"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 5, വെള്ളിയാഴ്‌ച

കാറെഗാവ്: യുദ്ധവിജയത്തിന്റെ യഥാര്‍ത്ഥ ചിത്രംപൂന കോട്ട സംരക്ഷിക്കാനായി നാഗൂരില്‍ നിന്ന് ഡിസംബര്‍ 31 ന് പാഞ്ഞെത്തി യതാണ് ക്യാപ്റ്റന്‍ സ്റ്റോന്റണിന്റെ സേന. രാത്രിമുഴുവന്‍ ഉറക്കമിളച്ച് 27 നാഴികയിലേറെ താണ്ടി 1818 ജനുവരി 1 പുലര്‍ച്ചെയാണ് സേന കൊറെഗാവില്‍ എത്തിയത്. പ്രസിദ്ധമായ മറാത്ത അശ്വസേനയാണ് അവര്‍ക്കവിടെ ഭീഷണണായ എതിര്‍പ്പ് ഒരുക്കിയിരുന്നത്. വേണ്ടവിധം പ്രതിരോധവിന്യാസം നടത്താന്‍പോലും ക്യാപ്റ്റന്‍ സ്റ്റോന്റണ് സമയം കിട്ടിയില്ല; അതിനുമുമ്പ് 600 പേര്‍ വീതമുള്ള മൂന്ന് പെഷ്വ കാലാള്‍ ദളങ്ങള്‍ മൂന്നു ദിശകളില്‍ നിന്നായി അവര്‍ക്കുനേരെ പാഞ്ഞടുത്തു. പെഷ്വ സൈന്യത്തിന് പിന്‍ബലമായി രണ്ട് ഗണ്ണുകള്‍ ഉണ്ടായിരുന്നു. അത് മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ എതിരാളികളെ മുന്നേറുന്നതില്‍നിന്ന് മുന്‍കൂട്ടി തടയാന്‍ പാകത്തില്‍ റോക്കറ്റുകള്‍ ഇടതടവില്ലാതെ വിക്ഷേപിക്കപ്പെട്ടുകൊണ്ടിരുന്നു. പൂന റെഗുലര്‍ അശ്വസേന ധീരമായ ശ്രമം നടത്തി. പക്ഷെ പ്രയോജനമുണ്ടായില്ല. മറാത്ത അശ്വസേനയും കാലാള്‍പ്പടയും കൊറെഗാവിലെ മൊത്തം ബ്രീട്ടീഷ് സേനയേയും വളഞ്ഞു. നദിയിലേക്കുള്ള എല്ലാ വഴികളും അടക്കപ്പെട്ടു. ആക്രമണകാരികള്‍ സര്‍വശക്തിയോടെയും മുന്നോട്ടുകുതിച്ചു. അവര്‍ ഗ്രാമഹൃദയത്തിലേക്ക് ഇരച്ചുകയറി തന്ത്രപ്രധാനമായ ചില സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചു. അവരെ അവിടെനിന്ന് ഇളക്കുക പ്രയാസമായിരുന്നു. ഓരോ കുടിലിനും വീടിനും തെരുവിനും വേണ്ടി നേര്‍ക്കുനേര്‍ പോരാട്ടം നടന്നു. ബ്രിട്ടീഷ് സേനക്കു കനത്ത നഷ്ടമുണ്ടായി. പക്ഷെ അവര്‍ കീഴടങ്ങിയില്ല. ഇന്ത്യന്‍ ശിപായിമാര്‍ - അവരില്‍ പലരും മഹാറുകളായിരുന്നു - ഉജ്വലമായ ധീരതയും ഉറപ്പുമാണ് ആ സന്ദര്‍ഭത്തില്‍ പ്രകടിപ്പിച്ചത്. അവസാനത്തെ ആള്‍ വീഴുംവരെ, അവസാനത്തെ വെടിയുണ്ട തീരുംവരെ, പോരാടുക - ഇതായിരുന്നു ക്യാപ്റ്റന്‍ സ്റ്റോന്റണിന്റെ ആജ്ഞ. മഹാറുകള്‍ അസാമാന്യമായ മനക്കരുത്തു പ്രകടിപ്പിച്ചു. ജയിക്കാന്‍ യാതൊരു സാധ്യതയും ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെ അവര്‍ പോരാട്ടം തുടര്‍ന്നു. സൂര്യാസ്തമനത്തോടെ ബ്രിട്ടീഷുകാരുടെ നില തന്നെ പരുങ്ങലി ലായി. ജനറല്‍ ഗോഖലെ എന്ന കഴിവുറ്റ നേതാവിനു കീഴില്‍ മറാത്ത സേന ബ്രിട്ടീഷുകാര്‍ക്കു നേരെ എല്ലാ വശങ്ങളില്‍ നിന്നും ആധിപത്യം പുലര്‍ത്തി. രാത്രിയായത് ബ്രിട്ടീഷുകാരുടെ ഭാഗ്യം. മറാത്ത സേനയുടെ ആക്രമണത്തിന്റെ ഉശിര് തെല്ലൊന്നു കുറഞ്ഞു. അപ്പോഴാണ് യുദ്ധത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന വിപര്യയങ്ങളിലൊന്ന് ഉണ്ടായതും സംഭവഗതിയാകെ മാറിമറിഞ്ഞതും. ഒന്‍പതു മണിയോടെ പെഷ്വ സൈന്യം വെടിനിര്‍ത്തി. വിജയം കയ്യെത്തും ദൂരത്ത് ഉള്ളപ്പോള്‍ എന്തുകൊണ്ട് അവര്‍ കൊറെഗാവില്‍ നിന്ന് പിന്‍വാങ്ങിയെന്നത് ഇപ്പോഴും ഒരു പ്രഹേളികയായി തുടരുന്നു. മദിരാശി ആര്‍ട്ടിലറിയിലെ 12 പേരും ബോംബെ നേറ്റീവ് കാലാള്‍പ്പടയുടെ 2/1 റെജിമെന്റിലെ 50 പേരും 3 ബ്രിട്ടീഷ് ഓഫീസര്‍മാരും പോരില്‍ കൊല്ലപ്പെട്ടു. 113 പടയാളികള്‍ക്കും 2 ബ്രിട്ടീഷ് ഓഫീസര്‍മാര്‍ക്കും പരുക്കേറ്റു. ബോംബെ നേറ്റീവ് കാലാള്‍പ്പടയുടെ 2/1 റെജിമെന്റിലെ മരിച്ചവരില്‍ 22 പേരും മഹാറുകളോ പര്‍വാറികളോ ആയിരുന്നു. (നക് എന്ന ആയിരങ്ങളില്‍ അവസാനിക്കുന്ന പേരുകള്‍കൊണ്ടാണ് അവര്‍ അങ്ങനെ തരിച്ചറിയപ്പെട്ടത്) ഇന്ത്യന്‍ സേനാനികളില്‍ പലരും മഹാറുകളായിരുന്നു. 16 പേര്‍ മറാത്തകളും 8 പേര്‍ രജപുത്രന്മാരും 2 പേര്‍ മുസ്ലീങ്ങളും ഒന്നോ രണ്ടോപേര്‍ ഒരുപക്ഷെ ഇന്ത്യന്‍ ജൂതന്മാരും ആയിരുന്നു.

വീരശൂരത്വവും അങ്ങേയറ്റത്തെ നിശ്ചയദാര്‍ഢ്യവും പ്രകടമാക്കിയ കൊറെഗാവ് പോരാട്ടത്തില്‍ അച്ചടക്കത്തോടുകൂടിയ സാഹസികതയും അര്‍പ്പണബുദ്ധിയോടുകൂടിയ ധീരതയും ആദരണീയമായ നിരന്തരത്വവും മൂലം മഹാര്‍ സൈനികര്‍ അനശ്വരമായ കീര്‍ത്തിനേടി.


https://www.facebook.com/idaneram/posts/390998554674525