള ബന്ധുവീട്ടില്‍ മച്ചുനന്റെ കല്യാണത്തിന് പങ്കെടുക്കുന്നതിനായാണ് സാഗര്‍ നാട്ടിലെത്തിയത്. അവിടെവെച്ച് സതീഷ് ഗെയ്ക്വാദ് എന്ന ചങ്ങാതിയെ സാഗര്‍ കണ്ടുമുട്ടി. നഴ്‌സിംഗ് പഠിക്കാന്‍ ചേര്‍ന്നതിന് ശേഷം മാസങ്ങള്‍ കഴിഞ്ഞ് ആദ്യമായി ഇരുവരും തമ്മില്‍ കാണുകയായിരുന്നു. സന്തോഷം പങ്കുവെക്കുന്നതിനായി ഇരുവരും അടുത്തുള്ള മദ്യക്കടയിലെത്തി. ഇവരോടൊപ്പം അവിനാഷ് പാച്ചോര്‍ എന്ന 19 കാരനുമുണ്ടായിരുന്നു.

മൂവരും ചേര്‍ന്ന് മദ്യം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സാഗറിന്റെ ഫോണ്‍ റിംഗ് ചെയ്തു. ഇത് കേട്ടുകൊണ്ട് അടുത്ത ടേബിളില്‍ സംഘമായിരുന്ന് മദ്യപിച്ചുകൊണ്ടിരുന്നവരില്‍ ഒരാള്‍ എഴുന്നേറ്റുവന്ന് സാഗറിനോട് ഫോണ്‍ ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. സാഗര്‍ അതിന് കൂട്ടാക്കാതിരുന്നപ്പോള്‍ അയാള്‍ക്ക് കലികയറി. ഉടനെ സാഗറെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിച്ചുകൊണ്ട് അയാള്‍ അവരുടെ ടേബിളിനടുത്ത് കൊണ്ട്‌ചെന്ന് ഒരു ബിയര്‍കുപ്പിയെടുത്ത് സാഗറിന്റെ തലയിലടിച്ചു. 

ഇത്കണ്ട് ഭയന്ന് അവിനാഷ് പാച്ചോര്‍ അവിടെനിന്നും ഓടിയകന്നു. ഗെയ്ക്വാദാ കട്ടെ സാഗറെ ആക്രമികളില്‍ നിന്നും രക്ഷിക്കാനായി ശ്രമിച്ചു. അതോടെ ഗെയ്ക്വാദിനും കഠിനമായ മര്‍ദ്ദനമേറ്റു. സാഗറെ അടിച്ച് അവശനാക്കിയശേഷം ആക്രമികള്‍ അയാളെ റോഡിലൂടെ വലിച്ചിഴച്ചു....!!!! അതിനുശേഷം സാഗറെ ബൈക്കില്‍ എടുത്തിട്ട്, ആക്രമികള്‍ ടൗണിന് പുറത്ത് എട്ട് കി. മീ അകലെയുള്ള ഒരിടത്തേക്ക് കൊണ്ടുപോയി. അവിടെയിട്ടും സാഗറെ അതിക്രൂരമായി തല്ലിച്ചതച്ചു.....!!!! അതിനുശേഷം നഗ്നനാക്കി റോഡിലൂടെ നടത്തിച്ചു.....!!!! തളര്‍ന്നുവീണ സാഗറിന്റെ ശരീരത്തിലൂടെ ആക്രമികള്‍ പലവട്ടം ബൈക്കുകള്‍ ഓടിച്ചുകയറ്റി രസിച്ചു....!!!!

സാഗറെ കൊലചെയ്ത 7 പേരും പിന്നീട് അറസ്റ്റിലായി. നിയമവിരുദ്ധമായി സംഘംചേരല്‍, കൊലപാതകം, പട്ടികജാതി/വര്‍ഗ അതിക്രമനിരോധനനിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ഇവരിലുള്‍പ്പെട്ട കോട്ടേ, രൂപേഷ് വടേക്കര്‍ എന്നിവര്‍ മുന്‍പും ഇതുപോലെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിന്റെ പേരില്‍ പൊലീസ് കേസ് നിലവിലുള്ളവരാണ്. 

സതീഷ് ഗെയ്ക്വാദിനു പുറമേ ബാറുടമ സന്ദീപ് ഗോര്‍ഭാദെ ഉള്‍പ്പെടെയുള്ളവര്‍ സാഗറിന് അനുകൂലമായി പൊലീസിന് മൊഴികൊടുത്തു. 

സംഭവദിവസം ഉച്ചക്ക് 1.30 നാണ് സാഗര്‍ ആക്രമിക്കപ്പെടുന്നത്. അപ്പോള്‍ത്ത ന്നെ ബാറുടമ വിളിച്ചറിയിച്ചിട്ടും 250 മീറ്റര്‍ മാത്രം അകലെയുള്ള പൊലീസ് സ്റ്റേഷ നില്‍ നിന്നും ആരും തിരിഞ്ഞു നോക്കിയില്ല. ആ സമയം അടിയേറ്റ് അവശനായ സാഗറെ ബാറില്‍ നിന്നും ആക്രമികള്‍ റോഡിലേക്ക് വലിച്ചിഴക്കുകയായിരുന്നു. അന്നേദിവസം - മെയ് 16 ന് ഇന്‍സ്‌പെക്ടര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നതാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞ് 2.30 ആയപ്പോള്‍ പൊലീസ് സംഭവസ്ഥലത്തെത്തി. 

