"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 5, വെള്ളിയാഴ്‌ച

കൊറെഗാവ് യുദ്ധത്തിനുശേഷം മഹാറുകള്‍ എന്തുചെയ്തു..?



മഹാറുകള്‍ തുടര്‍ന്നും ബോംബെ സേനയുടെ പോരാട്ടങ്ങളില്‍ പങ്കെടുത്ത് അവരുടെ അദമ്യമായ ധീരതയും അചഞ്ചലമായ അര്‍പ്പണബോധവും പ്രകടിപ്പിച്ചുപോന്നു. കത്തിയവാര്‍ (1826), മുള്‍ട്ടാന്‍, ഗുജറാത്ത് (1849), കാഞ്ചഹാര്‍ (1880) എന്നിവിടങ്ങളിലെ പോരാട്ടങ്ങളില്‍ അവര്‍ കാട്ടിയ ധീരത അവിസ്മരണീയമാണ്. ഒന്നാമത്തേയും രണ്ടാമത്തേയും അഫ്ഘാന്‍യുദ്ധം, മീയാനിയിലെ പോരാട്ടം (1843), പേര്‍ഷ്യന്‍ യുദ്ധം (1856-57) എന്നിവയിലും ബോംബെ സേന പങ്കെടുത്തു. അതിലെ പട്ടാളക്കാര്‍ ചൈന (1860), ആദെന്‍ (1865), അബിസീനിയ (1867) എന്നിവിടങ്ങളിലേക്കും പോയി. തന്റെ നേതൃത്വത്തില്‍ സിന്ധ് കീഴടക്കിയപ്പോള്‍ മഗ്ദലയിലെ ജനറല്‍ ചാള്‍സ് നാപ്പിയര്‍ 25 ആം ബോംബെ നേറ്റീവ് കാലാള്‍പ്പട നല്കിയ ഗണ്യമായ സംഭാവനകളെ ഒരിക്കലും മറക്കാതെ ഇങ്ങനെ പുകഴ്ത്തി: ബോംബെ സേനയെയാണ് എനിക്ക് ഏറ്റവും പ്രിയം. അതിലെ ശിപ്പായിമാരെക്കുറിച്ച് ആരാധനയോടെയല്ലാതെ എനിക്ക് ഒരിക്കലും ഓര്‍ക്കാനാവില്ല. ബോംബെ സേനയിലെ മഹാറുകള്‍ അടുത്തും അകലെയുമുള്ള നിരവധിപോര്‍ക്കളങ്ങളില്‍ തങ്ങളുടെ ധീരതയുടെ മുദ്ര പതിപ്പിക്കുകയായിരുന്നു. രണ്ടാം അഫ്ഗാന്‍ യുദ്ധത്തില്‍ (1878-1895) അനിതരസാധാരണമായ ധീരതപ്രകടിപ്പിച്ച ഒരു മഹാര്‍ പടയാളി പരാക്രമം, ദാര്‍ഢ്യം, നിര്‍ഭയത്വം എന്നിവകൊണ്ട് കൊറെഗാവിലെ മഹാറുകളെ അനുസ്മരിപ്പിച്ചു. ബോംബെയിലെ വോഡ്ബി റോഡിലുള്ള ഒരു ഫലകത്തില്‍ ശിപ്പായി സോനക് തന്നക് തന്റെ ഉന്നതമായ വീര്യത്തിന്റെ തെളിവ് അവശേഷിപ്പിച്ചിട്ടുണ്ട്. ആലേഖനത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു; ഈ റോഡ് മേജര്‍ സിഡ്‌നി ജെയിംസ് വോഡ്‌സിയുടെ സ്മരണാര്‍ത്ഥം നാമകരണംചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹം 19 ആം ബോംബെ കാലാള്‍പ്പടയിലെ പടയാളി ഇലാഹി ബക്‌സ്, സേനക് തന്നക് എന്നിവരും ചേര്‍ന്ന് അഫ്ഗാനിസ്ഥാനിലെ ദബ്രായ് താവളത്തില്‍ വലിയൊരു ആക്രമണം ആസന്നമാണ് എന്നറിഞ്ഞിട്ടും 300 ശത്രുസേനാനികള്‍ക്കെതിരെ മൂന്നുമണിക്കൂര്‍ ധീരമായി ചെറുത്തുനിന്നു. ശത്രുക്കളില്‍ പലരെയും അവര്‍ കൊന്നു. അവസാനം വെടിക്കോപ്പുകളെല്ലാം തീര്‍ന്നപ്പോള്‍ അവര്‍ ശത്രുമധ്യത്തിലേക്ക് ഓടിച്ചെന്ന് പോരാടിമരിച്ചുവീഴുകയായിരുന്നു. റെജിമെന്റ് അവരുടെ ധീരതക്ക് ആദരാഞ്ജലിയായി ഈ ഫലകം ഇവിടെ സ്ഥാപിക്കുന്നു.