"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 9, ബുധനാഴ്‌ച

നിതിന്‍ രാജു ആഗേ: മിണ്ടി എന്ന കുറ്റത്തിന് ലഭിച്ചത് വധശിക്ഷ!


2014 ഏപ്രില്‍ 28 ന് അഹമ്മദ് നഗര്‍ ജില്ലയിലെ ജംഖേദ് ടൗണിനോട് ചേര്‍ന്നുള്ള ചേരിപ്രദേശമായ ഖദ്രയിലെ ചമാര്‍ വിഭാഗത്തില്‍പ്പെട്ട നിതിന്‍ ആഗേ എന്ന 17 കാരനായ വിദ്യാര്‍ത്ഥിയുടെ മൃതശരീരം ഒരു മരത്തില്‍ തൂങ്ങിയാടുന്നത് കാണപ്പെട്ടു. ഖദ്രയിലുള്ള ഗവണ്മെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് നിതിന്‍ ആഗേ പഠിച്ചിരു ന്നത്. പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്ന നിതില്‍, പ്ലസ് വണ്‍ വര്‍ഷാവസാന പ്പരീക്ഷ എഴുതിയ അന്നുതന്നെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. പഠനത്തോ ടൊപ്പം ഒരു മോട്ടോര്‍ സൈക്കിള്‍ ഗാരേജില്‍ പാര്‍ട്ട് - ടൈം ജോലി കൂടി ചെയ്താണ് നിത്യവൃത്തിക്കുള്ള വക നിതിന്‍ കണ്ടെത്തിയിരുന്നത്.

മരണത്തിന് മുമ്പ് ജാതിഹിന്ദുക്കളായ മൂന്നുപേരുടെ ക്രൂരമായ മര്‍ദ്ദനത്തിന് നിതിന്‍ ഇരയായിരുന്നു. ഒരു ജാതിഹിന്ദു പെണ്‍കുട്ടിയുമായി നിതിന്‍ സംസാരിക്കുന്നത് ആ പെണ്‍കുട്ടിയുടെ സഹോദരന്‍ കാണുവാനിടയായി. ആ പെണ്‍കുട്ടിയോട് നിതിന് പ്രണയമാണെന്ന് ആരോപിച്ച സഹോദരനും, മറ്റുരണ്ട് ജാതിഹിന്ദുക്കളും ചേര്‍ന്നാണ് നിതിനെ മര്‍ദ്ദിച്ചത്. സ്‌കൂളിലെത്തിയ മൂന്ന് ജാതിഹിന്ദുക്കളും നിതിനെ മര്‍ദ്ദിക്കുന്നത് കണ്ടെങ്കിലും അധ്യാപകരോ പ്രിന്‍സിപ്പാളോ അതില്‍ ഇടപെടുകയുണ്ടായില്ല. മര്‍ദ്ദിച്ച് അവശനാക്കിയ നിതിനെ അവര്‍ ഗ്രാമത്തിലൂടെ നഗ്നനാക്കി നടത്തിച്ചു. ഈ അതിക്രമത്തെ തടയാന്‍ ഗ്രാമത്തിലുള്ളവരാരുംതന്നെ മുന്നോട്ടുവരികയുമുണ്ടായില്ല. കാഴ്ചക്കാരായി നിന്ന് ഈ ക്രൂരതയെ ആസ്വദിച്ചവരെല്ലാം മറാത്ത സമുദായക്കാ രായിരുന്നു! പേപ്പട്ടിയെ തല്ലുന്നതുപോലെ തന്റെ മകനെ അവര്‍ തല്ലിക്കൊന്നുവെന്ന് ഉള്ളംതകര്‍ന്ന ഭാഷയില്‍, നിതിന്റെ അച്ഛന്‍ രാജു പത്രലേഖകരോട് കേണു.

