"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജൂൺ 6, ബുധനാഴ്‌ച

ചോരക്കറ - വി കെ നാരായണന്‍


സ്വന്തം കവിതകളില്‍ ചിലതിന്റെ സമാഹാരമായൊരു പുസ്തകം (എന്‍.ബി.എസ്.) പ്രസിദ്ധീകരിച്ചത് 1981 ല്‍ ആണ്. 'കറ' എന്ന് അതിനു പേരിട്ടു. 'ഒരു കാവ്യഗ്രന്ഥത്തിന് ഇങ്ങനെയൊരു പേര്!' -ചിലര്‍ നെറ്റിചുളിച്ചു. എന്നാല്‍ 'മുറിവില്‍ നിന്നും വാര്‍ന്ന ചോരപ്പാടുകള്‍ തീര്‍ത്ത കറ' ആണ് അത് എന്ന് വായനക്കാര്‍ അറിയുന്നു. അടിയന്തരാവസ്ഥക്കാലത്ത് (1975) അതിനകത്തു നിന്ന അനുഭവത്തില്‍ എഴുതിയതും പലേടത്തും അവതരിപ്പിച്ചതും ആണ് ആ പേരിലുള്ള ഒറ്റക്കവിത. ഇതുള്‍പ്പെടെ ആകെ ഇരുപത്തഞ്ചു കവിതകളാണ് പ്രസ്തുത കൃതിയിലുള്ളത്. നവീനകാവ്യഭാവുക ത്വത്തിന് ചാലനി ആയ 'സമീക്ഷ', 'യുവരശ്മി', 'കേരളകവിത' മുതലായ പ്രസിദ്ധീകരണങ്ങളില്‍ പ്രകാശിതമായതാണ് അവയിലെ പലതും. 

നാഷനല്‍ ബുക്ക് ട്രസ്റ്റിന്റെ (എന്‍.ബി.ടി.) ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹി പ്രഗതി മൈതാന മന്ദിരസമുച്ചയത്തില്‍ നടത്തപ്പെട്ട അഞ്ചാമതു ലോക പുസ്തകമേളയില്‍ (1985) പ്രത്യേകമായി ദേശീയ വിഭാഗം എന്‍.ബി.ടി. സജ്ജമാക്കി. അതില്‍ മലയാളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൃതികളില്‍, കവിതാശാഖയിലെ 22 കൃതികളില്‍, 'കറ'യും ഉള്‍പ്പെട്ടിരുന്നു. അങ്ങനെ ദേശീയ കാറ്റലോഗില്‍ ഇതിന് സ്ഥാനം ലഭിക്കുകയുണ്ടായി.

'കരുത്തിന്റെ കവിതകള്‍' എന്നാണ് ഈ കവിതകളെ ഡോ.ഡി. ബഞ്ചമിന്‍ വിശേഷിപ്പിച്ചിട്ടുള്ളത് (അവതാരിക). ഈ കൃതിയെ നിരൂപണ-പഠനങ്ങള്‍ക്കു വിധേയമാക്കി ക്കൊണ്ട് ശ്രീ കെ.കെ. മാധവന്‍ (മുന്‍ 'വീക്ഷണം' പത്രാധിപര്‍, രാജ്യസഭാംഗം) എഴുതി: “ചിരവികസ്വരമായ സമൂഹത്തെ ലക്ഷ്യമാക്കുന്ന ഏതൊരാളും ശ്രീ വി.കെ. നാരായണന്റെ കവിതകളില്‍ മുഴങ്ങിക്കേള്‍ക്കുന്ന, വികാരോഷ്മളതയാര്‍ന്ന, ശബ്ദത്തെ ഏറ്റു പാടുക തന്നെ ചെയ്യും.” ('നവസന്നാഹം' - പാക്ഷികം, ഒക്.85) 'കറ'യില്‍ നിന്ന് ഏതാനും കവിതകള്‍ ഈ ഖണ്ഡത്തില്‍ ചേര്‍ക്കുന്നു. - വി കെ നാരായണന്‍