സാഗറിന്റെ കുടുംബക്കാര്‍ വിവാഹവീട്ടിലിരുന്ന് നിരന്തരം സാഗറുമായി ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എടുക്കാതായപ്പോള്‍ വീട്ടുകാര്‍ ആകെ പരിഭ്രാന്തരായി. സതീഷ് ഗെയ്ക്വാദ് വിവരമറിയിച്ചപ്പോള്‍, ഉടനെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷ നിലെത്തി. എ/സി കാര്‍ സംഘടിപ്പിച്ചു തരാമെങ്കില്‍ ഉടനെ അന്വേഷണത്തിനായി പുറപ്പെടാമെന്ന് ഇന്‍സ്‌പെക്ടര്‍ പ്രമോദ് വാഹ് സാഗറിന്റെ അച്ഛനെ അറിയിച്ചു. അച്ഛന്‍ സൂഭാഷ് ഷെജ്വാള്‍ വാടകക്ക് ഒരു എ/സി കാര്‍ സംഘടിപ്പിച്ചുകൊടുത്തു വെങ്കിലും, അവര്‍ അതില്‍ ചുറ്റിടിച്ചതല്ലാതെ സാഗറിനെ കണ്ടെത്താല്‍ താത്പര്യം കാട്ടിയില്ലെന്ന് മൂത്ത സഹോദരി അശ്വിനി വാര്‍ത്താലേഖകര്‍ക്ക് വെളിപ്പെടുത്തു കയുണ്ടായി. സാഗറിന്റെ സുഹൃത്ത് ആക്രമികളില്‍ ഒരാളെ തിരിച്ചറിഞ്ഞതിനാല്‍ അയാള്‍ പറഞ്ഞ വിവരങ്ങള്‍വെച്ച് വീട്ടുകാര്‍ തന്നെയാണ് സാഗറിന്റെ മൃതശരീരം കണ്ടെടുത്തത്. പ്രധാന കുറ്റവാളി മറാത്ത സമുദായത്തില്‍ പെട്ട ആളായതുകൊണ്ടാണ് തങ്ങള്‍ക്ക് നീതിലഭിക്കാത്തതെന്ന് സാഗറിന്റെ അമ്മ അനീറ്റ ഷേജ്വാള്‍ കൂട്ടിച്ചേര്‍ത്തു.

സാഗറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഈ കൊടിയ അതിക്രമത്തിനെതിരായി വന്‍ പ്രക്ഷോഭങ്ങള്‍ തന്നെ അഹമ്മദ്‌നഗറില്‍ പൊട്ടിപ്പുറപ്പെട്ടു. സാമൂഹിക നീതി മന്ത്രാലയം അവരുടെ വെബ് സൈറ്റിലൂടെ മഹാരാഷ്ട്രയിലെ 35 ജില്ലകളില്‍ 26 എണ്ണവും അക്രമബാധിത പ്രദേശമായി പ്രഖ്യാപിച്ചതായി അറിയിച്ചു. 'ദലിത് - ആദിവാസി അധികാര്‍ ആന്ദോളന്‍' എന്ന സംഘടനയുടെ കണ്‍വീനര്‍ അഡ്വ. പ്രിയദര്‍ശി തെലാംഗ്, ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അഹമ്മദാബാദ് ജില്ലയില്‍ വര്‍ദ്ധിച്ചിരിക്കുന്നുവെന്നും ഇതുസംബന്ധിച്ച എല്ലാ കേസുകളും കോടതിയില്‍ മുടങ്ങിക്കിടക്കുകയാണെന്നും പ്രസ്താവിച്ചു. 

സാമൂഹ്യക്ഷേമ വകുപ്പ് സാഗറിന്റെ കുടുംബത്തിന് 1,75,000 രൂപ നഷ്ടപരിഹാരം നല്‍കി! രഹാത്ത ഫാത്ത ദലിത് കോളനിയിലെ ഒരു ഒറ്റമുറിവീട്ടിലാണ് സാഗര്‍ ഷേജ്വാളിന്റെ കുടുംബം കഴിഞ്ഞുകൂടുന്നത്. നിയോബുദ്ധിസ്റ്റുകളായ മഹര്‍ സമുദായ മാണ് ഇവരുടേത്. ആ ഒറ്റമുറി വീട്ടിലെ ചുമരില്‍ ബുദ്ധന്റേയും അംബേഡ്കറുടേയും ചിത്രങ്ങല്‍ക്കൊപ്പം സാഗര്‍ ഷേജ്വാളിന്റെ ഫോട്ടോയും സ്ഥാപിച്ചിട്ടുണ്ട്.
- കണ്ണന്‍ മേലോത്ത് 
 ഭീം ഗീത്
Source Courtesy : Shraddha Ghatge, Sudhakar Olwe and Helena Schatzle 
www. Seris.fountainink.in
Sukanya Shantha, www.scroll.in 22.5.2015