"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 4, വ്യാഴാഴ്‌ച

കൊറെഗാവ്; മഹാറുകളുടെ യുദ്ധവിജയം - ചരിത്രം



ബ്രിട്ടീഷ് സേനയില്‍ ചേര്‍ന്ന അസ്പൃശ്യര്‍ക്ക് പ്രത്യേകിച്ച് ബോംബെ സേനയില്‍ ചേര്‍ന്നവര്‍ക്ക് രാജ്യത്തിനകത്തും പുറത്തും നിരവധി യുദ്ധ രംഗങ്ങളില്‍ ധീരത പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചു. ബ്രിട്ടീഷ് ഓഫീസര്‍മാര്‍ അവരുടെമേല്‍ പ്രശംസ ചൊരിഞ്ഞു.

ബോംബെ ഓഫീസര്‍മാരും ശിപ്പായിമാരും ഏറെ കൂറുപുലര്‍ത്തുന്നവരാണെന്ന് ജനറല്‍ മാല്‍ക്കം ശ്ലാഘിച്ചു. ബോംബെ സേനയില്‍ ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍, ജൂതന്മാര്‍ ക്രിസ്ത്യാനികള്‍ ഇത്യാദി എല്ലാ മതത്തിലും വര്‍ഗത്തിലും പെട്ടവര്‍ ഉണ്ടായിരുന്നു എന്ന വസ്തുത ജനറല്‍ മാല്‍ക്കം 1816 ല്‍ ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറിക്കഴുതിയ കത്തില്‍ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഹിന്ദുക്കളില്‍ രജപുത്രന്മാരെയും മറ്റ് ഉയര്‍ന്ന ജാതിക്കാരേയും അപേക്ഷിച്ച് പര്‍വാറികളുടെ (മഹാറുകളുടെ) എണ്ണം കൂടുതലായിരുന്നു. ഈ പര്‍വാറികള്‍ ബോംബെയുടെ തെക്കന്‍ തീരത്തുനിന്നുള്ളവരായിരുന്നു. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും റേഷന്‍ വളരെ കുറവും രോഗങ്ങള്‍ കൂടുതലും ആയിരുന്നിട്ടും ബോംബെ സേനയിലെ ഈ മഹാര്‍ ശിപ്പായിമാര്‍ കഠിനമായ പടനീക്കങ്ങളുടെ കടുത്ത യാതനകള്‍ സഹിക്കുകയും അതിന്റെ പേരില്‍ ഏറെ പുകഴ്ത്തപ്പെടുകയും ചെയ്തിട്ടുണ്ട്. എതിരാളികള്‍ക്കുനേകെ കുതിക്കുമ്പോഴും ശത്രുക്കളാല്‍ ചുറ്റപ്പെടുമ്പോഴും സ്വന്തം ആപ്പീസര്‍മാര്‍ക്കും സഖാക്കള്‍ക്കുമൊപ്പം അവര്‍ ഉറച്ചുനിന്നു. അവര്‍ ഒരിക്കലും തങ്ങളുടെ റെജിമെന്റിന്റെ പേരിന് കളങ്കം വരുത്തിയില്ല. 1818 ലെ പുതുവര്‍ഷദിന ത്തില്‍ ഭീമാനദിക്കരയിലെ കൊറെഗാവില്‍ ചുട്ടുവിണ്ട പോര്‍ക്കളത്തില്‍വെച്ച് മഹാറുകള്‍ ഐതിഹാസികമായി പോരാടി, ചരിത്രത്തില്‍ ഇടംതേടി. ബോംബെ നേറ്റീവ് കാലാള്‍പ്പടയിലെ ഒന്നാം റെജിമെന്റിലെ രണ്ടാം ബെറ്റാലിയനില്‍ ആകെയുണ്ടായിരുന്നത് 500 പേര്‍; കൂട്ടിന് പൂന ഇറെഗുലര്‍ അശ്വസേനയിലെ 250 പേര്‍; മദിരാശി ആര്‍ട്ടിലറിയിലെ 24 യൂറോപ്യന്‍ ഗണ്ണര്‍മാര്‍; രണ്ട് ആറു പൗണ്ടര്‍ ഗണ്ണുകള്‍. ക്യാപ്റ്റന്‍ എഫ് എഫ് സ്റ്റോന്റണായിരുന്നു നേതാവ്. വിശ്രമമില്ലാതെ ഇളവില്ലാതെ, ഭക്ഷണമോ വെള്ളമോ ഇല്ലാതെ, തുടര്‍ച്ചയായ 12 മണിക്കൂര്‍ 
ആ ചെറുകൂട്ടം കാര്‍ക്കിയിലും പൂനയിലുമുള്ള ബ്രിട്ടീഷ് പാളയങ്ങള്‍ക്കുനേരെ ഭീഷണി ഉയര്‍ത്തിയ പേഷ്വ ബാജിറാവു രണ്ടാമന്റെ 20,000 അശ്വസേനാനികള്‍ക്കും 8000 കാലാള്‍ സേനാനികള്‍ക്കും എതിരേ പോരാടി.