"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 5, വെള്ളിയാഴ്‌ച

അതെ, കൊറെഗാവില്‍ അസ്പൃശ്യര്‍ ഹിന്ദുക്കള്‍ക്കെതിരെ യുദ്ധം ചെയ്തു...!!!! ആര്‍ക്കാണ് സംശയം...?


1818 നുമുമ്പ് പേഷ്വാ ഭരണത്തിന്‍കീഴില്‍ അസ്പൃശ്യരുടെ സാമൂഹ്യപദവി എന്തായിരുന്നു...? ഡോ. അംബേഡ്കര്‍; 'മറാത്ത രാജ്യത്ത് പേഷ്വാ ഭരണത്തിന്‍കീഴില്‍ അസ്പൃശ്യരെ ഒരു ഹിന്ദു നടന്നുവരുന്ന തെരുവിലൂടെ നടക്കാന്‍ അനുവദിച്ചിരുന്നില്ല. അവന്‍ തന്റെ നിഴലുകൊണ്ടു ഹിന്ദുവിനെ തീണ്ടി അശുദ്ധമാകാതിരിക്കാന്‍ വേണ്ടിയായിരുന്നു ഈ വിലക്ക്. അസ്പൃശ്യര്‍ കൈത്തണ്ടയിലോ കഴുത്തിലോ ഒരു കറുത്ത ചരട് കെട്ടണം. അവന്‍ അസ്പൃശ്യനാണെന്ന് തിരിച്ചറിയാനാണ് ഇത്. അല്ലെങ്കില്‍ ഹിന്ദുക്കള്‍ അബദ്ധത്തില്‍ അവനെ തൊട്ട് അശുദ്ധമായാലോ. പേഷ്വാമാരുടെ തലസ്ഥാനമായ പൂനയില്‍ അസ്പൃശ്യര്‍ അരയില്‍ ഒരു ചൂലുകെട്ടി വേണം നടക്കാന്‍. നടന്നുപോകുമ്പോള്‍ത്തന്നെ തന്റെ കാല്പാടുകള്‍ തൂത്തുവേണം മുന്നേറാന്‍. ഇല്ലെങ്കില്‍ അവന്റെ കാലിലെ പൊടിതട്ടി പിറകേവരുന്ന ഹിന്ദു അശുദ്ധനായാലോ? പൂനയില്‍ അസ്പൃശ്യര്‍ തന്റെ കഴുത്തില്‍ എപ്പോഴും ഒരു കുടം കെട്ടിത്തൂക്കിവേണം നടക്കാന്‍. അവന് തുപ്പാനാണത്. അവന്‍ നിലത്തെങ്ങാനും തുപ്പിയാല്‍ അറിയാതെയെങ്ങാനും ഏതെങ്കിലും ഹിന്ദു ചവിട്ടിപ്പോയാല്‍, ഹിന്ദു അശുദ്ധനാകുമല്ലോ.'