"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 3, ബുധനാഴ്‌ച

കോറെഗാംവിനെക്കുറിച്ച് അംബേഡ്കര്‍...!



നമ്മള്‍ ശരിയായ യോഗ്യതയുള്ളവരായിരുന്നിട്ടും മറ്റുള്ളവര്‍ നമ്മുടെ അജ്ഞാനത്തെ മുതലെടുത്ത് നമ്മളെ ബഹിഷ്‌കൃതരായി വെച്ചിരിക്കുകയാണ്. ഈ രാജ്യം കയ്യടക്കാന്‍വേണ്ടി യുദ്ധം ചെയ്ത വീരന്മാരില്‍ മിക്കവരും നമ്മുടെ ജാതിക്കാരായിരുന്നു. മഹാര്‍ സൈന്യത്തിന്റെ ബലത്തിലാണ് ഇംഗ്ലീഷുകാര്‍ക്ക് അവരുടെ ഭരണം സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞത്. ആ വിജയത്തിന്റെ ചിഹ്നമായി ഇംഗ്ലീഷുകാര്‍ കോറെഗാംവില്‍ ഒരു വിജയസ്തംഭം പടുത്തുയര്‍ത്തി. നമ്മുടെ ജാതിയിലെ വീരപുരുഷന്മാരുടെ ഓര്‍മ നിലനിര്‍ത്തി. അക്കാലത്തെ നമ്മുടെ പദവി ഇന്നു കാണാന്‍ കഴിയില്ല. മാഹാര്‍മാരുടെ പരാക്രമംമൂലം ഇംഗ്ലീഷുകാര്‍ക്ക് രാജ്യം കിട്ടിയത് വാസ്തവം; പക്ഷെ രാജ്യത്തിലെ മേല്‍ജാതിക്കാരെ സന്തോഷിപ്പിക്കാന്‍വേണ്ടിയും മഹാര്‍മാര്‍ക്ക് രക്ഷകര്‍ ഇല്ലാതിരുന്നതുകൊണ്ടും ഇംഗ്ലീഷുകാര്‍ പട്ടാളത്തിലെ നല്ല പദവികള്‍ മഹാര്‍മാര്‍ക്കും മറ്റ് അസ്പൃശ്യര്‍ക്കും നിരോധിച്ചു. ഇന്നത്തെ സ്ഥിതിയനുസരിച്ച് മഹാറിന്റെ കീഴില്‍ ജോലിചെയ്യാന്‍ വിസമ്മതിക്കുന്നവര്‍ക്ക് മുസല്‍മാന്‍മാരുടെ കീഴില്‍ ജോലിയെടുക്കുന്നതിന് യാതൊരു വിരോധവുമില്ല. ഇതുതന്നെയാണ് പൊലീസിലെ സ്ഥിതിയും. പക്ഷെ, നമ്മുടെ നാലഞ്ചുകൊല്ലത്തെ പ്രവര്‍ത്തനഫലമായി സാഹചര്യത്തില്‍ ചെറിയമാറ്റങ്ങള്‍ കാണുന്നുണ്ട്. പൊലീസ് വിഭാഗത്തില്‍ നമ്മുടെ ജാതിക്കാരായ സഹോദരങ്ങള്‍ക്ക് കുറേയൊക്കെ ആനുകൂല്യങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന് അടുത്തകാലത്തെ സര്‍ക്കാര്‍ പത്രത്തില്‍ നിന്നും മനസ്സിലാക്കാം. നമ്മള്‍ ഇനിമേല്‍ ഇത്രയും ശ്രദ്ധിക്കണം. എന്തെന്നാല്‍, മറ്റ് സമുദായങ്ങളുടെ മേല്‍ നമുക്ക് അധികാരം കിട്ടുകയല്ല വേണ്ടത്, മനുഷ്യത്വം പ്രാപ്തമാക്കുകയാണ്. നമ്മുടെ സാമ്പത്തിക പരിസ്ഥിതി നോക്കിയാല്‍ ഇന്ത്യയിലെ മറ്റു പാവപ്പെട്ടവരേക്കാള്‍ നമ്മള്‍ ദരിദ്രരാണ്. നമുക്ക് ദാരിദ്ര്യം വന്നുചേര്‍ന്നതെങ്ങനെയാണെന്നാലോചിച്ചാല്‍ അസ്പൃശ്യതാ സമ്പ്രദായമാണ് ആ ദുഃഖത്തിന്റെ കാരണമെന്നു കാണാം. നമുക്ക് മനുഷ്യത്വമെന്ന അവകാശം പ്രാപ്തമാവാന്‍ പ്രയോഗിക്കുന്ന ഉപായങ്ങള്‍ എടുത്ത് നമ്മള്‍ ഭയമില്ലാതെ സംഘടനാബലത്തോടുകൂടി ആക്രമിക്കണം. നാസിക് പൂനെ മുതലായ സത്യാഗ്രഹ ങ്ങളുടെ ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടി പ്രക്ഷോഭത്തിനിറങ്ങുക, അത് വിജയിപ്പിക്കാനുള്ള ധൈര്യം സംഭരിക്കുക; ഇതുപോലുള്ള അഭിമാനത്തിന്റേയും അധ്വാനത്തിന്റേയും യുദ്ധത്തില്‍ എല്ലാവരും ചേര്‍ന്നാല്‍ നമ്മുടെ സമരത്തിന് യശസ്സ് സിദ്ധിക്കാന്‍ നീണ്ടകാലം വേണ്ടിവരില്ല.