അതിഭീകരമായിരുന്നു ഈ സംഭവമെന്നാണ് ദൃക്‌സാക്ഷിവിവരണം! അക്രമികള്‍ ആദ്യം നിതിന്റെ കാലും കയ്യും തല്ലിയാടിച്ചു...!!! അതിനുശേഷം ഉയര്‍ത്തി തറയില ടിച്ചു.....!!!! അബോധാവസ്ഥയില്‍ തറയില്‍ക്കിടക്കുന്ന നിതിന്റെ മീതേകൂടി മൂന്നു ജാതിഹിന്ദുക്കളും കയറിയ മോട്ടോര്‍ സൈക്കിള്‍ പലവട്ടം ഓടിച്ചു കയറ്റി.....!!! ഇഷ്ടികച്ചൂളക്ക് മുകളിലൂടെ വലിച്ചിഴച്ചു....!!!! ചുട്ടുപഴുത്ത ഇരുമ്പുകമ്പി രഹസ്യഭാഗ ങ്ങളില്‍ കുത്തിക്കയറ്റി....!!!! അവസാനം നിതിനെ ഒരു നാരകമരത്തില്‍ കെട്ടിത്തൂക്കി, ആത്മഹത്യയെന്ന് തോന്നിക്കത്തക്കവണ്ണം....!!!! നിതിന്റെ അച്ഛന്‍ രാജു ആഗേ മകന്റെ തൂങ്ങിയാടുന്ന ശരീരം കണ്ടെടുത്ത്, രക്ഷിക്കാനാവുമെന്ന പ്രതീക്ഷയോടെ ജംഖേദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും, അവര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വിടുകയാണ് ചെയ്തത്...!!!!

നിതിനെ ക്രൂരമായി കൊലചെയ്തതിന് ഉത്തരവാദികളായവര്‍ സംഭവത്തില്‍ നിന്ന് തലയൂരുന്നതിനായി കള്ളക്കഥകള്‍ ചമച്ചുകൊണ്ടിരിക്കുകയാണ്. നിതിന്‍ പെണ്‍കുട്ടി യോട് അനാവശ്യമായി സംസാരിച്ചത് ശദ്ധയില്‍ പെട്ടപ്പോള്‍ അയാളെ വിളിച്ച് താക്കീത് ചെയ്യുകമാത്രമേ താന്‍ ചെയ്തുള്ളൂവെന്നും അതിലുണ്ടായ മാനഹാനിഭയന്ന് നിതിന്‍ സ്വയം കെട്ടിത്തൂങ്ങി ആത്മഹത്യചെയ്യുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പൊലീസിന് മൊഴികൊടുത്തു. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ആരും ഇതേക്കുറിച്ച് പ്രതികരിച്ചില്ല. അവരെല്ലാം മറാത്തകളാണ്. അവരാരെങ്കിലും ഒരു ചെറുവിരലനക്കിയെങ്കിലും തങ്ങളുടെ കണ്‍മുന്നില്‍ നടന്ന ക്രൂരതക്കെതിരെ പ്രതികരി ച്ചിരുന്നുവെങ്കില്‍ തന്റെ മകന്‍ ഇത്രക്ക് അതിദാരുണമാംവിധം മരിക്കുകയില്ലായിരുന്നു വെന്ന് രാജു ആഗെ പത്രലേഖകരോട് പറഞ്ഞു.

നിതിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്റ്റഡിയി ലെടുത്തു. 
മൂന്നുവര്‍ഷമായി കേസ് തുടരുകയാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടേക്കാം - കുറ്റവാളികളാണെങ്കില്‍. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതല്ലോ! ഇവിടെ ആരാണ് കുറ്റവാളി? ഒരു ജാതിഹിന്ദു പെണ്‍കുട്ടി യോട് മിണ്ടിയ കുറ്റം ചെയ്ത നിതിന്‍ തന്നെ! മിണ്ടി എന്ന കുറ്റത്തിന് വധശിക്ഷയാണോ പരിഹാരം എന്നതിലെ നൈതികതയും അവിടെ നില്ക്കട്ടെ. നിതിന്‍ ആഗെ പെണ്‍കുട്ടി യോട് മിണ്ടുക എന്ന കുറ്റം ചെയ്തില്ലെങ്കില്‍ പോലും അയാള്‍ കുറ്റവാളിയാണ്..! അയാളുടെ ജന്മം തന്നെയാണ് അയാള്‍ ചെയ്ത ക്രിമിനല്‍ കുറ്റം. അത്തരത്തില്‍ പെട്ട ഒരാള്‍ ഒരു ജാതിഹിന്ദു പെണ്‍കുട്ടിയോട് ചെയ്യുന്ന 'മിണ്ടുക എന്ന കുറ്റം' ഒരു പെറ്റികേസില്‍ ഒതുക്കാവുന്നതല്ല!
 - കണ്ണന്‍ മേലോത്ത് 
Source Courtesy : Shraddha Ghatge, Sudhakar Olwe and Helena Schatzle 
www. Seris.fountainink.in